ഇടുക്കി ജില്ലയില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലാണ് പുരാതനമായ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട അഞ്ചു ശാസ്താക്ഷേത്രങ്ങളിലൊന്നാണിത്. അയ്യപ്പന്‍കോവിലും ആര്യങ്കാവും കുളത്തുപുഴയും ശബരിമലയുമാണ് മറ്റുള്ളവ. ഇവിടെയെല്ലാം ഭഗവാന്റെ ഓരോരോ ഭാഗവങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നതെന്ന് ഐതിഹ്യം. ഇടുക്കി ഡാമിന്റെ പ്രധാനഭാഗത്താണ് ക്ഷേത്രം. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് ഗുഹയുണ്ട്. ക്ഷേത്രത്തിന്റെ ഇടതുകോണില്‍ കോവില്‍മല. കോഴിമല എന്നാണ് ഇതറിയപ്പെടുക. ഗുഹയൊക്കെ പാണ്ഡവരുടെ വനവാസക്കാലത്ത് നിര്‍മ്മിച്ചതാണെന്നും ഇതിന്റെ മറ്റേ വാതില്‍ തുറക്കുന്നത് പെരിയാര്‍, ശബരിമല, മധുരമീനാക്ഷിക്ഷേത്രം എന്നിവിടങ്ങളിലേയ്‌ക്കുമാണെന്നും. ഇവിടെ കാണുന്ന നിലവറ മേല്‍ശാന്തി ശാന്തിമഠമായി ഉപയോഗിച്ചിരുന്നതാണെന്നും പുരാവൃത്തം. ക്ഷേത്രത്തിന് പിന്നിലൂടെ പരിപാവനമായ പെരിയാര്‍ ഒഴുകുന്നു. ക്ഷേത്രത്തിനു പടിഞ്ഞാറ് ഭീമന്‍ചുവട്, സീതക്കയം എന്നീ പ്രദേശങ്ങളുമുണ്ട്. ആറ്റിലൂടെ മൂന്നുകി.മീ പോയാല്‍ ഭീമന്‍ചുവട് അവിടെനിന്നും രണ്ടു കി.മീ താഴെ സീതക്കയം.
പാറകൊണ്ടു കെട്ടിയ പീഠത്തിനു മുകളില്‍ ശ്രീകോവില്‍. ശ്രീകോവിലില്‍ ധര്‍മ്മശാസ്താവ്. കിഴക്കോട്ട് ദര്‍ശനം. വടക്കുഭാഗത്ത് മാളികപ്പുറത്തമ്മ, മുന്നില്‍ ഇടതുഭാഗത്ത് കിണറ്റിനു മുന്നില്‍ സര്‍പ്പക്കാവ്. കന്നിമൂലയില്‍ ഗണപതി. രാവിലെ അഞ്ചര മുതല്‍ പത്തരവരെയും വൈകിട്ട് അഞ്ചര മുതല്‍ എഴരവരെയുമാണ് പുജാസമയം. ശബരിമലയെപോലെ പൂജകളും വഴിപാടുകളുമുള്ള ക്ഷേത്രം. എല്ലാമാസവും ആയില്യപൂജയും ശനിയാഴ്ച ദിവസങ്ങളില്‍ ശാന്തിദോഷ നിവാരണത്തിനായി നടത്തുന്ന പൂജയും പ്രധാനമാണ്. ശ്രീരാമജയന്തി, ഗണേശോത്സവം, ശ്രീകൃഷ്ണജയന്തി, ശിവരാത്രി തുടങ്ങിയവയെല്ലാം ഇവിടെ ആഘോഷിച്ചുവരുന്നു. കര്‍ക്കിടവാവുബലിയും വിശേഷമാണ്. വര്‍ഷത്തിലൊരിക്കല്‍ സപ്താഹയജ്ഞവുമുണ്ട്.
മകരവിളക്കിനാണ് ഉത്സവം. ജനുവരി ഒന്നിന് ആരംഭിച്ച് പതിനാലിന് അവസാനിക്കും. മകരവിളക്കുമഹോത്സവത്തോടനുബന്ധിച്ച് ഉപ്പുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ഭഗവാന്റെ തിടമ്പേറ്റിയ ഗജവീരന്‍, താലപ്പൊലി, പാണ്ടിമേളം, തെയ്യം, വാദ്യമേളങ്ങള്‍ കരകയാട്ടം, മുളപ്പാരി, മാവിളക്ക്, അലങ്കാരകാവടികള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും. ഉത്സവത്തിനുശേഷം ആദിവാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മീനൂട്ട് മഹോത്സവും കൂത്തും ക്ഷേത്രത്തില്‍ നടക്കാറുണ്ട്. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ആദിവാസികള്‍ ആറ്റിലെ മീനുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചടങ്ങാണിത്. പഴച്ചാറുകള്‍ ഗ്ലാസ്സില്‍വെച്ച് ദേവനുമുന്നില്‍ സമര്‍പ്പിക്കുന്നു. ഗ്ലാസ്സില്‍ പഴച്ചാറുകള്‍ കുറയുന്നത് കാഴ്ചക്കാരായ ഭക്തരില്‍ ആശ്ചര്യമുളവാക്കും.
പെരിനാട് സദാനന്ദന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: