‘വിശ്വാസ്യത’ എന്ന വാക്കിന് പോലും വിശ്വാസ്യത നഷ്ടമായ കാലഘട്ടമാണിത്. ആര്‍ക്ക് ആരെ വിശ്വസിക്കാം? രാഷ്ട്രീയ സദാചാര മൂല്യങ്ങള്‍ അപ്രത്യക്ഷമായി, അധികാരം മാത്രം കേന്ദ്രലക്ഷ്യമായപ്പോള്, കേരളത്തിലെ സിപിഎമ്മില്‍ നാടുവാഴിത്തമാണെന്ന് ഇടത് തത്വികാചാര്യനായ പ്രഭാത് പട്നായിക്ക് പോലും ആരോപിക്കുമ്പോള്‍ ഇടതു-വലതുഭേദമെന്യേ ഇന്ന് ജനങ്ങള്‍ വോട്ടുബാങ്കുകള്‍ മാത്രമാണ്. തങ്ങളെ അധികാരത്തിലേറ്റി അഴിമതിയും അവിഹിതവും കൊലപാതകവും എല്ലാം നടത്താന്‍ പരമാധികാരം നല്കുന്ന വെറും ഉപകരണങ്ങള്‍. അതുകൊണ്ടാണല്ലോ സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും ഭാരതത്തില്‍ ദരിദ്രരുടെ എണ്ണവും കോടീശ്വരന്മാരുടെ എണ്ണവും സമാന്തരമായി വര്‍ധിക്കുന്നത്.
നെയ്യാറ്റിന്‍കരയില്‍ ഇടതുപക്ഷത്തുനിന്ന് ജയിച്ച് നിയമസഭയിലെത്തിയശേഷം പ്രതിപക്ഷം ആരോപിക്കുന്നപോലെ ആര്. ശെല്‍വരാജ് അഞ്ച് കോടി വാങ്ങി വലതുപക്ഷത്തുവന്ന് ജയിച്ച് ആദ്യം ദൈവനാമം സ്വീകരിക്കാതെ ഇപ്പോള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കളമൊരുക്കിയത് നെയ്യാറ്റിന്കരക്കാരാണല്ലോ. അനാവശ്യ സമയങ്ങളില്‍ സാമുദായിക വികാരം ആളിപ്പടരുകയും അല്ലാത്തപ്പോള്‍ സമുദായത്തെ മറക്കുകയും ചെയ്യുന്നവരാണ് നമ്മള്. സമുദായവും ചില നേതാക്കളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതിന്റെ ലക്ഷണമാണല്ലോ മന്ത്രി ഗണേഷ്കുമാറിനെതിരെ അദ്ദേഹത്തിന്റെ പിതാവിന്റെ ചൊല്‍പ്പടിക്ക് നില്ക്കുന്ന സമുദായം പഴിചൊരിയുന്നത്.
രാഷ്ട്രീയക്കാര്‍ ഏറ്റവും പ്രാഗല്ഭ്യം തെളിയിക്കുന്നത് വാഗ്ദാനപ്പെരുമഴയിലാണ്. ഈ വാഗ്ദാനപ്പെരുമഴയില്‍ ഒരു തുള്ളി പോലും ജനങ്ങളുടെ മരുഭൂമിയില്‍ വീഴുന്നതായി കാണുന്നില്ല. രാഷ്ട്രീയ വിവേചനത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അര്‍ഹരായവര്‍ പുറംതള്ളുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി, പ്രധാനമന്ത്രിയടക്കം, നട്ടെല്ല് ഇറ്റലിക്ക് പണയംവെച്ചിരിക്കുന്നതിനാല് കരുണാകരഭാഷയില് ‘മദാമ്മ’യുടെ അഭീഷ്ടം മാത്രമേ ഇന്ത്യയില്‍ നടക്കുകയുള്ളൂ.
കേരളത്തില്‍ രാജ്യസഭാ സീറ്റ് ഒഴിവ് വന്നപ്പോള്‍ ആ സീറ്റിന് എന്തുകൊണ്ടും അനുയോജ്യനായ, നീതിയുടെയും സത്യസന്ധതയുടെയും പ്രതീകമായ, ജനകീയ പ്രശ്നങ്ങളില്‍ ഉയരുന്ന ഏക ശബ്ദമായ വി.എം. സുധീരനെ തള്ളി, ഇന്ത്യാ വിഷനിലെ വാരാന്ത്യത്തില്‍ പരാമര്‍ശിച്ചപോലെ “സൂര്യനെല്ലി കുര്യന്’ മൂന്നാം ഊഴം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത് ക്രൈസ്തവനായ അദ്ദേഹം എ.കെ. ആന്റണിയെപ്പോലെ മദാമ്മക്ക് പ്രിയപ്പെട്ടവനായതുകൊണ്ടാണല്ലൊ. എന്ത് വിശ്വാസ്യതയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്?
ഇപ്പോള്‍തന്നെ പ്രഗല്ഭനായ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിഭവനില്‍ ഒതുക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? പത്ര-ദൃശ്യമാധ്യമങ്ങള്‍ അനവരതം കാണുന്ന ജനസമൂഹം ആഹാരം കഴിക്കുന്നപോലെ അതും വായിച്ചും കണ്ടും മറന്നും പതിവ് ദിനചര്യകളില്‍ ഏര്‍പ്പെടുന്നു. ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ മൂല്യച്യുതിക്ക് പ്രധാന കാരണം ജനങ്ങളുടെ നിസ്സംഗതയാണ്.
വി.എസ്. അച്യുതാനന്ദനാണ് നെയ്യാറ്റിന്‍കരയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം എന്നെല്ലാവര്‍ക്കും അറിയാം. വിഎസ് നെയ്യാറ്റിന്‍കരയില്‍ ചെന്ന് കയ്യും കാലും ഇളക്കി കഥാകാലക്ഷേപ മാതൃകയില്‍ സെല്‍വരാജിനെ ഭത്സിച്ച്, കൂറുമാറ്റക്കാരേ ഇതിലേ ഇതിലേ എന്ന് ഉമ്മന്‍ചാണ്ടി പറയുന്നുവെന്ന് പരിഹസിച്ചശേഷം തെരഞ്ഞെടുപ്പിന്റെ ഉഷ്ണച്ചൂടില്‍ നെയ്യാറ്റിന്‍കര പൊരിയുമ്പോള്‍ പോയതെവിടേക്കായിരുന്നു ? മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിഷ്ഠൂരമായി കൊലചെയ്ത ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ പൊട്ടിക്കരയുന്ന ഭാര്യ രമയെ ചേര്‍ത്തുപിടിച്ച് സമാശ്വസിപ്പിക്കുവാന്‍ ആണ് പോയത്. നെയ്യാറ്റിന്‍കര പ്രസംഗവും ഒഞ്ചിയം പ്രവൃത്തിയും തമ്മില്‍ എന്ത് ബന്ധം? അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്? പക്ഷെ അദ്ദേഹത്തിന്റെ കഥാകാലക്ഷേപം ജനങ്ങളെ വശീകരിച്ച് കയ്യടി നേടാന്‍ പോന്നതാണ്. പൊതുജനത്തെ കഴുതയോടുപമിക്കുന്നത് കഴുതകള്‍ക്ക് അപമാനമാണ്.
ചന്ദ്രശേഖരന് വധാന്വേഷണം കേരളം ശ്വാസമടക്കി നിരീക്ഷിക്കുന്ന കേസാണ്. ആരെ എപ്പോള്‍ എവിടെവെച്ച് അറസ്റ്റ് ചെയ്യുന്നു എന്ന് ജനങ്ങള്‍ സാകൂതം ശ്രദ്ധിക്കുന്നു. ഷെര്‍ലോക് ഹോംസിനെപ്പോലും പരാജയപ്പെടുത്തി ഈ കേസ് അന്വേഷിക്കുന്ന പോലീസുകാരില്‍ ചിലര്‍ ഒറ്റുകാരായി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത്ര ക്രൂരവും നിഷ്ഠൂരവും കേരളത്തെ ലോകസമക്ഷം അപമാനിച്ചതുമായ ഒരു കൊലപാതകാന്വേഷണം അട്ടിമറിക്കാന്‍ പോലീസുകാര്‍ ഒറ്റുകാരായി എന്ന് വെളിപ്പെടുമ്പോള്‍ പോലീസുകാരുടെ സംശയാസ്പദമായ വിശ്വാസ്യത പിന്നെയും തകരുകയാണ് ചെയ്തത്. പോലീസില്‍ അഴിമതിക്കാരുണ്ടെന്നും 365 പോലീസുകാര്‍ ബലാല്‍സംഗം ഉള്‍പ്പെടെ ചെയ്യുന്ന ക്രിമിനലുകളാണെന്നുമുള്ള റിപ്പോര്‍ട്ടിനെക്കാളും ജനങ്ങളെ ഞെട്ടിച്ചത് ഈ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു. ടിപി ഘാതകരെ കണ്ടുപിടിച്ച് ശിക്ഷിക്കുക എന്നത് കേരളസമൂഹം നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ആഗ്രഹമാണ്. ഈ കൊലപാതകവും പിന്നാലെ വന്ന മണിപ്രഭാഷണവും കേരളത്തിന്റെ പ്രതിഛായ ആഗോളതലത്തില്‍ കളങ്കപ്പെടുത്തിയതാണല്ലോ. ഒരു രാഷ്ട്രീയ കൊലപാതകത്തിലും യഥാര്‍ത്ഥ പ്രതികളല്ല, രാഷ്ട്രീയപാര്‍ട്ടികള്‍ ചാവേറാക്കുന്ന ഡ്യൂപ്പുകളാണ് ശിക്ഷിക്കപ്പെടുന്നതെന്ന ക്രൂരമായ, മാധ്യമങ്ങള്ക്കറിയാമായിരുന്ന യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ മണിപ്രവാളം സഹായകമായെന്നത് മറ്റൊരു കാര്യം.
വീട്ടിലും സമൂഹത്തിലും ഒന്നും ആരെയും ഇന്ന് വിശ്വസിക്കാന്‍ വയ്യ. സ്വന്തം അച്ഛന് മകളെ ബലാല്‍സംഗം ചെയ്യുന്നു. സ്വന്തം അമ്മ മകളെ പെണ്‍വാണിഭത്തിനായി വിറ്റശേഷം കേസായപ്പോള്‍ ചില പ്രതികളുടെ പേരുകള്‍ പറയരുതെന്ന് മകളോട് നിര്‍ദ്ദേശിക്കുന്നു. അവിഹിതം നടത്തി പ്രസവിച്ചശേഷം ചോരക്കുഞ്ഞിനെ അമ്മമാര്‍ പെരുവഴിയില്‍ ഉപേക്ഷിക്കുന്നു. ബസ്സില്‍ പ്രസവിച്ച ശേഷം കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്ന് ഉപേക്ഷിക്കുന്നു. മാതൃത്വം എത്ര മഹനീയം!
ഇന്ന് അയല്വക്കക്കാരെക്കൂടി വിശ്വസിക്കാന്‍ വയ്യ. ഏതെങ്കിലും വീട്ടില്‍ ഒരു പെണ്‍കുട്ടിയോ സ്ത്രീയോ ബുദ്ധിമാന്ദ്യമുള്ളവളോ ഒറ്റക്കാണെന്നറിഞ്ഞാല് അവളെ ബലാല്‍സംഗം ചെയ്യാന്‍ ഉൗഴം കാത്തുനില്ക്കുന്ന അയല്‍ക്കാര്‍. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ മിഠായി വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് എടുത്തുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്നവര്‍. മദ്യത്തിനുവേണ്ടി സ്വന്തം അമ്മയെ ബലാല്‍സംഗത്തിന് കൂട്ടിക്കൊടുക്കുന്ന മകന്. സ്വത്തിനുള്ള ആര്‍ത്തി ഏത് ബന്ധങ്ങളെയും ബന്ധങ്ങളല്ലാതാക്കുന്നു. ശിഷ്യഭോഗികളാകുന്ന ഗുരുക്കന്മാര്! മാതാ-പിതാ-ഗുരു-ദ്രോഹികള്‍!
ഈ പ്രതിഭാസം കേരളത്തില്‍ ഒതുങ്ങുന്നതാണോ അതോ ഇന്ത്യ മുഴുവന്‍ ഇങ്ങനെയാണോ? എനിക്കറിയില്ല. കേരളം മദ്യോപയോഗത്തില്‍ മുന്നിലാണ്. മനോരോഗികളുടെ കാര്യത്തിലും കേരളം മുന്നേറുകയാണ്. ആരോഗ്യവികസന സൂചികകളില്‍ പ്രഥമമായിരുന്ന കേരളത്തില്‍ ഇന്ന് കാന്‍സര്‍ പടരുകയാണ്. ഹൃദ്രോഗം 65 ദശലക്ഷം ഇന്ത്യക്കാരെ പിടികൂടി എന്നാണ് പറയപ്പെടുന്നത്.
ഇതിനെല്ലാം പുറമെയാണ് നാം വൃദ്ധരെ വഴിയാധാരമാക്കുന്നത്. വയോജന പീഡനം കേരളത്തിലും വ്യാപകമാണെന്നാണല്ലോ കണക്കുകള്‍ തെളിയിക്കുന്നത്. കേരളത്തിന് വേണമെങ്കില്‍ ഒരു കാര്യത്തില്‍ പൊങ്ങച്ചം പറയാം. ഇന്ത്യയിലെ ഏറ്റവും മലിനീകൃത സംസ്ഥാനം കേരളമാണെന്നും അത് അങ്ങനെ നിലനിര്‍ത്തുന്നതില്‍ കേരളീയജനത ഒറ്റക്കെട്ടാണെന്നുമുള്ള കാര്യത്തില്‍!
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: