തൊടുപുഴ: ഹൈക്കോടതിയും കൈവിട്ടതോടെ വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹാജരാകാന്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്ക് പോലീസിന്റെ നോട്ടീസ്. കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് കാണിച്ച് പോലീസ് കുഞ്ചിത്തണ്ണി 20 ഏക്കറിലെ മണിയുടെ വീട്ടില്‍ നോട്ടീസ് എത്തിച്ചു. എന്നാല്‍ നോട്ടീസ് കൈപ്പറ്റിയ മണി ഹാജരാകണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബിയെ വധിക്കാന്‍ സിപിഎം തീരുമാനിച്ചത് രാജാക്കാട് ഏരിയാ കമ്മറ്റിഓഫീസിലാണെന്നും എല്ലാ തീരുമാനവും പ്രഖ്യാപിച്ചത് എം.എം മണിയാണെന്നും സിപിഎം ഉടുമ്പന്‍ചോല മുന്‍ ഏരിയ സെക്രട്ടറി പി.എന്‍ മോഹന്‍ദാസിന്റെ മൊഴി രാഷ്ട്രീയകൊലപാതകങ്ങളെ സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ശക്തമായ തെളിവാണ്. പി.എന്‍ മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം.എം മണിക്കെതിരെ അന്വേഷണ സംഘം കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്.
1982 ല്‍ രാജാക്കാട് ഏരിയ കമ്മറ്റി ഓഫീസില്‍ ഒരു മണിക്കൂറിലേറെ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതാക്കളായ പൊന്നപ്പന് പിള്ളയെയും ബേബിയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ അന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എം.എം മണി, രാജാക്കാട് ഏരിയാ സെക്രട്ടറി കെ.കെ ജയചന്ദ്രന്, സിഐടിയു ജനറല്‍ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ എ.കെ ദാമോദരന്‍, ശാന്തന്‍പാറ എല്‍സി സെക്രട്ടറി ഒ.ജി മദനന് സേനാപതി എല്‍സി സെക്രട്ടറി വി.എന്‍ ജോസഫ് എന്നിവരായിരുന്നു തീരുമാനം എടുത്തത്.
പാര്‍ട്ടിഓഫീസിലേക്ക് എന്നെ വിളിച്ചുവരുത്തുകയായിരുന്നു. ഓഫീസില്‍ വച്ച് മണിയാണ് നിര്‍ദ്ദേശം നല്‍കിയത് എന്നും മണിയുടെ നിര്‍ദ്ദേശം പാലിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് മോഹന്‍ദാസിന്റെ മൊഴിയില്‍ പറയുന്നത്. മോഹന്‍ദാസിന്റെ മൊഴിപ്രകാരം എം.എം മണി ഒന്നാംപ്രതിയായും, കെ.കെ ജയചന്ദ്രന് എംഎല്‍എ രണ്ടാംപ്രതിയായും ആണ് കേസെടുത്തിരുന്നത്. കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍ എന്നീ കുറ്റങ്ങള്‍ കേസില്‍ ആരോപിക്കുന്നു. 302, 128, 120, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് 309/2012 ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പോലീസ് നടപടി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: