തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും വീണ്ടും നേര്‍ക്കുനേര്‍. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പാര്ട്ടിക്കുപങ്കില്ലെന്ന് ഏത് അന്നം കഴിക്കുന്നവര്‍ക്കും മനസ്സിലാകുമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഇന്നലെ വീണ്ടും രംഗത്തെത്തി. സിപിഎം സംസ്ഥാന കമ്മറ്റിയില്‍ ‘അരിയാഹാരം കഴിക്കുന്ന ആരും ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വിശ്വസിക്കില്ലെന്ന്’ വി.എസ് പറഞ്ഞിരുന്നു. അതിനു മറുപടിയെന്നോണമാണ് പരസ്യപ്രസ്താവനയിലൂടെ “പാര്‍ട്ടിക്കു പങ്കില്ലെന്ന് നല്ല വറ്റു തിന്നുകൊണ്ട് ഉറച്ചു വിശ്വസിക്കാ”മെന്നും പിണറായി കൂട്ടിച്ചേര്‍ത്തത്. വി.എസിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്കകത്തുള്ള വിഷയമാണ്. ഇതു പാര്‍ട്ടി ചര്‍ച്ചചെയ്യും. ഇക്കാര്യം മാധ്യമങ്ങളുമായി ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. തീരുമാനത്തിനായി കാത്തിരിക്കാനും പിണറായി പറഞ്ഞു. ടി.പി വധത്തില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്നും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിണറായി ആവര്‍ത്തിച്ചു. ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തില്‍ പാര്‍ട്ടി പ്രതികളെ ഉണ്ടാക്കി കൊടുത്തു എന്നത് പാര്‍ട്ടിക്കെതിരായുള്ള വാസ്തവവിരുദ്ധമായ ആരോപണം മാത്രമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പിണറായി വിജയന് ചുട്ട മറുപടി നല്കി വി.എസും രംഗത്ത് വന്നു. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്ന് നമുക്ക് അനുദിനം കണ്ടറിയാമെന്ന് വി.എസ് പിണറായിക്ക് മറുപടിനല്കി. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഏത് അന്നം കഴിക്കുന്നവനും ഉറപ്പിച്ച് പറയാമെന്ന പിണറായിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സെക്രട്ടറിയുടെ നിലപാടിനെ തള്ളിക്കളഞ്ഞുകൊണ്ടുള്ള വി.എസിന്റെ മറുപടി. പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടില്‍ നടക്കുന്നതെന്ന് നമുക്ക് ഉടന്‍ അറിയാമെന്നും വി.എസ് പറഞ്ഞു.
2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി പരാജയപ്പെട്ടത് മുന്നണിശൈഥില്യം കൊണ്ടാണ്. പരാജയത്തിന് കാരണം ലോട്ടറിയല്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. പിഡിപി ബന്ധവും സിപിഐയില്‍ നിന്നും ജനതാദളില്‍ നിന്നും സീറ്റ് പിടിച്ചുവാങ്ങിയതുമാണ് തോല്‍വിക്ക് ഇടയാക്കിയത്. പാര്‍ലമെന്റ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുന്നണി പരാജയപ്പെട്ടത് വി.എസ് ലോട്ടറി വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ടാണെന്ന് കായംകുളത്തും മാവേലിക്കരയിലും പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ പിണറായി പറഞ്ഞതിനെ ഉന്നമിട്ടായിരുന്നു വി.എസിന്റെ രൂക്ഷ വിമര്‍ശനം.
അന്യസംസ്ഥാന ലോട്ടറികള്‍ നിര്‍ത്തി സംസ്ഥാന ലോട്ടറിമാത്രം വന്നതുകൊണ്ട് എന്തോ സംഭവിച്ചുവെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറഞ്ഞത് തെറ്റാണെന്നും വി.എസ് തിരുത്തി. ഘടകകക്ഷികളുടെ സീറ്റ് പിടിച്ചുവാങ്ങിയതും പിഡിപിയുമായുള്ള ബന്ധവും മൂലം 2009 ല്‍ മുന്നണി ശിഥിലമായിരുന്നു. അതിന്റെ ഫലമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ നിന്ന് നാലു സീറ്റായി കുറഞ്ഞു. അത് പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കണ്ടു. അല്ലാതെ ലോട്ടറി വിഷയത്തെ മോശമായി കൈകാര്യം ചെയ്തതു കൊണ്ടാണന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: