മട്ടാഞ്ചേരി: സിപിഎം വിഭാഗീയതയില്‍ ഏരിയാകമ്മറ്റിപ്പോലും ഇല്ലാതായ കൊച്ചി നിയോജകമണ്ഡലം മേഖലയില്‍ വിഎസ് വിഭാഗത്തിനെതിരെ ഔദ്യോഗിക പക്ഷം ശക്തമായ നീക്കം തുടങ്ങി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജില്ലയിലെ വിഎസ് പക്ഷനേതാക്കളായ എസ്.ശര്‍മ, കെ.ചന്ദ്രന് പിള്ള, ജോസഫൈന് എന്നിവര്‍ക്കെതിരെയാണ് പോസ്റ്ററുകളും സ്റ്റിക്കറുകളും പ്രത്യക്ഷപ്പെട്ടത്. സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, നഗരസഭാ ഓഫീസുകള്‍, സുപ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ കണ്ടുതുടങ്ങിയത്. മുന്‍ എംഎല്‍എയും മന്ത്രിയുമായ എസ്.ശര്‍മ്മയുടെയും, രാജ്യസഭാംഗവും- തൊഴിലാളി നേതാവുമായ കെ.ചന്ദ്രന് പിള്ള, കേന്ദ്രസമിതി അംഗവും മുന്‍ ജിസിഡിഎ ചെയര്‍പേഴ്സണുമായ ജോസഫൈന് എന്നിവരെയാണ് ഔദ്യോഗിക പക്ഷം ലക്ഷ്യമിട്ടിരിക്കുന്നത്. സിപിഎം വിഭാഗീയതയില്‍ വിഎസ് പക്ഷത്തിന് മുന്‍തുക്കമുള്ള ജില്ലയിലെ സുപ്രധാന ഏരിയാകമ്മറ്റിയായിരുന്നു കൊച്ചി ഏരിയാകമ്മറ്റി.
ഒരു പതിറ്റാണ്ടുകാലത്തിന്റെ പഴക്കമുള്ള കൊച്ചിയിലെ പാര്‍ട്ടി വിഭാഗീയതയെ തുടര്‍ന്ന് രണ്ടു തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കേന്ദ്ര കമ്മറ്റിയംഗം ജോസഫൈന് ദയനീയമായി പരാജയപ്പെട്ടിരുന്നു. കൂടാതെ ഏരിയാ സമ്മേളനയോഗം അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ശക്തമായ സിപിഎം വിഭാഗീയയെത്തുടര്ന്ന് ഓട്ടേറെ പാര്‍ട്ടിനേതാക്കള്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുനേടുകവരെ ചെയ്തത്. പാര്‍ട്ടി സംസ്ഥാന- കേന്ദ്ര നേതാക്കളില്‍ ഏറെ ആശങ്കയുമുണര്‍ത്തിയിരുന്നു. 2011-ല്‍ ബ്രാഞ്ച്- ലോക്കല്‍ സമ്മേളനങ്ങള്‍ നടന്നുവെങ്കിലും ഏരിയ സമ്മേളനം അവസാനഘട്ടത്തില്‍ മറ്റീവ്ക്കുകയും, ജില്ലാ സംസ്ഥാന സമ്മേളനത്തിന് ശേഷം കൊച്ചി ഏരിയാകമ്മറ്റി പിരിച്ചുവിടുകയുമാണ് ചെയ്തത്. ഗോപി കോട്ടമുറിക്കലിനോടൊപ്പം നടപടിക്ക് വിധേയനായ കെ.എ.ചാക്കോച്ചനായിരുന്നു കൊച്ചി ഏരിയായുടെ ചുമതലയുണ്ടായിരുന്നത്. ഇയാളും വിഭാഗീയതില്‍ പക്ഷംചേര്‍ന്നതോടെ ഔദ്യോഗിക പക്ഷം ഏരിയാകമ്മറ്റി പിരിച്ചുവിടുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയത് വിവാദത്തിലായിരുന്നു.
തുറമുഖ നഗരിയടക്കമുള്ള കൊച്ചി ഏരിയാകമ്മറ്റിയെ കൈക്കലാക്കാന്‍ ശ്രമിച്ച ഔദ്യോഗിക പക്ഷത്തിനേറ്റ തിരിച്ചടിക്ക് പകരംവീട്ടലായി ലഭിച്ച ഭൂമാഫിയ വിവാദം അവസരമാക്കിയാണ് പോസ്റ്ററുകളും സ്റ്റിക്കറുകളും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പതിച്ച പോസ്റ്ററുകള്‍ മണിക്കുറുകള്‍ക്കകം അപ്രത്യക്ഷമായതോടെയാണ് ഫോറം പ്രവര്‍ത്തകര്‍ സ്റ്റിക്കറുമായി രംഗത്തിറങ്ങിയതെന്ന് പറയുന്നു. നേതാക്കളുടെ ഭൂമാഫിയാ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം, ജോസഫൈന്റെയും മകന്റെയും സ്വത്തിനെക്കുറിച്ചും അന്വേഷിക്കണമെന്ന് പോസ്റ്റര്‍- സ്റ്റിക്കറുകളില്‍ ആവശ്യപ്പെടുന്നുണ്ട്. സിപിഎമ്മിലെ വിഎസ്- പിണറായി പക്ഷ വിഭാഗീയത ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊച്ചിയില്‍ ശക്തമായതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: