കൊച്ചി: വയനാട്ടില്‍ ആദിവാസി വിഭാഗത്തെ കൂട്ടവന്ധ്യംകരണത്തിന് വിധേയമാക്കിയ സംഭവത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രാക്തന ഗോത്ര സമിതി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ആദിവാസി ജനസംഖ്യ കുറഞ്ഞുവരുന്നതായ റിപ്പോര്‍ട്ടുകളും ഹര്‍ജിയോടൊപ്പം നല്‍കിയിരുന്നു.
2010 ലാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ ആദിവാസികളെ കൂട്ടവന്ധ്യംകരണത്തിന് വിധേയമാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പോലും പാലിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് നിര്‍ബന്ധിത വന്ധ്യംകരണം നടക്കുന്നത്. ഇത് മനുഷ്യാവകാശലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ആകെയുള്ള പതിമൂവായിരത്തോളം കാട്ടുനായ്‌ക്കരില്‍ പകുതിയിലേറെയും വയനാട്ടിലാണ്. ഇവരില്‍ മുപ്പത്തഞ്ചിനുമുകളില്‍ പ്രായമുളള പകുതിയോളം പുരുഷന്‍മാരും വന്ധ്യംകരണത്തിനു വിധേയരായവരാണ്. ആദിവാസികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി ക്യാംപുകളില്‍ എത്തിച്ചും ആരോഗ്യവകുപ്പ് കണക്കു തികയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു.
വന്ധ്യംകരിക്കപ്പെടുന്നയാളുടെ ഇളയ കുഞ്ഞിന് രണ്ടുവയസില്‍ കൂടുതല്‍ പ്രായംവേണമെന്ന് നിബന്ധനയുണ്ടെങ്കിലും അത് പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: