ഹൈദരാബാദ്: തന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ തേടി പ്രണബ് മുഖര്‍ജി ഹൈദരാബാദിലെത്തി. ബെഗുംപേട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി എന്‍. കിരണ്‍കുമാര്‍ റെഡ്ഡിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോത്സ സത്യനാരായണയും സ്വീകരിച്ചു. പിന്നീട് ജൂബിലി ഹാളില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലും പ്രണാബ് പങ്കെടുത്തു.
കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദും വയലാര്‍ രവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതിനിടെ വിമാനത്താവളത്തില്‍ തെലങ്കാന അനുകൂലികള്‍ പ്രണാബിനെതിരേ പ്രതിഷേധം നടത്തി. തെലുങ്കാന പ്രശ്നത്തില്‍ പ്രണബ് നയം വ്യക്തമാക്കണമെന്ന് മുദ്രാവാക്യം വിളികളോടെ അവര്‍ ആവശ്യപ്പെട്ടു. പ്രണബിന്റെ വാഹനവ്യൂഹം തടയാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പോലീസ് ഈ ശ്രമം പരാജയപ്പെടുത്തി.
ഒരു ദിവസത്തെ സന്ദര്‍ശനത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളെ നേതാക്കളെ നേരില്‍കണ്ട് പിന്തുണ തേടാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രണബ് മുഖര്‍ജിയും പ്രധാന എതിര്‍സ്ഥാനാര്‍ഥി പി.എ. സങ്മയും വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് രംഗം സജ്ജമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: