കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കും. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരോ ? അവരുടെ പേരാണോ സിപിഎം. ആണെന്നു വേണം പറയാന്‍. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ അവര്‍ നിര്‍ബാധം പിന്തുണയ്ക്കാന്‍ തയ്യാറാകുമായിരുന്നില്ല. പണ്ട് ഇന്ദിരാഗാന്ധിയുടെ സ്ഥാനാര്‍ഥിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണച്ച പാര്‍ട്ടിയാണ് സിപിഎം. 1969ല്‍ വി.വി.ഗിരിയെ. ഗിരിയെ ജയിപ്പിച്ച് മാസങ്ങള്‍ കഴിയുന്നതിനു മുമ്പെ കോണ്‍ഗ്രസ് രൂപം നല്‍കിയത് മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയെയാണ്. പിന്നെയും നാലഞ്ചു വര്‍ഷം കഴിഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയില്‍ എന്തൊക്കെ സംഭവിച്ചു എന്ന് നന്നായി അറിയുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. ബംഗാളിലും കേരളത്തിലും അവര്‍ക്കും പീഡനങ്ങള്‍ നേരിടേണ്ടി വന്നു. അടിയന്തരാവസ്ഥയിലെ കേന്ദ്രമന്ത്രിമാരിലൊരാളായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. അന്ന് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്. അതിക്രമങ്ങള്‍ക്ക് നേരിട്ടു നേതൃത്വം നല്കി എന്ന് ആരോപിക്കപ്പെട്ട വ്യക്തി. ഷാ കമ്മീഷനു മുന്നില്‍ കയ്യും കെട്ടി നില്‍ക്കേണ്ടി വന്ന മുഖര്‍ജിയുടെ പേരില്‍ ചുമത്തപ്പെട്ട കേസ് പിന്‍വലിച്ചത് വീണ്ടും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ്.
പ്രണബിന് പിന്തുണ നല്കാന് സിപിഎമ്മിന്റെ ബംഗാള്‍ ഘടകമാണ് തയ്യാറായത്. ആ തീരുമാനത്തെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. പ്രണബ് ബംഗാളുകാരനാണ് എന്ന ന്യായമാണ് ബംഗാളിലെ സിപിഎം പറയുന്നതത്രെ. ബംഗാളിനു വേണ്ടി ദീര്‍ഘകാലം കേന്ദ്രഭരണത്തിലിരുന്ന മുഖര്‍ജി എന്തു ചെയ്തു എന്നു ചോദിച്ചാല്‍ അടിയന്തരാവസ്ഥയില്‍ മാര്‍ക്സിസ്റ്റുകാരെ അടിച്ചൊതുക്കാന്‍ അന്ന് പദ്ധതിയിട്ടപ്പോള്‍ അതിനു പൂര്‍ണ പിന്തുണ നല്കി എന്നതിലപ്പുറം ഒന്നുമില്ല. ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും അതിവേഗം കൂട്ടാന്‍ അധ്വാനിച്ച ധനമന്ത്രി എന്ന ദുഷ്പേര് പലപ്പോഴും സിപിഎം പ്രണബിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും എഡിബിയുടെയും ഭരണ നിര്‍വഹണ സമിതിയില്‍ അംഗമായിരുന്ന പ്രണബിനെ പിന്തുണയ്ക്കാന്‍ എന്തു ന്യായമാണ് ആവോ സിപിഎമ്മിന് നിരത്താനാകുക ? 2008 ഒക്ടോബര്‍ 10ന് അമേരിക്കയുമായി 1 2 3 കരാറില്‍ ഏര്‍പ്പെടുന്നതിനെതിരെ സിപിഎം കാട്ടിക്കൂട്ടിയ കോലാഹലത്തിന് കയ്യും കണക്കുമുണ്ടോ ? കോണ്ടലൈസ റെയ്സുമായി അന്ന് ഒപ്പു വച്ചത് പ്രണബ് കുമാര്‍ മുഖര്‍ജിയായിരുന്നു.
ദുസ്സഹമായ വിലക്കയറ്റത്തിന് ഉത്തരവാദി ആരെന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ധനകാര്യമന്ത്രിയെന്ന നിലയില്‍ ഏറ്റവും വഷളായ ഈ വിഷയം ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ അദ്ദേഹം കൈമലര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. വിലക്കയറ്റവും അഴിമതിയും ആഗോള പ്രതിഭാസമെന്നാണ് അദ്ദേഹത്തിന്റെ വാദം. ലക്ഷക്കണക്കിന് കോടിരൂപയാണ് കുത്തക സ്ഥാപനങ്ങള്‍ക്കു വേണ്ടി അദ്ദേഹം നികുതി ഇളവു നല്‍കിയിട്ടുള്ളത്. അതിന്റെ ചെറിയൊരംശം പോലും സാധാരണക്കാരുടെ ക്ഷേമത്തിനു വേണ്ടി നീക്കി വയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ആഗോള കുത്തകയായി റിലയന്‍സ് ഗ്രൂപ്പിനെ വളര്‍ത്താന്‍ അദ്ദേഹം ചെയ്ത അധ്വാനത്തിന് കയ്യും കണക്കുമില്ല. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് വസ്ത്ര നിര്‍മാണ വിപണന മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു പോന്ന മഫത്ത്ലാല് ഗ്രൂപ്പിനെ തകര്‍ത്തതിന്റെ ക്രെഡിറ്റും മുഖര്‍ജിക്കു തന്നെ. കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് 23,19,323 കോടി രൂപാ നികുതി ഇളവുകള്‍ നേടി കോര്‍പറേറ്റുകള്‍ വളര്‍ച്ച കൈവരിച്ചതിനെയാണ് രാജ്യത്തിന്റെ വളര്‍ച്ചയായി ഭരണകൂടം പാടി നടക്കുന്നത്. ഈ തുകയുടെ വലിപ്പം എത്രയാണെന്ന് നാം തിരിച്ചറിയണം. 2009-10 വര്‍ഷത്തെ ദേശീയ ഉല്പാദനം(ജിഡിപി) 65,50,271 കോടി രൂപയാണെന്ന് ബജറ്റ് രേഖകള്‍ പറയുന്നു. അതിന്റെ മൂന്നിലൊന്നിലും കൂടുതലാണ് കോര്‍പ്പറേറ്റുകള്‍ തട്ടിയത്.
ഇന്ത്യയിലെ 77 ശതമാനം ജനങ്ങളുടെ ദിവസവരുമാനം കേവലം 20 രൂപയാണെന്ന് ഔദ്യോഗിക രേഖകള്‍ പറയുന്നു. അവരുടെ ജീവിതം അല്പമെങ്കിലും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനു പകരം കുട്ടികളുടെ ദയനീയമായ അവസ്ഥയില്‍ ലജ്ജിക്കാനാണ് പ്രധാനമന്ത്രി തയ്യാറായത്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ജനങ്ങളുടെ ദുരിതങ്ങള്‍ വളര്‍ത്തുന്ന നയങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്. അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാതെ ആഴത്തിലേക്ക് പതിക്കുമ്പോള്‍ ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുത്തനെ കുറഞ്ഞു. കയറ്റുമതി കുറയുകയും ഇറക്കുമതി വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ വ്യാപാരകമ്മി കൂടും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ വ്യാപാരകമ്മി 150 ബില്യന്‍ ഡോളര്‍ ആകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 1991 ല്‍ നവ ഉദാരീകരണ നയങ്ങള്‍ നടപ്പിലാക്കാന്തുടങ്ങുമ്പോള് പറഞ്ഞത് വ്യാപാരകമ്മി ഇല്ലാതാക്കാനാണ് പരിഷ്ക്കാരങ്ങള്‍ തുടങ്ങുന്നതെന്നാണ്. പരിഷ്ക്കാരങ്ങളുടെ ബാക്കിപത്രം വിലയിരുത്തുമ്പോള്‍ പരിഷ്കരണവാദികള്‍ മാളങ്ങളില്‍ ഒളിക്കുകയാണ്.
പട്ടിണിയിലും അഴിമതിയിലും നമ്മുടെ രാജ്യം ഒന്നാംസ്ഥാനത്തേക്ക് കുതിക്കുകയാണ്. ഭരണാധികാരികള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. അഴിമതിയില്‍ കുടുങ്ങിയ സംഖ്യകൊണ്ട് ഇന്ത്യാരാജ്യത്തു സ്വര്‍ഗ്ഗം തീര്‍ക്കാം എന്നതാണ് യാഥാര്‍ത്ഥ്യം. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ നല്കിയാലും പണം ബാക്കി ഉണ്ടാകും. ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ ഇന്റര്‍ഗ്രിറ്റി പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഒരു ദിവസം ചുരുങ്ങിയത് 400 കോടി രൂപ കള്ളപ്പണമായി പുറത്തേക്ക് ഒഴുകുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിനുശേഷം നടന്ന അഴിമതികളില്‍ ഉള്‍പ്പെട്ടത് 5,47,936 കോടി രൂപയാണ്. ഈ കണക്ക് കഴിഞ്ഞ വര്ഷത്തേതാണെങ്കില് ഇന്നത് ദശലക്ഷക്കണക്കിനാണ്.
ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരു നിലയ്ക്കും പിന്തുണയ്ക്കാന്‍ കഴിയാത്ത സ്ഥാനാര്‍ഥിയായിരുന്നിട്ടും സിപിഎം എന്തേ പ്രണബിന് ഒപ്പം എന്നു ചോദിച്ചാല്‍ പറയാന്‍ ഒരു ന്യായം കണ്ടേക്കാം. അദ്ദേഹം ചൈനീസ് കമ്മ്യണിസ്റ്റു പാര്‍ട്ടി നേതാവ് ഡെങ്ക് സിയാവോ പിങ്കിന്റെ ആരാധകനാണ്. അദ്ദേഹത്തിന്റെ ഉദ്ധരണികള്‍ ധാരാളമായി ഉപയോഗിക്കുന്ന നേതാവാണ് മുഖര്‍ജിയെന്നും ആശ്വസിക്കാം.
എതിര് സ്ഥാനാര്‍ഥിയായി ഇപ്പോള്‍ രംഗത്തുള്ളത് പി.എ.സാംഗ്മയാണ്. ഗോത്രവര്‍ഗത്തില്‍ പെട്ട സാംഗ്മ ചരിത്രപരമായ ഒരബദ്ധം തിരുത്താനാണ് സ്ഥാനാര്‍ഥിയായി നില്‍ക്കുന്നതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോത്രവര്‍ഗക്കാര്‍ ഭൂമി നല്കി, കാടും നല്കി, പ്രകൃതി സ്രോതസ്സുകളെല്ലാം നല്കി. പക്ഷേ അവര്‍ക്ക് ഇത്രകാലമായിട്ടും തിരിച്ച് ഒന്നും നല്‍കാത്ത തെറ്റ് തിരുത്താന്‍ ഒരവസരം ഒരുക്കകയാണ് തന്റെ സ്ഥാനാര്‍ഥിത്വം എന്ന് അദ്ദേഹം അവകാശപ്പെടുന്നു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും ഒരു രാഷ്ട്രപതി ഇതുവരെ ഉണ്ടായിട്ടില്ലെന്ന കുറവു നികത്താന്‍ അദ്ദേഹം അഭ്യര്‍ഥിക്കുന്നു. ലോകസഭ സ്പീക്കര്‍, സംസ്ഥാന മുഖ്യമന്ത്രി എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കരുത്തുമായാണ് അദ്ദേഹം രംഗത്തു വന്നിട്ടുള്ളത്.
അടുത്ത മാസമാണ് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കേണ്ടത്. ദല്‍ഹി മാള്ചാ വില്ലേജിലെ റെയ്സിനാ കുന്ന് അടുത്ത അഞ്ചുവര്‍ഷം ആര്‍ക്കു സ്വന്തം എന്ന് തിരിച്ചറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇന്ത്യന്‍ രാഷ്ട്രപതിയുടെ, പ്രഥമപൗരന്റെ ആസ്ഥാന മന്ദിരമാണ് നാലായിരം ഏക്കര്‍ വിസ്തൃതമായ ഈ കുന്നില്‍ നിലനില്‍ക്കുന്നത്. 1894ലെ ലാന്റ് അക്വിസേഷന്‍ നിയമപ്രകാരം കുന്നില്‍ നിന്നും അന്ന് മുന്നൂറു കുടുംബങ്ങളെ മാത്രമേ ഒഴിപ്പിക്കേണ്ടി വന്നുള്ളൂ. വൈസ്രോയി മന്ദിരം പണിയാനായിരുന്നു ഇത്. ഇന്ത്യ റിപ്പബ്ലിക് ആയ ശേഷമാണ് ഇത് രാഷ്ട്രപതി ഭവന് ആയി മാറിയത്. വളരെ കുറച്ച് ഇരുമ്പു മാത്രം ഉപയോഗിച്ചു നിര്‍മിച്ച ഈ മന്ദിര സമുച്ചയം ഇന്ത്യ ഒരു ദരിദ്രരാജ്യമാണെന്ന തോന്നലേ ഉളവാക്കുന്നതല്ല. കൊട്ടാരസദൃശമായ 355 സ്യൂട്ടുകള്‍. അതിനകത്തു തന്നെ 700 ഓളം പാലങ്ങള്‍. അത്യപൂര്‍വമായ ശില്പചാതുരി. വിശാലമായ പൂന്തോട്ടം. ഇതിന്റെയൊക്കെ അവകാശിയാണ് ജനകോടികളെന്ന് അവകാശപ്പെടാമെങ്കിലും അതിന്റെ നാലയലത്തു പോലും സാധാരണക്കാരന് പ്രവേശനമില്ല. എന്നാലും പട്ടിണി പാവങ്ങളുടെ പാര്‍ട്ടി എന്നവകാശപ്പെടുന്ന സിപിഎം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തന്നെ പിന്തുണയ്ക്കണം. ബംഗാളിലും കേരളത്തിലും കീരിയും പാമ്പും പോലെ മുഖാമുഖം നില്ക്കുന്ന സന്ദര്‍ഭത്തില്‍ എല്ലാം മറന്ന് കോണ്‍ഗ്രസിനെ വിജയിപ്പിക്കണം പോലും. സഖാക്കളെ മുന്നോട്ട്.
കെ കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: