ഭാരതത്തിന്റെ തലസ്ഥാന നഗരിയായ ന്യൂദല്‍ഹിയില്‍ പോയി നമ്മുടെ രാജ്യത്തിന്റെ ഏതാണ്ട് ഒത്ത നടുവിലൂടെ തിരികെ കേരളത്തിലെത്തുമ്പോഴാണ് നമ്മുടെ നാടിന്റെ ഭംഗിയും ആകര്‍ഷണവും നമുക്ക് മനസ്സിലാകുക. പൊതുവെ സമാധാനപ്രിയരായ ആളുകള്‍, സാക്ഷരതയില്‍ മുന്നില്‍, ആഹാരപദാര്‍ത്ഥങ്ങള്‍ വൃത്തിയോടെയും വെടിപ്പോടെയും കൈകാര്യം ചെയ്യുന്നവര്‍, ആരോഗ്യപരിപാലനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം. മോടിയായ വസ്ത്രധാരണം. ശാന്തിയും സമാധാനവും മലയാളി എന്നും ഇഷ്ടപ്പെട്ടിരുന്നു. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട സ്ഥലം. പരസ്പ്പരം ബഹുമാനിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അല്‍പ്പം പിശുക്ക് കാട്ടിയിരുന്നു എന്നതൊഴിച്ചാല്‍ പൊതുവെ ബഹളങ്ങളില്ലാത്ത ജീവിതം. സമാധാന ജീവിതത്തിന് പലരും കേരളം തിരഞ്ഞെടുത്തതിനും കാരണം മറ്റൊന്നല്ല. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ജീവിതം എപ്പോള്‍ വേണമെങ്കിലും ഹര്‍ത്താലിന്റേയും കരിദിനത്തിന്റെയും പ്രതിഷേധത്തിന്റെയും പേരില്‍ നിശ്ചലമാകാം. കടകമ്പോളങ്ങള്‍ അടച്ചിട്ടുള്ള സമരമുറകള്‍ ഏറിവരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളും ക്വട്ടേഷന്‍ ആക്രമണങ്ങളും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കൊല നടത്തുന്ന ആളുകളെ മാറ്റി പകരം കൊലയാളികളെ നല്കുന്നു എന്ന് കേരളം അറിഞ്ഞത് ഈയടുത്തയിടെയാണ്. യഥാര്‍ത്ഥ കൊലയാളികള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും പുറത്ത് എക്കാലവും വിലസുകയും പാര്‍ട്ടികള്‍ പട്ടികളെപ്പോലെ തീറ്റിപ്പോറ്റുന്ന പകരക്കാരന് അകത്തു കിടക്കുകയും ചെയ്യുന്ന പാരമ്പര്യം സംസ്ഥാനത്തുണ്ടെന്ന് കേരള മുഖ്യമന്ത്രി തുറന്നുപറഞ്ഞപ്പോഴാണ് പലരും ഞെട്ടിയത്. കൊലയാളിയുടെ വടിവാളിന് എപ്പോള്‍ വേണെങ്കിലും ഇരയാകാമെന്ന് സാരം.
ടിപി വധത്തിന് ശേഷം വെളിപ്പെട്ട കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ജീവിക്കുന്നവരില്‍ ഭയം ഇരട്ടിച്ചിരിക്കുകയാണ്. കൊലപാതകികള്‍ക്ക് അഭയം നല്കല്, രക്ഷപ്പെടുവാന്‍ അവസരം നല്കുന്ന പോലീസുകാര്‍, കുറ്റവാളികളെ പിടിച്ചാല്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി മോചിപ്പിക്കുക, ഇഷ്ടമില്ലാത്ത വാര്‍ത്ത കൊടുത്താല്‍ മാധ്യമസിന്റിക്കേറ്റ്. മതസൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ബോധപൂര്‍വമായ ശ്രമം നടത്തല്‍, കള്ളപ്രചരണങ്ങളും അപവാദം പറഞ്ഞുപരത്തലും മനസ്സാക്ഷിക്ക് നിരക്കാത്ത തരത്തില്‍ പ്രസംഗിച്ചു ഫലിപ്പിക്കുക. ഭരണം മാറിയാല്‍ കൊലപാതകത്തിനെതിരെ നടപടി സ്വീകരിക്കുന്ന പോലീസുകാരെ കൈകാര്യം ചെയ്യുമെന്ന തരത്തിലുള്ള ഭീഷണി. പോലീസുദ്യോഗസ്ഥരുടെ വീട്ടുകാര്‍ക്കെതിരെ കൊലവിളി. എതിരാളികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുക. ഒരു പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയാല്‍ കൊള്ളസംഘക്കാരുടേയും മാഫിയ സംഘാംഗങ്ങളുടെയും ശൈലിപോലെ തല തകര്‍ക്കുക. ഭരണം മാറുമ്പോള്‍ നാടിനെ വിറപ്പിച്ച കുറ്റകൃത്യം ചെയ്തവരെ പരോളില്‍ വിടുവിച്ച് കൊലപാതകങ്ങള്‍ നടത്തിക്കുക. അവര്‍ക്കായി സുരക്ഷിതതാവളമൊരുക്കുക. രക്തരൂക്ഷിതവും രകത്കപൂരിതവുമായ ശത്രുസംഹാരം. വൈരനിര്യാതന ആവശ്യങ്ങള്‍ക്കായി ഭരണസംവിധാനങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുക.
കേരളം വിറങ്ങലിച്ചത് പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പേര് വിവരണം കണ്ടപ്പോഴാണ്. എന്താണ് സംസ്ഥാനത്ത് നടക്കുന്നത്. പോലീസുകാര്‍ പാര്‍ട്ടിക്കാരുടെ ചട്ടുകങ്ങളായി തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഭരണനേതൃത്വങ്ങളുടെ പ്രതികാര ദുര്‍ഭരണത്തിന് ഉപയോഗിക്കുന്നത് പോലീസിനെയാണെന്നതും കേരളം കേട്ട പുതിയ വാര്‍ത്തയാണ്. ശത്രുക്കളെ ഒതുക്കുന്നതിന് ഏത് മാര്‍ഗ്ഗം സ്വീകരിക്കുന്നതിനും പാര്‍ട്ടിക്കാര്‍ക്ക് മടിയില്ലാതായിരിക്കുന്നു. സഹിഷ്ണുതയുടെ, സൗഹാര്‍ദ്ദത്തിന്റെ മലയാളി മനസ്സിന് വംശനാശം സംഭവിച്ചിരിക്കുന്നു. കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ഇന്നുവരെ ഒരു പാര്‍ട്ടിയും പറഞ്ഞില്ല എന്നതാണ് സാധാരണക്കാരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. പാര്‍ട്ടികളും നേതാക്കളും ഭരണനേതൃത്വങ്ങളും ജീവിത മാതൃകകാണിക്കാതെ ബീഭത്സമായ, ചോരയുടെ മണമുള്ള ഭാവി ജീവിതം വരച്ചു കാട്ടുന്ന ഈ രീതി വരും തലമുറയ്ക്ക് നല്കുന്ന പാഠം എന്താണെന്ന് ഇവര്‍ ചിന്തിച്ചിട്ടുണ്ടോ?
വിദ്യ അഭ്യസിച്ചാലും പാപപങ്കിലമായ ആക്രമണത്തിന്റെയും കൊലപാതകത്തിന്റെയും കുതന്ത്രങ്ങളുടെയും ഒരു പാത ഇവര്‍ നാടിന്റെ നാളത്തെ വാഗ്ദാനങ്ങളായ ചെറുപ്പക്കാര്‍ക്ക് മുമ്പില്‍ വരച്ചുകാട്ടുമ്പോള്‍ സമാധാനത്തിന്റെ നാളുകള്‍ കുറ്റിയറ്റു പോകുമെന്ന് തീര്‍ച്ചയാണ്. ആദര്‍ശവും പ്രത്യയശാസ്ത്രവും കടലാസിലും സത്യപ്രതിജ്ഞാവേളയിലും മാത്രം. പ്രായോഗിക രാഷ്ട്രീയമെന്ന ഓമനപ്പേരില്‍ അടവുനയങ്ങളും കളവ്, ചതി, കുതികാല് വെട്ടല്‍, കൊലപാതകം, അഴിമതി, സ്വജനപക്ഷപാതം, ജാതി-മത-വര്‍ഗീയ കക്ഷികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള കൂട്ടുകെട്ട് എല്ലാം ഭാവി തലമുറയ്ക്ക് നല്‍കുന്നത് വികലമായ കാഴ്ചപ്പാടുകളും മാതൃകകളുമാണെന്ന തിരിച്ചറിവ് മുതിര്ന്നവര്ക്കുണ്ടായാല് മാത്രമേ സംസ്ഥാനത്ത് ജീവിക്കുന്നതിന് അല്‍പ്പമെങ്കിലും ആശ്വാസമാകൂ. സ്വജനപക്ഷപാതവും അഴിമതിയും ജനങ്ങള്‍ അംഗീകരിച്ച മട്ടാണ്. വിദ്യാര്‍ത്ഥി-യുവജനവിഭാഗത്തെ എല്ലാ പാര്‍ട്ടികളും എക്കാലവും ചാവേറുകളാക്കി നിര്‍ത്തി സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതിന്റെ ഭാഗമാക്കിയിരിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. പാര്‍ട്ടികള്‍ക്ക് അസുഖകരമായ കോടതി വിധിയുണ്ടായാല്‍ കോടതിയ്ക്കെതിരെ യുവാക്കളെ അണിനിരത്തുന്നത് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിന് തുല്യമാണ്. ആര് ഭരിച്ചാലും പൊതുമുതല്‍ നശിപ്പിക്കുന്നതിന് കൂട്ടുനില്ക്കുന്നതും ജനജീവിതം സമരങ്ങള്‍ വഴി ദുസ്സഹമാക്കുന്നതും നിയമം നടപ്പാകാതെ കുറ്റവാളികളെ വഴിവിട്ട് സഹായിക്കുന്നതും സാമൂഹ്യജീവിതത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്ന തിന്മകള് തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരെ മസ്തിഷ്കപ്രക്ഷാളനം നടത്തി ശത്രുസംഹാരത്തിന് കോപ്പുകൂട്ടുന്നത് ആശാസ്യമായ പ്രവണതയല്ല. പാര്‍ട്ടികളുടെ സ്വത്ത് സമ്പാദനം ജനാധിപത്യത്തെ പണാധിപത്യമാക്കി തീര്‍ക്കുകയാണ്. സര്‍ക്കാര്‍ ഭൂമി ഇടപാടുകളും മതസംഘടനകളും തട്ടിയെടുക്കുവാന്‍ പാര്‍ട്ടികള്‍ തന്നെ മൗനാനുവാദം നല്‍കുന്നത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കും.
കേരളത്തിലെ ഇടത്-വലത് ഭരണമാറ്റമാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭരണ പ്രതിപക്ഷ ഐക്യമാണ് കുറ്റവാളികളെ രക്ഷപ്പെടുന്നതിനും കൊള്ളയും കൊള്ളിവെപ്പും പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഭൂമിയും സ്വത്തും അന്യാധീനപ്പെട്ടു പോകുന്നതിനും കാരണമായിട്ടുള്ളത് എന്ന് ചരിത്രം നോക്കിയാല്‍ ബോധ്യപ്പെടും. ഇടതു-വലതു മുന്നണികള്‍ പല കാര്യങ്ങളിലും നിസ്വാര്‍ത്ഥമായ സഹകരണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ഒരുതരം പരസ്പര സഹായസഹകരണ സംഘം പോലെയാണ് അഴിമതി ഭരണത്തെ ഇരുകൂട്ടരും പ്രോത്സാഹിപ്പിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്നതിലും കേസുകള്‍ തേച്ചുമാച്ചു കളയുന്നതിലും മത-വര്‍ഗ്ഗീയതയെ സാമൂഹ്യ വിപത്തായി വളര്‍ത്തുന്നതിലും ഇരു മുന്നണികളും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിന് തുല്യമാണ്. ഏറ്റവും പുതിയതായി ഭരണത്തില്‍ പങ്കാളിയായ ഒരു വര്‍ഗീയകക്ഷി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഖജനാവിലെ പണം പാര്‍ട്ടിയുടെ പോഷക പ്രസ്ഥാനത്തിലേയ്ക്ക് വഴി തിരിച്ചുവിടുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു എന്നത് ഈ പരസ്പര സഹായസഹകരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
പാര്‍ട്ടി ഭരണം വരുമ്പോള്‍ സ്വാശ്രയക്കാരുമായി ഉടമ്പടികള്‍ ഉണ്ടാക്കുകയും ഭരണം മാറുമ്പോള്‍ യുവാക്കളെ സമരരംഗത്തിറക്കുകയും നേതാക്കളുടെ മക്കള്‍ക്ക് സ്വാശ്രയത്തില്‍ കോഴയില്ലാതെ സീറ്റ് തരപ്പെടുത്തുകയും ചെയ്യുന്നത് സാക്ഷര കേരളം കണ്ട മറ്റൊരു നെറിവുകേടിന് ഉദാഹരണമാണ്. സ്വാശ്രയത്തിനെ എതിര്‍ക്കുന്ന പാര്‍ട്ടി. അതിന്റെ നടത്തിപ്പുകാരെ ജന്മികളായും മുതലാളിമാരായും സങ്കല്‍പ്പിച്ച് സമരം ചെയ്യാന്‍ അണികളെ കയറൂരി വിടുകയും വിദ്യാഭ്യാസ മേഖലയില്‍ സംഘര്‍ഷത്തിന് വെടിമരുന്നിടുകയും ചെയ്യുന്ന പാര്‍ട്ടി തന്നെ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തി പണം കൊയ്യുന്നത് കാണുന്നത് കേരളത്തില്‍ മാത്രമായിരിക്കും. പാര്‍ട്ടി ഭരണത്തില്‍ വരുമ്പോള്‍ കണ്ടല്‍ കാട് നശിപ്പിച്ച് ഗവേഷണ സ്ഥാപനം കൊണ്ടുവരികയും കുടിവെള്ള മുതലാളിമാര്‍ക്കെതിരെ സമരം നടത്തിയ പാര്‍ട്ടി സ്വന്തമായി വാട്ടര്‍ തീം പാര്‍ക്ക് നടത്തി ലാഭം കൊയ്യുന്നതും കേരളത്തിന്റെ മാത്രം സംഭാവനയായിരിക്കും. സര്‍ക്കാര്‍ ഭൂമിയില്‍ പട്ടയം നല്‍കുന്നതും കൈയേറ്റവും കുടിയേറ്റവും പ്രോത്സാഹിപ്പിക്കുന്നതും ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ നടപ്പിലാക്കുന്നത് ഈ സംസ്ഥാനത്ത് മാത്രമായിരിക്കും.
കേരളത്തിന് പുതിയ ഭരണം ആശാവഹമായിട്ടൊന്നും തരുന്നില്ലെന്ന് മാത്രമല്ല മന്ത്രിമാരും ജനപ്രതിനിധികളും മതാടിസ്ഥാനത്തില്‍ പക്ഷം ചേര്‍ന്ന് സംസാരിക്കുകയും ഖജനാവ് വീതിച്ചെടുക്കുകയും തീവ്രവാദ നിലപാടെടുക്കുന്ന സംഘടനകള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്യുന്നത് സംസ്ഥാനത്തെ സാധാരണക്കാരുടെ ജീവിതം സമാധാനപൂര്ണമാക്കുവാന് ഇടവരുത്തുന്ന ഒന്നല്ല. ഉന്നതവിദ്യാഭ്യാസ രംഗത്ത് ജാതീയതയും രാഷ്ട്രീയ അതിപ്രസരവും കണ്ടുതുടങ്ങിയിരിക്കുന്നു. പാലങ്ങളും റോഡുകളും വികസനപ്രവര്‍ത്തനങ്ങളും മതം തിരിച്ച് മാത്രം നല്‍കുക. മതം തിരിച്ച് മന്ത്രിമാരുടെ വകുപ്പ് വിഭജനം, ഒരു പാര്‍ട്ടി അഞ്ചാം മന്ത്രിയ്ക്ക് വേണ്ടി നടത്തിയ ഇടപെടലുകള്‍, കേരള ഭരണം മന്ത്രിഭവനാടിസ്ഥാനത്തില് നടക്കുക. വലിയ മുതലാളിയില്‍നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ കുടിയാന്മാര് കാത്തുകെട്ടി നില്‍ക്കുന്നത് പോലെയാണ് പല മന്ത്രിമാരുടെ ഭവനങ്ങളിലും ആപ്പീസുകളിലും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊതുമുതലും പ്രകൃതിവിഭവങ്ങളും ഏതാനുംപേരുടെ മടിശീലയില്‍ എത്തിച്ചേരുന്ന തരത്തിലുള്ള ഭരണരീതികള്‍ക്ക് കോപ്പുകൂട്ടുന്നതായി ഈ ഭരണത്തെ വിലയിരുത്തുന്നു. സാധാരണക്കാരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ സമ്പന്നര്‍ക്കും മള്‍ട്ടിനാഷണലുകള്‍ക്കും വരുമാനം വര്‍ധിപ്പിക്കുവാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കി നടപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് പൊതുവെ ജനങ്ങള്‍ ചിന്തിക്കുന്നു. സാധാരണക്കാരന് വാഗ്ദാന പെരുമഴയും പണക്കാരന് ബിഒടിയായും നിയമത്തിന്റെ ഇളവായും സബ്സിഡിയായും വിട്ടുവീഴ്ചയായും മറ്റും ധാരാളം ആനുകൂല്യങ്ങള്‍.
പഞ്ചായത്ത് തലം മുതല്‍ സെക്രട്ടറിയേറ്റ് വരെ അഴിമതിയുടെ കണ്ണികള്‍ പെരുകുന്നു. നിയമനങ്ങളെല്ലാം പോലീസിനും ഉദ്യോഗസ്ഥര്‍ക്കും അനധികൃത സ്വത്ത് സമ്പാദനത്തിന് വഴിയൊരുക്കുന്നു. ജനങ്ങള്‍ കൊലപാതകവും കൊള്ളയും കൊള്ളിവെപ്പും ഗുണ്ടായിസവും തീവ്രവാദവും ഫ്ലക്സ് ഭരണവും കണ്ട് മടുത്തു. സംസ്ഥാനത്തെ ജീവിതം നരകതുല്യവും സുരക്ഷിതമല്ലെന്ന ആശങ്കയും ജനങ്ങളില്‍ പടരുന്നു. മാതൃകകളാകേണ്ടവര് തന്നെ എല്ലാറ്റിനും പ്രോത്സാഹനം നല്കുന്നു. സാധാരണക്കാരന് ആശ്വാസവും ആശയും ആവേശവുമായിരുന്ന പാര്‍ട്ടികള്‍തന്നെ സമാധാന ജീവിതത്തിന്റെ അന്തകരായി മാറിയിരിക്കുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ തികച്ചും നിരാശാജനകമാണ്. സാധാരണക്കാരന്റെ ഈ വിഷമം മനസ്സിലാക്കി പാര്‍ട്ടികളും നേതാക്കളും മനസ്സുമാറി പെരുമാറിയാല്‍ മാത്രമേ കേരളത്തിലെ ജീവിതം സാധാരണക്കാരന് സമാധാനം നല്‍കൂ. കൊലപാതകരാഷ്ട്രീയത്തിന് വിരാമമാകൂ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: