ന്യൂദല്‍ഹി: തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യത്തെ വടക്കു കിഴക്കന്‍ മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന അസം റൈഫിള്‍സിനെ നിയന്ത്രിക്കാന്‍ മേധാവിയില്ലെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു മാസമായി അര്‍ധസൈനിക വിഭാഗത്തില്‍ ലഫ്റ്റനന്റ് ജനറല്‍ പദവി ഒഴിഞ്ഞു കിടക്കുകയാണ്.
സാമ്പത്തിക തിരിമറിയെ തുടര്‍ന്നു ലഫ്റ്റനന്റ് ജനറല്‍ രാമേശ്വര്‍ റോയിയെ തത്സ്ഥാനത്തു നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തതിനെ തുടര്‍ന്നാണിത്. മേധാവി സ്ഥാനത്തിരിക്കാന്‍ ആര്‍മിയില്‍ അര്‍ഹതയും പരിചയസമ്പത്തുമുളള നിരവധി ഓഫിസര്‍മാര്‍ ഉണ്ട്. എന്നിട്ടും കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. നിരവധി തവണ ഇക്കാര്യം പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും അധികൃതര്‍ പറയുന്നു.
ഇന്‍ഡോ- മ്യാന്മര് അതിര്‍ത്തിയില്‍ നിന്ന് 1,648 കിലോമീറ്റര്‍ അകലെ ഷില്ലോങ്ങിലാണ് അസം റൈഫിള്‍സിനെ വിന്യസിച്ചിരിക്കുന്നത്. നുഴഞ്ഞുകയറ്റങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നിത്യസംഭവമാകുന്ന കേന്ദ്രം കൂടിയാണിത്. എന്നിട്ടും കേന്ദ്രപ്രതിരോധ മന്ത്രാലയം ഇക്കാര്യത്തില്‍ നിസംഗത കാണിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: