തിരുവനന്തപുരം: “മുഖ്യമന്ത്രി പറയുന്നതാണ് അന്തിമവാക്ക്.” കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം മലപ്പുറത്തു പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ എയ്ഡഡ് സ്കൂളാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പറഞ്ഞതിനെ തിരുത്താനായിരുന്നു മുഖ്യമന്ത്രിയുടെ മേലുദ്ധരിച്ച പ്രഖ്യാപനം. എയ്ഡഡാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും ചൊവ്വാഴ്ച ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത് ശബ്ദമുയര്‍ത്തിക്കൊണ്ടായിരുന്നു. ഒറ്റ രാത്രി കൊണ്ട് എല്ലാം തകിടം മറിഞ്ഞു. വിദ്യാഭ്യാസമന്ത്രി പറഞ്ഞതാണ് ശരിയെന്നു മുഖ്യമന്ത്രി തിരുത്തി. “വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അംഗീകരിക്കുകയാണെന്ന്” വിശദീകരിക്കുകയും ചെയ്തു. തലേ ദിവസത്തെ ഊര്‍ജ്ജവും ഉശിരും ഈ വിശദീകരണത്തിനുണ്ടായിരുന്നില്ല.
എയ്ഡഡ് സ്കൂളാക്കുന്ന കാര്യം മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. തീരുമാനിച്ചത് ലീഗ്. നിയസഭയില്‍ പ്രഖ്യാപിച്ചത് ലീഗിന്റെ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്. മുഖ്യമന്ത്രി അത് അംഗീകരിച്ചു.
ഈ മന്ത്രിസഭയുടെ തുടക്കം മുതല്‍ ലീഗിന്റെ അധീശത്വം പ്രകടമായിരുന്നു. മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍വരുന്ന വകുപ്പുവിഭജനം ലീഗിന്റെ കാര്യത്തില്‍ കാറ്റില്‍പ്പറന്നു. ലീഗുമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത് പാണക്കാട് തങ്ങളായിരുന്നു. പിന്നീട് വന്നു അഞ്ചാം മന്ത്രി. മന്ത്രിയെ പ്രഖ്യാപിച്ച ലീഗ് അതിനുവേണ്ടി നടത്തിയ സമ്മര്‍ദ്ദങ്ങള്‍ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ‘കഴുത്തിന് കത്തി കുത്തിപ്പിടിച്ച് അഞ്ചാം മന്ത്രിയെ നേടി’ എന്ന് യൂത്തുകോണ്‍ഗ്രസ് പ്രസിഡന്റ് പരിഭവിക്കുന്നത് കേരളം കണ്ടതാണ്. ഇപ്പോഴിതാ മന്ത്രിസഭാ തീരുമാനംപോലും കാറ്റില്‍പ്പറത്തി തുഗ്ലക്ക് ഭരണത്തിന് മന്ത്രി റബ്ബ് തയ്യാറായി. മുഖ്യമന്ത്രിയും മുന്നണിയും തലയാട്ടി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
നിലവിളക്ക് കൊളുത്താന്‍ തയ്യാറാകാത്തതും മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് ‘ഗംഗ’ എന്നത് മാറ്റിയതും പൊതുസമൂഹത്തില്‍ അമര്‍ഷം സൃഷ്ടിച്ചതാണ്. ‘എല്ലാ പാപങ്ങളും കഴുകിക്കളയുന്നതാണ് ഗംഗ. ഗംഗയില്‍ ഹിന്ദുക്കള്‍ മാത്രമല്ല കുളിക്കുന്നത്’ എന്നതാണ് കെ.മുരളീധരന് പ്രതികരിച്ചത്. ‘അറാഫത്ത്’ എന്നായിരുന്നു കെ.കരുണാകരന് താമസിച്ച വീടിന്റെ പേര്. അതുകൊണ്ട് തന്റെ പിതാവിനൊന്നും പറ്റിയില്ലെന്നും മുരളീധരന് പറഞ്ഞു. പക്ഷേ അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി.
വിദ്യാഭ്യാസ മന്ത്രിക്കെതിരെ കെഎസ്യുക്കാരുടെ സമരം ചാനലുകളില്‍ മുഖംകാണിക്കാനാണെന്ന് മന്ത്രി പി.കെ.കുഞ്ഞലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. കെഎസ്യു പ്രസിഡന്റ്ജോയി ഇതിനെ നിശിതമായി വിമര്‍ശിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ചെയ്തികള്‍ ചാനലില്‍ മുഖംകാണിക്കാന്‍ കൊള്ളാത്തതാണെന്നായിരുന്നു ജോയിയുടെ ആക്ഷേപം. അതിന് തിരിച്ചടിയായി എംഎസ്എഫും രംഗത്തെത്തി. ‘ഒരു കാമ്പസിലും ഒറ്റയ്ക്ക് നിന്ന് ജയിക്കാന്കഴിയാത്ത സംഘടനയാണ് കെഎസ്യു. വംശനാശം വന്നുകൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങുകളിലും താഴെയാണ് കെഎസ്യുവിന്റെ സ്ഥാനമെന്നും എംഎസ്എഫ് ആക്ഷേപിച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ ഉച്ചതിരിഞ്ഞായിരുന്നു നിയമസഭയില്‍ സ്കൂളുകള്‍ എയ്ഡഡാക്കാനാണ് തീരുമാനമെന്ന് മന്ത്രി റബ്ബ് പറഞ്ഞത്.
ഇതുകേട്ട് ഓടിയെത്തിയാണ് മുഖ്യമന്ത്രി അന്തിമ തീരുമാനമായിട്ടില്ലെന്നും പ്രശ്നം ധനവകുപ്പിന്റെ പരിഗണനയിലാണെന്നും പറഞ്ഞത്. മന്ത്രിസഭാതീരുമാനം എടുത്ത് ഇത്രയും ദിവസം കഴിഞ്ഞിട്ടും ഉത്തരവിറങ്ങാത്തത് അട്ടിമറിക്കുവേണ്ടിയാണെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിരുന്നു. സ്കൂളുകള്‍ എയ്ഡഡാക്കി കോടികളുടെ അഴിമതി നിയമനങ്ങള്‍ക്കാണ് നീക്കമെന്നും അവര്‍ ആരോപിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം വിദ്യാഭ്യാസമന്ത്രിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയോടും പ്രതിഷേധം അറിയിച്ചതാണ്. ലീഗിന്റെ ആവശ്യത്തിനും നിലപാടിനും വഴങ്ങരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ അഞ്ചാം മന്ത്രി പ്രശ്നം പോലെ തന്നെ അമര്‍ഷവും പ്രതിഷേധവും ഗൗനിക്കാതെ ലീഗിന്റെ തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ചു.
സ്വാശ്രയ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. കരാര്‍ മുസ്ലീം മാനേജ്മെന്റുകള്‍ക്കു വേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയാണ്. ആദ്യവര്‍ഷം തന്നെ കരാര്‍ ഉണ്ടാക്കിയതിലൂടെ 75 കോടിയുടെ ലാഭമാണ് സ്വാശ്രയലോബിക്ക് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തതെന്ന ആക്ഷേപം നിയമസഭയില്‍ പോലും വന്നു. വന്‍ കൊള്ളയടിക്കാണ് സര്‍ക്കാര്‍ അവസരം നല്‍കിയതെന്നും പരാതി ഉയര്‍ന്നു. വിദ്യാഭ്യാസമന്ത്രിയുടെ നയങ്ങളും പരിപാടികളും പദ്ധതികളും നിലപാടുകളും സ്വജനപക്ഷപാതത്തിനും കച്ചവടത്തിനുമാണെന്ന അഭിപ്രായം പ്രതിപക്ഷത്തിന് മാത്രമല്ല ലീഗൊഴിച്ചുള്ള ഭരണക്കാര്‍ക്കും ഉണ്ടെന്ന് വ്യക്തമായി. കോണ്‍ഗ്രസ്സിലെ ചിലരെങ്കിലും അത് പരസ്യമായി പറയാനും തയ്യാറാകുന്നു. മുഖ്യമന്ത്രിതന്നെ മന്ത്രിസഭയുടെ തീരുമാനം താന്‍ പറയുന്നതാണ് ശരി എന്ന് നിയമസഭയില്‍ പറയേണ്ടിവരിക. വിദ്യാഭ്യാസമന്ത്രിയെ വ്യവസായമന്ത്രി ന്യായീകരിക്കുക, അപൂര്‍വ്വമാണ് ഈ വേര്‍തിരിവ്.
ചൊവ്വാഴ്ച അതാണ് കണ്ടതെങ്കില്‍ ലീഗിനു മുന്നില്‍ മുഖ്യമന്ത്രി നിസ്സഹായനായി എന്നു വ്യക്തമാക്കുന്നതാണ് ഇന്നലത്തെ സംഭവം. ലീഗുകാര്‍ ഓടു പൊളിച്ച് സഭയിലെത്തിയവരല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെ ലീഗിന്റെ ഭീഷണി എത്രമാത്രം കടുത്തതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതു കൊണ്ടു തന്നെയാകാം ഒരു യാചനാസ്വരത്തില്‍ “വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് കിട്ടിയാല്‍ തരക്കേടില്ല” എന്ന് വക്താവ് എം.എം.ഹസന് പറഞ്ഞത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: