വാഷിംഗ്ടണ്‍: ശനിയുടെ ഉപഗ്രഹങ്ങളില്‍ പ്രധാനിയായ ടൈറ്റനില്‍ മഹാസമുദ്രം ഒളിഞ്ഞുകിടപ്പുണ്ടെന്ന് നാസ. കൂറ്റന്‍ പാറകള്‍ക്കും തണുത്തുറഞ്ഞ ഉപരിതലത്തിനുമടിയിലാണ് ഈ മഹാസമുദ്രം ആരുമറിയാതെ ഉറങ്ങിക്കിടക്കുന്നത്. ടൈറ്റന്റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ താഴ്ചയിലാണ് കടല്‍ സ്ഥിതി ചെയ്യുന്നത്.
നാസയുടെ ബഹിരാകാശവാഹനായ കസിനിയാണ് ഇതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കിയത്. ശനി ഗ്രഹത്തെ ചുറ്റുന്ന ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ടൈറ്റന്. ശനിയുടെ ചന്ദ്രന് എന്നാണ് ടൈറ്റന് അറിയപ്പെടുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി കസിനി ശനി ശ്രഹത്തെ വലംവച്ചുവരികയാണ്. ഇക്കാലയളവില്‍ ടൈറ്റനിലേയ്ക്കു റേഡിയോ സിഗ്നലുകള്‍ അയച്ചു നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞര്‍, ഗ്രഹത്തിലെ ജലസാന്നിധ്യം സംബന്ധിച്ച് നിഗമനത്തിലെത്തിയത്.
എന്നാല്‍ ജീവനു സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ സൂചനകളൊന്നും നല്‍കുന്നില്ല. 2011ലാണ് ഈ മഹാസമുദ്രത്തേക്കുറിച്ചുള്ള ആദ്യ സൂചനകള്‍ ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചത്. ഇപ്പോള്‍ കണ്ടെത്തിയതു മീഥെയിനോ ഈഥെയിനോ ധാതുക്കളോ നിറഞ്ഞ സമുദ്രമാണെന്നാണ് കരുതുന്നത്. ഇതില്‍ നെഗറ്റീവ് ചാര്‍ജുള്ള ജല തന്മാത്രകളുണ്ടെന്നാണ് സൂചന.
സാധാരണയായി നിരന്തരം ചലനാത്മകമായ ജലത്തിലാണ് നെഗറ്റീവ് ചാര്‍ജുള്ള തന്മാത്രകള് ദുര്‍ബലമായെങ്കിലും ഉണ്ടാവുക. ഈ തന്മാത്രയുടെ സാന്നിധ്യം ഒഴുകുന്ന ജലസ്രോതസ്സിലേക്ക് വിരല്‍ ചൂണ്ടുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതില്‍ ജീവനു സാധ്യത കാണുന്നില്ലെങ്കിലും ചിലതരം ബാക്ടീരിയകള്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ നിലനില്ക്കാന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
നേരത്തെ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെ തന്നെ ചെറിയ ഉപഗ്രഹമായ എന്‍സിലാഡസ് എന്നിവയിലും വന്‍ ജലസാന്നിധ്യത്തിന്റെ സൂചന കസിനി വാഹനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: