ബീജിങ്: കനത്ത മഴയേത്തുടര്‍ന്ന് ചൈനയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 16 പേര് മരിച്ചു. മണിക്കൂറുകളായി തുടരുന്ന മഴയില്‍ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. 52,000 പേരെ ദുരിതബാധിത മേഖലകളില്‍ നിന്നു സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റിപാര്‍പ്പിച്ചു.
ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. 80 ലക്ഷത്തോളം പേരെ കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയം, ചൊവ്വാഴ്ചയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഗുവാങ്ങ്സി ഷുവാങ്ങ് മേഖലയിലെ ആയിരത്തോളം വീടുകള്‍ തകര്‍ന്നു. 17,000 ഹെക്ടറിലെ ഭൂമി നശിച്ചു. ഏകദേശം 20 കോടി ഡോളറിന്റെ നാശനഷ്ടമാണ് അനൗദ്യോഗികമായി തിട്ടപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച ആരംഭിച്ച മഴ മൂന്നു കൗണ്ടികളെ ദുരിതത്തിലാക്കി. മേഖലയില്‍ റോഡ് ഗതാഗതവും വാര്‍ത്താ വിതരണ സംവിധാനങ്ങളും താറുമാറായി. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
ജിയാങ്ങ്സി പ്രവിശ്യയില്‍ വെള്ളിയാഴ്ച മുതല്‍ മഴ ആരംഭിച്ചതാണ്. ഇവിടെ നിന്നു 26,890 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ജിയാങ്ങ്സിയിലെ പത്തു പ്രധാന ജലസംഭരണികളില്‍ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗുവാങ്ങ്ഡോംഗ് പ്രവിശ്യയിലും കനത്ത മഴ നാശംവിതച്ചു. ഇവിടെ രണ്ടു പേര് മരിച്ചതായും മൂന്നു പേരെ കാണാതായതായും പ്രവിശ്യാ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: