ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ഒരുക്കമായിരുന്നുവെന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ചരിത്രത്തോട് നീതി പുലര്‍ത്തുന്നതല്ല കലാമിന്റെ അവകാശവാദമെന്ന് ജനതാപാര്‍ട്ടി നേതാവ് ഡോ. സുബ്രഹ്മണ്യന്‍സ്വാമി ചൂണ്ടിക്കാട്ടി.
സോണിയാഗാന്ധിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിഭവന് പുറപ്പെടുവിച്ചതായി പറയുന്ന കത്ത് പുറത്തുവിടണമെന്ന് ഡോ. സ്വാമി ആവശ്യപ്പെട്ടു. 2004 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം സോണിയാഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് താന്‍ ഉറച്ചുവിശ്വസിച്ചിരുന്നതായും ഇതു സംബന്ധിച്ച നിയമനക്കത്ത് തയ്യാറാക്കുകയും ചെയ്തിരുന്നുവെന്നും കലാം പുതിയതായി രചിച്ച ‘ടേണിംഗ് പോയിന്റ്സ് എ ജേര്‍ണി ത്രൂ ചലഞ്ചസ്’ എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദ്ദങ്ങളെ മറികടന്നാണ് അവരെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മന്മോഹന് സിംഗിനെ നിര്‍ദ്ദേശിച്ച സോണിയ വലിയ ത്യാഗമാണ് ചെയ്തതെന്ന് വ്യാഖ്യാനിക്കപ്പെട്ടതോടെ എതിര്‍പ്പുമായി ബിജെപി രംഗത്തുവന്നിരുന്നു. കലാം പറയുന്നത് കളവാണെന്നാണ് ഇപ്പോള്‍ സ്വാമിയും സ്ഥാപിക്കുന്നത്. സോണിയ പിന്മാറിയതോടെ നിയമനക്കത്ത് തിരുത്തിയെഴുതേണ്ടിവന്നതായും കലാം അവകാശപ്പെടുന്നു.
വിദേശപൗരത്വ പ്രശ്നമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവാദനായികയായ സോണിയയെ പ്രധാനമന്ത്രിയാക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കുന്ന കത്താണ് കലാം കൈമാറിയതെന്ന് സ്വാമി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിരിക്കുകയായിരുന്നു സോണിയ. അവര്‍ക്ക് നിയമനക്കത്ത് അയച്ചതായി പറയുന്ന 2004 മെയ് 17 ന് ഉച്ചക്ക് 12.30 ന് താന്‍ കലാമിനെ കാണുകയും സോണിയയെ പ്രധാനമന്ത്രിയാക്കുന്നതിലുള്ള നിയമതടസ്സം ഉന്നയിക്കുകയും ചെയ്തു.
ഇതെത്തുടര്‍ന്ന് അന്ന് 5 മണിയോടെ സോണിയഗാന്ധിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിക്കൊണ്ട് കലാം കുറിപ്പെഴുതിയതായി വിവരമുണ്ട്് സഖ്യകക്ഷികളുടെ പിന്തുണയോടെ തന്നെ പ്രധാനമന്ത്രിയാക്കണമെന്ന് അവകാശപ്പെടുകയായിരുന്നു ഈ കൂടിക്കാഴ്ചയില്‍ സോണിയ ഉദ്ദേശിച്ചിരുന്നതെന്ന് ഹോങ്കോങ്ങില്‍ ‘ഫസ്റ്റ് പോസ്റ്റി’ന് നല്കിയ അഭിമുഖത്തില്‍ ഡോ. സ്വാമി വ്യക്തമാക്കി. വേള്‍ഡ് ഹിന്ദു ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം. ഈ കത്ത് പുറത്തുവിടാന്‍ കലാം തയ്യാറായില്ലെങ്കില്‍ അദ്ദേഹം ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ലെന്ന് കരുതേണ്ടിവരും. സോണിയാഗാന്ധിയുടെ നിയമനം നേരിടുന്ന നിയമതടസങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ തന്നെയും മറ്റ് ചില ഉദ്യോഗസ്ഥരെയും കലാം രാഷ്ട്രപതിഭവനിലേക്ക് നേരത്തെ ക്ഷണിച്ചിരുന്നു.
രാഷ്ട്രപതിഭവനിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് സോണിയാഗാന്ധി കലാമിന് കൈമാറിയ കത്ത് കണ്ടതായും സ്വാമി പറയുന്നു. പ്രധാനമന്ത്രിപദം വേണ്ടെന്ന് വെച്ച സോണിയ വലിയ ത്യാഗമാണ് ചെയ്തതെന്ന കോണ്‍ഗ്രസിന്റെ വാദം ഖണ്ഡിക്കാനാണ് താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, സോണിയാഗാന്ധിയുടെ വിദേശപൗരത്വപ്രശ്നം വിവാദവിഷയം തന്നെയാണെന്ന് ബിജെപി പിന്തുണയുള്ള രാഷ്ട്രപതിസ്ഥാനാര്‍ത്ഥി പി.എ. സാംഗ്മ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആകാന്‍ താന്‍ മരിക്കുന്നതുവരെ ഒരു വിദേശിക്ക് പിന്തുണ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: