ഇടുക്കി: കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ സുധാകരനെതിരെയുള്ള ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് സി.പി.എം. മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. ഒരു കടയില്‍ രണ്ട് കച്ചവടം പാടില്ല. രണ്ടു പേര്‍ക്കും രണ്ട് നീതി എന്ന തരത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും മണി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ഈ സമീപനം ഇരട്ടത്താപ്പാണ്. തന്റെ പ്രസംഗത്തെ വിവാദമാക്കിയ യു.ഡി.എഫ് ഇത്തരം ആരോപണങ്ങള്‍ നിസാരവല്‍ക്കരിക്കുന്നത് അപലപനീയമാണെന്നും മണി പറഞ്ഞു. വിവാദ പ്രസംഗത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്താല്‍ ജനങ്ങളില്‍ നിന്നും സ്വാഭാവിക പ്രതികരണം ഉണ്ടാവും. ജനങ്ങള്‍ക്ക് താന്‍ ഉപകാരമേ ചെയ്തിട്ടുള്ളു. അവര്‍ തന്നെ സ്നേഹിക്കുന്നുണ്ട്. അവരുടെ പ്രതികരണം സര്‍ക്കാര്‍ സ്വയം വരുത്തിവെയ്ക്കുന്ന വിനയാകുമതെന്നും മണി കൂട്ടിച്ചേര്‍ത്തു. ഒരു ടെലിവിഷന്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു മണി.
നാളെയാണ് വിവാദ പ്രസംഗത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഹാജരാകണോയെന്ന് അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തിനെയും നേരിടും, തനിക്ക് പേടിയില്ല. നിയമവ്യവസ്ഥയോട് സഹകരിക്കും. അറസ്റ്റുണ്ടാകുമെന്ന് കരുതുന്നില്ല. ഉണ്ടായാല്‍ അതിനെ നേരിടും.
താന്‍ ആരെയും കൊന്നിട്ടില്ല. പ്രസംഗിച്ചത് അണികള്‍ക്ക് ആത്മവിശ്വാസം പകരാനാണ്. അല്ലാതെ ആരെയും കൊല്ലാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. പ്രസംഗത്തില്‍ ചില രാഷ്ട്രീയമായ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. അതിനാണ് പാര്‍ട്ടി തന്നെ ശിക്ഷിച്ചതെന്നും മണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: