യോഗസൂത്രത്തില്‍ പതഞ്ജലി ശുദ്ധീകരണത്തിനുള്ള ഒരു സമഗ്രപദ്ധതി വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മതത്തില്‍ സദാചാരനിയമങ്ങള്‍ രണ്ടുതരമാണ്. യമം (പൊതുനിയമങ്ങള്‍), നിയമം (പ്രത്യേക നിയമങ്ങള്‍). യമത്തിന്റെ അഞ്ചുനിഷ്ഠകള് എല്ലാവരും എല്ലായിടത്തും എല്ലാക്കാലത്തും അനുഷ്ഠിക്കേണ്ടതാണ്. ആദ്യം അഹിംസ – മറ്റുള്ളവര്‍ നല്ലവരോ ചീത്തവരോ ആവട്ടെ, അവരോട് വിദ്വേഷഭാവം പുലര്‍ത്താതിരിക്കുക. മനസ്സില്‍ പൊന്തുന്ന വിദ്വേഷഭാവനകളെ അകറ്റുക. അശാന്തമനസ്സുകൊണ്ട് ഏതാഗ്രമാക്കുകയും അതേസമയം ആരോടെങ്കിലും ദ്വേഷഭാവന പുലര്‍ത്തുകയും സാദ്ധ്യമല്ല. ഉയര്‍ന്നതരം ഏകാഗ്രതയെപ്പറ്റിയാണ് പറയുന്നത്.
രണ്ടാമത്തെ പ്രധാനകാര്യം ബ്രഹ്മചര്യമാണ്. ബ്രഹ്മചര്യംകൂടാതെ യഥാര്‍ത്ഥമായ ആദ്ധ്യാത്മികജീവിതമില്ല. ലൈംഗികകര്മ്മംകൊണ്ടും ഭോഗേച്ഛകൊണ്ടും ജീവിതത്തെ സുഖസമ്പുഷ്ടമാക്കാനുള്ള രസംകൊണ്ട് മനഃശക്തി മുഴുവന്‍ ശരീരമാകുന്ന വലയിലെ മൂഷികദ്വാരങ്ങളിലൂടെ ഒഴുകിപ്പോകാന്‍ അനുവദിക്കുകയാണെങ്കില്‍ ഉയര്‍ന്നതരം സാധനയ്ക്കുവേണ്ട ശക്തി അവശേഷിക്കില്ല. കരയില്‍ കെട്ടിയിട്ട തോണി തുഴഞ്ഞിട്ട് കാര്യമില്ല. ഈശ്വരസമ്പര്ക്കമാണ് നമുക്കാവശ്യം. ഭോഗേച്ഛയുടെ രൂപത്തില്‍ എന്തെങ്കില് തടസമുണ്ടെങ്കില്‍ ഈശ്വരസമ്പര്‍ക്കം സാദ്ധ്യമല്ല. സന്ദേശങ്ങളയയ്ക്കാനുള്ള കമ്പി പൊട്ടിയതുപോലെയാണത്. വിദ്യുച്ഛക്തിയുണ്ട്, കമ്പിയടിക്കാനറിയുന്ന ആളുമുണ്ട്; എന്നാല്‍ പൊട്ടിക കമ്പി ശരിയാക്കുന്നതുവരെ, തടസ്സം നീക്കുന്നതുവരെ, സന്ദേശം ലക്ഷ്യത്തിലെത്തില്ല.
പിന്നെ സത്യം. വാക്കിലും ചിന്തയിലും കര്‍മ്മത്തിലും സത്യം പാലിക്കണം. തനിക്ക് സത്യമൊഴികെ എല്ലാം ത്യജിക്കാന്‍ സാധിച്ചുവെന്ന് ശ്രീരാമകൃഷ്ണന് പറഞ്ഞു. മിത്ഥ്യാചാരത്തിനും ആത്മവഞ്ചനയ്ക്കും ആദ്ധ്യാത്മികജീവിതത്തില്‍ സ്ഥാനമില്ല.
പിന്നെ ആസ്തേയം. – കക്കാതിരിക്കല്‍. ഇത് സ്ഥൂലാര്‍ത്ഥത്തില്‍ മാത്രം ധരിച്ചാല്‍ പോരാ. വേറൊരാള്‍ക്ക് നഷ്ടം വരുത്തി നാം എന്തെങ്കിലും കൈവശമാക്കാന്‍ ശ്രമിക്കരുത്, വക്രമാര്ഗ്ഗത്തിലൂടെ എന്തെങ്കിലും സമ്പാദിക്കുന്നത്, കക്കലാണ്.
അഞ്ചാമതായി അപരിഗ്രഹം. സാധകന്മാര് അവനധി സാധനങ്ങള്‍ സമ്പാദിച്ച് ഭാരം കൂട്ടരുത്. സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള പ്രവണത അവര്‍ ഉപേക്ഷിക്കണം. നിങ്ങള്ക്കാവശ്യമില്ലാത്തത് മറ്റുള്ളവര്‍ക്ക് കൊടുക്കുക. മറ്റുള്ളവരില്‍നിന്ന് ദാനം സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ വയ്യെങ്കില്‍ പകരം അവര്‍ക്കെന്തെങ്കിലും കൊടുക്കുക, പണം കൊടുക്കാന്‍ കഴിവില്ലെങ്കില്‍ സ്നേഹമോ സേവനമോ വിദ്യയോ കൊടുക്കുക.
‘നിയമ’ത്തിലും അഞ്ചുനിഷ്ഠകളുണ്ട്. ആദ്യം ശൗചം – പരിശുദ്ധി – ശശീരമനസ്സുകളുടെ ശുദ്ധി. ശരീരം ഈശ്വരക്ഷേത്രമാണ്. അതിനെശുദ്ധമാക്കിവയ്ക്കണം. രണ്ടാമത്, സന്തോഷം. നമ്മുടെ ഭൗതികചുറ്റുപാടുകളില് നാം സംതൃപ്തരായിരിക്കണം. നിങ്ങളുടെ ആദ്ധ്യാത്മപുരോഗതി തൃപ്തികരമായെന്നുവരില്ല; എന്നാല്‍ വിഷമങ്ങള്‍ക്കെല്ലാം നിങ്ങളുടെ പരിതഃസ്ഥിതിയെ കുറ്റപ്പെടുത്തരുത്. എപ്പോഴും പിറുപിറുക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ തങ്ങളുടെ സമയവും ശക്തിയും വ്യയം ചെയ്യുകമാത്രമാണ്. ആവശ്യമില്ലാതെ അസന്തോഷം ഉണ്ടാക്കരുത്. പിന്നെ തപസ്സ് – ഇന്ദ്രിയസംഗമം, എന്തെങ്കിലും ഇന്ദ്രിയപരമായ സുഖാനുഭവത്തിന് മുഴുവന്‍ വഴങ്ങിക്കൊടുക്കുന്ന ഒരാള്‍ക്ക് മനശാന്തിയുണ്ടാവില്ല. ആത്മസംയമമില്ലാത്തവന് യോഗം അസാദ്ധ്യമാണെന്ന് വ്യാസന് പറയുന്നു. അടുത്തതായി ഈശ്വരപ്രണിധാനം – ഭഗവാന് ആത്മസമര്‍പ്പണം ചെയ്യല്‍. അതിന്റെ ഫലമായി ഏറ്റവും സൂക്ഷ്മമായ അശുദ്ധി – അഹങ്കാരം – അകലുന്നു. ഇക്കാര്യം പ്രധാനമാണ്. ആദ്ധ്യാത്മസാധനയിലെ അടുത്ത പടി – ആസനാഭ്യാസം – തുടങ്ങുന്നതിന് മുന്‍പായി സാധകന് ഈ സദാചാരനിഷ്ഠ ഉറപ്പിച്ചിരിക്കണം. ആചാര്യന്മാര് പരിശുദ്ധിക്കും അനാസക്തിക്കും അത്രയധികം പ്രാധാന്യം നല്കുന്നു.
– യതീശ്വരാനന്ദസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: