ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.പി.എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയുടെ നാമനിര്‍ദേശപത്രിക റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ചു. പ്രണബ് മുഖര്‍ജി ലാഭകരമായ പദവി (ഓഫിസ് ഓഫ് പ്രോഫിറ്റ്) വഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് എതിര്‍സ്ഥാനാര്‍ത്ഥി പി.എ. സാംഗ്മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രണബ് നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫിസര്‍ വി.കെ. അഗ്നിഹോത്രി പത്രിക അംഗീകരിച്ചത്.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഎസ്ഐ) ചെയര്മാന് പദവി 2004 മുതല്‍ പ്രണബ് വഹിച്ചിരുന്നു. ഇതു ലാഭകരമായ പദവിയായതിനാല്‍ അദ്ദേഹത്തിന്റെ പത്രിക തള്ളണമെന്ന് സാംഗ്മയ്ക്ക് വേണ്ടി അഭിഭാഷകന് സത്പാല്‍ ജെയിന്, റിട്ടേണിംഗ് ഓഫിസര്‍ മുന്‍പാകെ വാദിച്ചു. ഇതിനു മുന്നോടിയായി രേഖാമൂലം പരാതിയും നല്‍കിയിരുന്നു. എന്നാല്‍, ചെയര്മാന് പദവി നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് ഒരാഴ്ച മുന്‍പേ, കഴിഞ്ഞ മാസം 20നു തന്നെ രാജിവച്ചുവെന്ന് പ്രണബ് വിശദീകരണം നല്‍കിയതോടെയാണ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചത്.
പ്രണബ് നേരത്തെ രാജിവച്ചതാണെന്ന് ഐഎസ്ഐയും വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഐഎസ്ഐ. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളിലോ, അവയ്ക്കു നിയന്ത്രണമുള്ള സ്ഥാപനങ്ങളിലോ ലാഭകരമായ പദവി വഹിക്കുന്നവര്‍ രാഷ്ട്രപതി സ്ഥാനത്തേക്കു മല്‍സരിക്കാന്‍ യോഗ്യരല്ലെന്നാണു ഭരണഘടനയുടെ 58-ാം വകുപ്പില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: