മുന്‍ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വ്യാഴാഴ്ച രാഷ്ട്രപതിസ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസിലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും യുപിഎയുടെ ഭാഗമാകാന്‍ ഉൗഴം കാത്തുനില്ക്കുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗിനുമൊപ്പമാണ് പ്രണബ് മുഖര്‍ജി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. ഘടകകക്ഷിയായ, അല്ലെങ്കില്‍ ആയിരുന്ന, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി തന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടി. ഇത് ഒരു ഒറ്റക്കുതിര പന്തയമാണെന്നും പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വിജയം സുനിശ്ചിതമാണെന്നും കരുതുന്നവരേറെയാണ്. സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച സാംഗ്മക്ക് പ്രതിപക്ഷ പിന്തുണ ലഭിക്കുന്നുണ്ട്. ഇപ്പോള്‍ത്തന്നെ മുഖര്‍ജിക്ക് 59 ശതമാനം വോട്ടുകളും അനുകൂലമാണെന്ന് പറയപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ ബംഗാളില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി ചരിത്രം സൃഷ്ടിക്കും. കൊച്ചുകേരളത്തില്നിന്നുപോലും ഒരാള്‍ രാഷ്ട്രപതിയായിട്ടും ബംഗാളിന് ഇതുവരെ ഊഴം ലഭിച്ചിരുന്നില്ല. ജ്യോതിബസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രണബ് മുഖര്‍ജിയുടെ കാര്യത്തില്‍ ‘ചരിത്രപരമായ വിഡ്ഢിത്തം’ ആവര്‍ത്തിച്ചില്ല. കാരാട്ട് വാഗ്ദാനം ചെയ്ത പിന്തുണ ഏകപക്ഷീയമായിരുന്നു എന്നും കാണാം.
ഇതോടെ യുപിഎയിലെയും എന്‍ഡിഎയിലെയും സമവാക്യങ്ങള്‍ മാറുകയാണ്. ബംഗാളില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തി ‘ജയന്റ് കില്ലര്‍’ എന്ന ഖ്യാതി നേടിയ മമതാ ബാനര്‍ജിയുടെ കടുംപിടിത്തം യുപിഎക്ക് കനത്ത തിരിച്ചടിയാണ്. മമതാ ബാനര്‍ജി മാറിയപ്പോള്‍ യുപിഎയെ താങ്ങിനിര്‍ത്താന്‍ രംഗത്തുവന്ന മുലായംസിംഗിനെയും മായാവതിയെയും കൂട്ടുപിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെ തൃണമാക്കാനാണ് യുപിഎ പുതിയ നീക്കം. യുപിഎയുടെ ശക്തി വര്‍ധിപ്പിക്കുമെന്ന് കണക്കുകൂട്ടുമ്പോഴും യഥാര്‍ത്ഥത്തില്‍ ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടിവരയിടുന്നത് പ്രാദേശിക പാര്‍ട്ടികളുടെ വര്‍ധിക്കുന്ന രാഷ്ട്രീയ പ്രാധാന്യമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയിലെ ഒരു പ്രധാന ഘടകകക്ഷിയായിരുന്നു. പ്രണബ് കുമാര്‍ മുഖര്‍ജിയോടുള്ള ശത്രുതയാണ് ബംഗാളി എന്ന പരിഗണന പോലും നല്‍കാതെ മമതയെ മറ്റ് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ മമത യുപിഎയുമായി അകന്ന് വിലപേശല്‍ ശക്തി നഷ്ടപ്പെട്ടാല്‍ ബംഗാളിനുവേണ്ടി നേട്ടം കൊയ്യാന്‍ മമതക്ക് ആകാതെവരും എന്നു മാത്രമല്ല പ്രണബിനെ പിന്തുണച്ച് കോണ്‍ഗ്രസിനോട് പ്രീണനനയം സ്വീകരിക്കുന്ന സിപിഎമ്മിന് അത് ശക്തി പകരും. അതേസമയം മമത എന്‍ഡിഎയില്‍ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.
പ്രണബ് കുമാര്‍ മുഖര്‍ജിയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ സോണിയാഗാന്ധിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ഇത് രാഹുല്‍ഗാന്ധിയുടെ ഭാവി പ്രധാനമന്ത്രിപദത്തിന് സഹായകരമാകും എന്നും മറ്റുമാണ് കണക്കുകൂട്ടല്‍. പ്രണബ് കുമാര്‍ മുഖര്‍ജി മതേതര വാദിയായതിനാലാണ് സിപിഎം പിന്തുണക്കുന്നതെന്ന കാരാട്ട് ഭാഷ്യം ആരും മുഖവിലക്കെടുക്കുന്നില്ല. പ്രണബിന്റെ ധനമന്ത്രിപദം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഗുണപ്രദമായില്ല എന്ന ധാരണയും നിലവിലുണ്ട്. ഇപ്പോള്‍ ധനവകുപ്പ് പ്രധാനമന്ത്രിതന്നെ ഏറ്റെടുത്തിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ ശിഷ്ടകാലം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശോഭനമാകുമെന്ന പ്രവചനമുണ്ട്. പ്രധാനമന്ത്രിപദം കൊതിച്ച്, അത് തനിക്ക് അപ്രാപ്യമെന്ന് തിരിച്ചറിഞ്ഞ് പ്രണബ് മുഖര്‍ജി ചോദിച്ചുവാങ്ങിയ രാഷ്ട്രപതിപദമാണിത്. സ്വന്തം സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും ലോകത്തിനു മുമ്പില്‍ കാഴ്ചവസ്തുവാകാനും മാത്രം ഉപകരിച്ച പ്രതിഭാ പാട്ടീലിന്റെ നിഷ്പ്രഭമായ രാഷ്ട്രപതിസ്ഥാനത്തെക്കാള് മെച്ചമാണ് നേതൃപാടവമുള്ള പ്രണബ് കുമാര്‍ മുഖര്‍ജി എന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: