ആത്മാവ് അതായിത്തന്നെ വര്‍ത്തിക്കുന്നു എന്നതില്‍ അല്പവും സംശയം വേണ്ട. അതറിയാനാവുന്നില്ല, വ്യക്തമാവുന്നില്ല, വിളങ്ങുന്നില്ല എന്നൊക്കെ കരുതുന്നതാര്? യഥാര്‍ത്ഥ ‘ഞാനാ’ണോ? അതോ മിഥ്യയായ ‘ഞാനാ’ണോ? വിചാരം ചെയ്തുകൊണ്ടിരുന്നാല്‍ അതു മിഥ്യ (പൊയ്=കളവ്) യായ ഞാന്‍ ആണെന്നറിയാം. തടസ്സമായി നില്‍ക്കുന്നത് ഈ ‘ഞാനാ’ണ്. സത്യമായ ആത്മസ്വരൂപം മറയ്ക്കുന്ന അതിനെ നീക്കണം. എന്റെ സ്വരൂപം എനിക്കറിയാനാവുന്നില്ല എന്ന ചിന്തയാണ് ഏറ്റവും വലിയ പ്രതിബന്ധം. വാസ്തവത്തില്‍ സ്വരൂപം നിത്യസിദ്ധമായി വര്‍ത്തിക്കുന്നു. ഇനിമേലില്‍ പുതുതായി ബോധിക്കേണ്ടതല്ല അത്. ഇതുവരെ ഇല്ലാതിരിന്നതാണെങ്കില് ഇനി മേലില്‍ അതിലെത്തിച്ചേരണം. അങ്ങനെയെങ്കില്‍ അത് മറഞ്ഞുപോവുകയും ചെയ്യും. അങ്ങനെ ഉത്ഭവിച്ചും മറഞ്ഞും പോകുന്നവയെക്കൊണ്ട് എന്താണ് പ്രയോജനം. നിരന്തരമായുള്ളതും ഏതോ തടസ്സങ്ങളാല്‍ പ്രതിബന്ധങ്ങളാല്‍ ഇപ്പോള്‍ തെളിയാതിരിക്കുന്നതും ആയ ഒന്നിനെയാണ് നാം തേടുന്നത്. എപ്പോഴും ഉള്ള അത് അറിയായ്മയാല്‍ വ്യക്തമാവുന്നില്ല, തെളിയുന്നില്ല. ഈ അറിയായ്മയാണ് പ്രതിബന്ധം. അതിനെ അകറ്റിയാല്‍ ഉള്ളത് എപ്പോഴുമുള്ളവിധത്തില്ത്തന്നെ സ്വപ്രകാശമായി വിളങ്ങും. ഈ അജ്ഞത അഹങ്കാരമാണ്. അതെവിടെനിന്നുത്ഭവിക്കുന്നു എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ അതു സ്വയം ഇല്ലാതാവും.
ഈ അഹന്തപിശാച് തനിക്കു സ്വന്തമായി സ്വരൂപമില്ലാത്തതിനാല് ഒരു ശരീരത്തിര്‍ ബാധിച്ച് നൃത്തം ചവുട്ടി മറയുന്നു. ഞാന്‍ ശരീരമാണ് എന്നഭിമാനിക്കുന്നതേതാണോ അതാണഹന്ത. അതിനെയാണ് നാം ഒഴിപ്പിക്കേണ്ടത്. ഈ ‘ഞാന്‍’ എവിടെനിന്നു പുറപ്പെടുന്നു എന്നു ശ്രദ്ധിച്ചാല്‍ അതു പുറപ്പെട്ടിടത്തുതന്നെ ലയിക്കും. ജഡശരീരം ഞാന്‍ എന്നു വ്യവഹരിക്കില്ല. അഹന്ത എന്ന ഈ ‘ഞാനാ’ണ്, ശരീരമാണ് ഞാന്‍ എന്നു വ്യവഹരിക്കുന്നത്. ഈ അഹന്ത-ശരീരമാണ് ഞാന്‍-ശരീരം ഞാനാണ്- എന്നഭിമാനിക്കുന്ന അഹന്തയെന്താണ്? എന്നാരാഞ്ഞാല്‍ അന്വേഷിച്ചുകൊണ്ടേയിരുന്നാല്‍, അതു സ്വയം മറഞ്ഞുപോവും.
രമണമഹര്‍ഷി
വിവ: സരസ്വതി എസ്.വാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: