കണ്ണൂര്‍: സിപിഎം നേതാവ് ഇ.പി.ജയരാജനെ വധിക്കാന്‍ കെ.സുധാകരന് എംപി ഗൂഢാലോചന നടത്തിയതായി കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറിയും സുധാകരന്റെ മുന്‍ഡ്രൈവറുമായ പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിലാണ് പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ വന്നത്. കണ്ണൂര്‍ ടൗണിലെ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണു എന്നയാളെ കൊലപ്പെടുത്തിയതിനും കണ്ണൂര്‍ സഹകരണ പ്രസ്സിന് നേരെ അക്രമം നടത്തിയതിനും പിന്നില്‍ സുധാകരനാണെന്നും പ്രശാന്ത്ബാബു പറഞ്ഞു.
1992 ജൂണ്‍ 13നായിരുന്നു കണ്ണൂരില്‍ സേവറി ഹോട്ടലിന് നേരെ ബോംബെറിഞ്ഞത്. ഈ സംഭവത്തില്‍ നാണു എന്ന സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. അക്രമം നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നും ഏതാനും കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയായിരുന്നുവെന്നും പ്രശാന്ത്ബാബു ആരോപിച്ചു. മാവിലായില്‍ സുധാകരന്റെ അനുയായി വിജയന് ആക്രമിക്കപ്പെട്ടതിന് പ്രതികാരമായാണ് ഹോട്ടല്‍ അക്രമണം ആസൂത്രണം ചെയ്തത്. ആ സമയത്ത് സുധാകരന് ഡിസിസി പ്രസിഡണ്ടായിരുന്നു. കണ്ണൂരിലെ പ്രിന്റിംഗ് പ്രസ് ആക്രമണത്തിലും ക്വട്ടേഷന്‍ സംഘത്തെയാണ് നിയോഗിച്ചത്. രണ്ട് കേസിലും താന്‍ പ്രതി ചേര്ക്കെപ്പെടുകയായിരുന്നുവെന്നും പ്രശാന്ത്ബാബു പറഞ്ഞു.
ജയരാജനെ വധിക്കാന്‍ ആസൂത്രണം നടത്തുമ്പോള്‍ പ്രശാന്ത്ബാബു ശ്രീകണ്ഠപുരം കാര്‍ഷിക വികസന ബാങ്കില്‍ ജീവനക്കാരനായിരുന്നു. സുധാകരന്റെ നിര്‍ദ്ദേശപ്രകാരം താന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പ്രശാന്ത്ബാബു പറഞ്ഞു. എന്നാല്‍ അവിടെയെത്തിയ ശേഷമാണ് ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനയാണ് എന്നറിഞ്ഞത്. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പണവും ആയുധവും നല്‍കിയത് സുധാകരനാണ്. പല കേസുകളിലും ക്വട്ടേഷന്‍ സംഘത്തെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തകരെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും പ്രശാന്ത്ബാബു ആരോപിച്ചു.
അതേസമയം, കാര്‍ഷിക വികസനബാങ്കിലെ ജോലിയില്‍നിന്നുള്ള സസ്പെന്ഷന് പിന്‍വലിക്കുക എന്ന കരാറും ചില സാമ്പത്തിക ഇടപാടുകളുമാണ് പ്രശാന്തിന്റെ ഇന്നത്തെ വെളിപ്പെടുത്തലിനായി വെച്ച ഓഫറെന്ന് കെ. സുധാകരന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 11 ന് തന്നെ ‘കൈരളി’ക്ക് അയാള്‍ അഭിമുഖം നല്‍കിയിരുന്നു. മൂന്നാംപീടികയില്‍ താമസിക്കുന്ന കാലത്ത് തന്നെ വധിക്കാനും ഈ പ്രശാന്ത് ശ്രമിച്ചു. വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ച് അപായപ്പെടുത്താനായിരുന്നു നീക്കം നടത്തിയത്. ഇതൊന്നും ഇതുവരെ പറയാത്ത കാര്യങ്ങളാണ്. പ്രശാന്തിന്റെ വീടിനടുത്ത് 13 സിപിഎം ഗുണ്ടകള്‍ അന്ന് തമ്പടിച്ചിരുന്നുവെന്ന് എന്റെ പാര്ട്ടിക്കാര് എന്നോട് പറയുകയായിരുന്നു. നഗരസഭ കൗണ്‍സിലറായിരിക്കെ പ്രശാന്ത്ബാബുവിനെതിരെ 67 പേര് നല്കിയ പരാതി തന്റെ കയ്യിലുണ്ട്. നിര്‍മ്മാണത്തിനും മറ്റും പരസ്യമായി പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതികള്‍. നഗരസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ സീറ്റ് കൊടുക്കാത്തതാണ് തന്നോടുള്ള ഈര്‍ഷ്യക്ക് കാരണം.
പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ താന്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സുധാകരന് പറഞ്ഞു. പ്രശാന്തിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎമ്മാണ്. ഇതിനായി പണവും വാഗ്ദാനം ചെയ്തു. തനിക്കെതിരെ മൊഴി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ ഡ്രൈവറേയും ഗണ്‍മാനേയും പ്രശാന്ത് വിളിച്ചു. എത്ര ലക്ഷം വേണമെങ്കിലും തരാമെന്ന് ഡ്രൈവര്‍ ഗിരീഷിനോടും ഗണ്മാന് ശിവാനന്ദനോടും പറഞ്ഞു.
മൂന്ന് മാസം മുമ്പേ ഗൂഢാലോചന തുടങ്ങിയതാണ്. എല്ലാം പോലീസ് അന്വേഷിക്കട്ടെ. അദ്ദേഹത്തിന്റെ മൊബെയില്‍ ഫോണ്‍ പിടിച്ചെടുത്ത് കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കണം. അടിയന്തരമായി പ്രശാന്ത് ബാബുവിന് സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: