എന്താണ് ഈ പാദനമസ്കാരമെന്നറിയുമോ? ഒരു ആചാര്യന്റെ പാദങ്ങള്‍ തൊട്ട് നമസ്കരിക്കുന്നത് നമ്മുടെ ആഗ്രഹവും മനോഭാവവും പ്രകടിപ്പിക്കുന്ന ഒരു ആചാരം മാത്രമാണ്. ഒരു ആചാര്യനെ എങ്ങനെ തൊഴണം എന്നറിയണം. വ്യാകുലപ്പെട്ട മനസ്സുകൊണ്ട് നമ്മുടെ വാക്കും ചിന്തയും എല്ലാം ആചാര്യനില്‍ ശരണം പ്രാപിക്കുന്നതോടുകൂടി ഒരേ ഒരു നമസ്കാരത്തിന്റെ ആവശ്യമേയുള്ളൂ. പിന്നെ രണ്ടാമതൊരു നമസ്കാരത്തിന് പ്രസക്തിയില്ല.
നമ്മുടെ നമസ്കാരങ്ങളൊക്കെ എന്താണ്? ഒരാള്‍ നമസ്കരിക്കുന്നു. അതുകണ്ടിട്ട് മറ്റുള്ളവരൊക്കെ മൃഗങ്ങളെപോലെ തിരക്കുകൂട്ടുന്നു. ഈ നമസ്കാരങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് എന്താണ് സമാധാനം കിട്ടുക. അതേ നിമിഷം പറയുന്ന വചനങ്ങള്‍ ശ്രവിച്ച് ഈശ്വരന്റെ കാരുണ്യത്തെ ഉള്‍കൊണ്ട് അതെ സ്ഥലത്ത് നിന്നുതന്നെ ആ സാന്നിദ്ധ്യത്തെ നാം നമിക്കുകയാണെങ്കില്‍ അതിന്റെ അടിത്തറ വേറെയല്ലേ മറ്റുള്ളതൊക്കെ ആചാരത്തിനുവേണ്ടി. നമ്മളില്‍ ഉയര്ന്നവരെ നാം ബഹുമാനിക്കുന്നു. എന്നുള്ളതില്‍ കവിഞ്ഞ് ഒന്നുമില്ല. ശരിക്കൊരു ആചാര്യന്റെ മുമ്പില്‍ നമസ്ക്കരിക്കാന്‍ പോലും നമുക്കറിയില്ല. നമ്മുടെ മനസ്സ്, വാക്ക്, കര്‍മ്മം, വ്യാകുലത ഇതെല്ലാം ഏകമായി ചേര്‍ന്ന് നമ്മള് ആ സര്‍വ്വേശ്വരനെ പൂര്‍ണ്ണമായി ശരണം പ്രാപിക്കുകയാണ് യഥാര്‍ത്ഥ നമസ്കാരം. അതും ആചാര്യന്റെ വ്യക്തി പ്രഭാവത്തെയല്ല ആചാര്യനിലൂടെ ഒഴുകുന്ന ഈശ്വരീയ ചൈതന്യത്തെയാണ് നാം ശരണം പ്രാപിക്കുന്നത്. അങ്ങിനെ ശരണം പ്രാപിക്കാന്‍ കഴിഞ്ഞാല്‍ ഒരേ ഒരു നമസ്കാരം മാത്രം മതി. എങ്കിലും നമസ്കരിക്കാനും തിരക്കുകൂട്ടാനും നിങ്ങള്‍ വെപ്രാളം കാണിക്കുന്നു. അതിന്റെ അര്‍ത്ഥം ഈശ്വരനെയും അതുപോലെ ആചാര്യന്മാരെയും എങ്ങിനെ ആശ്രയിക്കണമെന്ന അറിവ്പോലും നമ്മുടെ സംസ്കാരത്തില്‍ ഇല്ലാ എന്നുതന്നെയാണ്. ആചാര്യന്മാരുടെ ശരീരത്തെ കണ്ട് കാല്‍തൊട്ട് നമസ്കരിച്ചിട്ട് കാര്യമില്ല. ഞാന്‍ പറയുന്നു ഇന്നത്തെ കാലത്ത് അതിലൊരു അര്‍ത്ഥവുമില്ല. ആചാര്യന്റെ വാക്കുകള്‍ ശ്രവിച്ച് അത് ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നിങ്ങള്‍ ആചാര്യപാദത്തില്‍ നമസ്കരിക്കുന്നവര് ആയി തീരുന്നു.
നമസ്ക്കരിക്കുക എന്നാല്‍ ശരണം പ്രാപിക്കുക എന്നാണ് അര്‍ത്ഥം. ആചാര്യനെ നമസ്ക്കരിക്കുക എന്നുപറഞ്ഞാല്‍ പ്രവഹിക്കുന്നതും നമുക്ക് ആവശ്യമായതുമായ എന്തോ അതിനെ സ്വീകരിച്ച് ആശ്രയിക്കുന്നു എന്നാണ് സാരം. തിരക്കില്‍ കുമ്പിട്ട് കാലതൊട്ട് പോയതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടുക. നിങ്ങളുടെ ഒരു സംതൃപ്തി എന്നതില്‍ കഴിഞ്ഞ് അതുകൊണ്ട് ഒരു ഗുണവുമില്ല. നമിക്കേണ്ടതിനെ നമിക്കുക. ആചാര്യന്റെ കാരുണ്യത്തെ ആചാര്യനിലൂടെ ഒഴുകുന്ന ഈശ്വരഭക്തിയെ ഹൃദയത്തില്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ അതുതന്നെയാണ് നമസ്ക്കാരം.
നമിക്കുക എന്നുപറഞ്ഞാല്‍ താദാത്മ്യം പ്രാപിക്കുക എന്നാണ് താല്പര്യം. ബാക്കിയെല്ലാം ഒരു ബാഹ്യ ചടങ്ങ് മാത്രമാണ്. ഇനിയെങ്കിലും നാമിതെല്ലാം പഠിക്കണ്ടേ. പഠിക്കാതെ എങ്ങിനെയാണ് ഭാവി തലമുറക്ക് പകര്ന്നുനല്കുന്നത്. ബഹുമാനിക്കണം. ആദരിക്കണം. ഞാന്‍ വേണ്ടെന്ന് പറയുകയല്ല. അത് എല്ലാവരോടും വേണം. ആചാര്യന്മാരെ മാത്രമല്ല മാതാപിതാക്കളെയും ബഹുമാന്യരേയും നമിക്കുന്നത് ഈ നാടിന്റെ സംസ്കാരമാണ്. ഞാനത് നിഷേധിക്കുകയല്ല. എങ്കിലും ഇത്രയും തിരക്കുകൂട്ടി വ്യാകുലപ്പെടേണ്ട ആവശ്യം എന്താണ്.
കുട്ടികളില്‍ അറിവ് വികസിക്കുന്നതിന് വേണ്ടി മാത്രമാണല്ലോ ഇന്നത്തെ യജ്ഞം. നിങ്ങള്‍ക്ക് മറ്റേതു ദിവസങ്ങളിലും വന്ന് തഥാതനെ കാണാമല്ലോ. നിങ്ങള്‍ക്ക് വേണ്ടത് ചോദിക്കാമല്ലോ. എന്തുകൊണ്ട് ഇത്തരത്തില്‍ പറയേണ്ടിവന്നു എന്നുവെച്ചാല്‍ നാമെല്ലാവരും മക്കളെകുറിച്ച് വേവലാതി കൂട്ടുന്നവരാണല്ലോ. അവരെകുറിച്ച് ചിന്തിക്കുകയും അവരുടെ വളര്‍ച്ച കാംക്ഷിക്കുകയും ചെയ്യുന്നവരല്ലേ. അതിനുവേണ്ടി അനവധി ഗാര്‍ഹസ്ഥ്യന്‍മാര്‍ വ്യാകുലപ്പെട്ട് കരയുകയും ചെയ്യുന്നു. ഈ കരയുന്നവര്‍ തന്നെയാണ് ഈ കുട്ടികളുടെ കൂടെ ഇത്രയും തിരക്കുകൂട്ടി ഇരിക്കുന്നതും.
അവരുടെ വളര്‍ച്ചയെ കാംക്ഷിക്കുമ്പോള്‍ നമ്മുടെ ആവശ്യങ്ങളാണോ മുന്നോട്ട് വെക്കുക. അതോ എന്റെ മുന്നില്‍ ഈ കുഞ്ഞുങ്ങളെയെല്ലാം സമാധാനപരമായി ഇരുത്തി നിങ്ങള്‍ അപ്പുറത്ത് മാറിനിന്ന് ഈ കുട്ടികളില്‍ നടക്കുന്ന അത്ഭുതങ്ങള്‍ കണ്ട് സന്തോഷിക്കുകയാണോ ചെയ്യേണ്ടിയിരുന്നത്. അപ്പോള്‍ കുട്ടികളുടെ വളര്‍ച്ചമാത്രമല്ല നിങ്ങളുടെ ഉദ്ദേശം അതിനിടയില്‍ കൂടി നിങ്ങള്‍ക്കും വളരണം. തെറ്റ് എന്ന് ഞാന്‍ പറയുന്നില്ല. എങ്കിലും കുട്ടികള്‍ക്ക് മാത്രമായി യജ്ഞവേദി സജ്ജമാക്കുവാന്‍ നാം ഇത്ര ബഹളം വെക്കുന്നത് ഉചിതമാണോ എന്നും ചിന്തിക്കേണ്ട്.
ഇനി വളരുന്ന തലമുറകളെ മാതൃകപരമായി വളര്‍ത്താന്‍ വേണ്ടി നിങ്ങള്‍ അറിയേണ്ട് പല സംഗതികളുമുണ്ട്. എല്ലാവരും തിരക്കുകൂട്ടുകയാണ്. വാസ്തവത്തില്‍ തിരക്കുകൂട്ടേണ്ട് ആവശ്യമുണ്ടോ. ഉള്ള സ്ഥലത്ത് എല്ലാവരും ഇരുന്ന് ഈ സദ് വചനങ്ങള്‍ ശ്രവിച്ച് നിങ്ങളുടെ ജീവിതത്തെ ഒരു പുതിയ മേഖലയിലേയ്ക്ക് എടുത്തുവെക്കാനുള്ള സന്ദര്‍ഭമാണിത്. ഇവിടെ നിന്ന് ഒരു പുതിയ ജീവിത രീതിയെ കൈപ്പറ്റുക. ഇതുവരെ കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി പുതിയതിനെ പറ്റി ചിന്തിക്കുക.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: