ന്യൂയോര്‍ക്ക്: രാജ്യത്തെ ഹഖാനി ശൃംഖലയുമായുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ പാക് സര്‍ക്കാര്‍ തയ്യാറാകാത്തതിലും അഫ്ഗാന് താലിബാനെ ഉന്മൂലനം ചെയ്യുന്നതിന് അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സഹായം സ്വീകരിക്കുന്ന കാര്യത്തിലും പാക്കിസ്ഥാന് ഇരട്ടത്താപ്പ് നയമാണെന്ന് അമേരിക്കയിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിനെതിരെ പാക്കിസ്ഥാനിലെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഒബാമ ഭരണകൂടം മുന്നോട്ടുവച്ച പദ്ധതികള്‍ പാക് സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയലില്‍ പറയുന്നു.
അടുത്തയിടെ അതിര്‍ത്തിയില്‍ നടന്ന താലിബാന് ഭീകരരുടെ ആക്രമണങ്ങളില്‍ രണ്ട് പാക്കിസ്ഥാനി ഭടന്മാര് കൊല്ലപ്പെട്ടത് പ്രാധാന്യത്തോടെ എടുക്കേണ്ടതാണ്. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പൊതുവായ ഒരു കാരണമാവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നും യാതൊരു നിലപാടുമില്ല. അഫ്ഗാന് ആസ്ഥാനമായ ഭീകരവാദ സംഘടനകള്‍ പാക്കിസ്ഥാന് തന്നെയാണ് ഭീഷണി. ആയിരക്കണക്കിന് പാക്കിസ്ഥാനി ഭടന്മാരും സാധാരണ പൗരന്മാരുമാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും പത്രം പറയുന്നു.
ഹഖാനി ശൃംഖലയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന് തയ്യാറല്ല. രാജ്യത്തിന്റെ നിലനില്‍പ്പിന് അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വലിയ ഭീഷണിയാണ് ഇതെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാന് വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ പങ്കാളിത്തം വഹിക്കാനും ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും യുദ്ധബാധിത രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. 2001 നു ശേഷം പാക്കിസ്ഥാന് വികസിക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായിരുന്നു. അമേരിക്കയുടെ പിന്തുണയും പ്രേരണയും ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ പുരോഗതി നേടാമായിരുന്നു. അല്‍ഖ്വയ്ദയേയും അഫ്ഗാനിലെ താലിബാനേയും ഉന്മൂലനം ചെയ്യുന്നതിന് അമേരിക്കയുടെ സഹായം ആവശ്യപ്പെടാമായിരുന്നു. ഇതിനായി കോടിക്കണക്കിന് രൂപയുടെ ധനസഹായമാണ് പാക്കിസ്ഥാന് സ്വീകരിച്ചത്. പക്ഷെ പാക് സൈന്യം ഇപ്പോഴും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.
യുഎസില്‍നിന്നും പണം സ്വീകരിക്കുമ്പോഴും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക് സൈന്യം ഒന്നും തന്നെ ചെയ്യുന്നില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും അടുത്തുതന്നെ അഫ്ഗാനില്‍നിന്നും കൂടുതല്‍ സൈന്യം പിന്‍വാങ്ങും, അതുകൊണ്ട് തന്നെ അവരുടെ ശത്രുക്കളെ കണ്ടെത്താന്‍ പാക്കിസ്ഥാന് ശ്രമിക്കണമെന്നും പത്രം പറയുന്നു. ഹഖാനി ശൃംഖലയില്‍ ഭീകരവാദ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ് കോണ്‍ഗ്രസിലെ നിരവധി പേര് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അതിനുള്ള നടപടികള്‍ ഫലവത്തായില്ല. ഇതിനുവേണ്ടി പാക്കിസ്ഥാന് സഹകരിക്കണം.
എന്നാല്‍ ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിന് പാക് സൈന്യത്തിനും പാക് സര്‍ക്കാരിനുമൊപ്പം യുഎസ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഒബാമ ഭരണകൂടം അവരുടെ ക്ഷമയുടെ അതിരുകടന്നുവെന്നും പത്രം വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമാബാദിനെ ഇനിയും യുഎസ് നിരീക്ഷിക്കും, പക്ഷെ പാക്കിസ്ഥാനിലെ ഭീകരര്‍ക്കെതിരെയുള്ള വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്നും ഒസാമ ബിന്‍ലാദന്റെ വധത്തിനുശേഷമുണ്ടായ സംഭവവികാസങ്ങളെത്തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാനാകുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായും പത്രം വ്യക്തമാക്കുന്നു. കൂടുതല്‍ സായുധ സഹായങ്ങള്‍ പാക്കിസ്ഥാന് നല്‍കിക്കൊണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ യുഎസ് പ്രവര്‍ത്തിക്കുമെന്നും പത്രം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: