അയ്യപ്പഭക്തി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് സ്വാമി ത്രൈയ്യക്ഷര ചൈതന്യയുടെ ദേഹവിയോഗം. വളരെ ചെറുപ്പകാലം മുതല്‍ ശബരിമല ക്ഷേത്രത്തില്‍ എല്ലാമാസവും ദര്‍ശനം നടത്തി അയ്യപ്പധര്മ്മപ്രചാരണം ജീവിതവ്രതമായി കണ്ട് സ്വജീവിതം ഉഴിഞ്ഞുവച്ച ഭക്തോത്തമനായിരുന്നു അദ്ദേഹം. ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാകത്താനത്തുവച്ച് 64-ാം വയസില്‍ അദ്ദേഹം സമാധിയായതോടെ അയ്യപ്പപ്രചാരകരില് ഉജ്വല വ്യക്തിത്വത്തെയാണ് ഭക്തസമൂഹത്തിന് നഷ്ടമായത്.
1995ല്‍ അയ്യപ്പ ഭാഗവതമെന്ന ഭക്തിപ്രധാനമായ ഗ്രന്ഥം രചിച്ചതുകൊണ്ട് സ്വാമി ഏവരുടെയും ആദരവും അംഗീകാരവും നേടിയെടുത്തു. ശബരിമല ചരിത്രവും ആചാരാനുഷ്ഠാനങ്ങളും അയ്യപ്പന്റെ ജീവിതകഥകളും മറ്റ് പുരാണസംഭവങ്ങളും കോര്‍ത്തിണക്കി ലളിതമായ ഭാഷയില്‍ ഉള്ള കാവ്യമാണ് അയ്യപ്പഭാഗവതം. പാണ്ഡിത്യത്തിന്റെ കാഠിന്യമോ പ്രൗഢിയോ ഗ്രന്ഥത്തിലില്ലെങ്കിലും സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നത്ര ലളിതവും സംശുദ്ധവുമായി ഭാഷാശൈലിയിലൂടെയാണ് അയ്യപ്പഭാഗവത കഥകള്‍ അദ്ദേഹം വിവരിച്ചിട്ടുളളത്. ഏതാണ്ട് മുപ്പതോളം വേദികളില്‍ അയ്യപ്പഭാഗവത സപ്താഹയജ്ഞങ്ങള്‍ സ്വാമി നടത്തിയിട്ടുണ്ട്. ബോംബെ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നിരവധി നഗരങ്ങളിലും അയ്യപ്പക്ഷേത്രങ്ങളില്‍ അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ മറുനാടന്‍ അയ്യപ്പഭക്തരെ അങ്ങേയറ്റം സ്വാധീനിച്ചു.
സ്വാമി വിമോചനാനന്ദ, ഗുരുസ്വാമി എം.എന്‍.നമ്പ്യാര്‍, തുടങ്ങിയ അയ്യപ്പ ഭക്തശ്രേഷ്ഠന്മാര് അയ്യപ്പധര്‍മ്മ പ്രചാരണപ്രവര്ത്തനത്തിനുവേണ്ടി നടത്തിയ ഉജ്വലമായ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ് സ്വാമി ത്രൈയ്യക്ഷരചൈതന്യയും അയ്യപ്പഭക്തി പ്രസ്ഥാനങ്ങളിലേക്ക് കടന്നുവന്നത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചുവരവേ തനിച്ചു ലഭിച്ചു വന്നിരുന്ന എല്ലാ വരുമാനവും അയ്യപ്പധര്‍മ്മ പ്രചാരണത്തിനായി നീക്കിവച്ചു. കടുത്ത ദാരിദ്ര്യവും പ്രതിബന്ധങ്ങളും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രചാരണത്തിന് തടസ്സമായില്ല. നീലമുണ്ടും ഷാളും ധരിച്ച് സര്‍ക്കാര്‍ ഓഫീസില്‍ കീഴ്ജീവനക്കാരനായി പണിയെടുത്തപ്പോഴെല്ലാം ശരണഘോഷം മുഴക്കി അയ്യപ്പധര്‍മ്മത്തിനുവേണ്ടി അചഞ്ചലമായി നിലകൊള്ളുവാന്‍ യാതൊരു മടിയും അദ്ദേഹം കാണിച്ചില്ല. എല്ലാം അയ്യപ്പന് നോക്കുമെന്ന് ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എതിരാളികള്‍ പലരും അദ്ദേഹത്തെ പരിഹസിച്ചു. പലപ്പോഴും വിമര്‍ശനങ്ങളേയും സംഘടിതമായ എതിര്‍പ്പുകളേയും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ശരണഘോഷം മുഴക്കി അയ്യപ്പനിലുള്ള തന്റെ അചഞ്ചലവിശ്വാസം ദൃഢമായ സ്വരത്തില്‍ പ്രഖ്യാപിച്ചു.
ഒരിക്കല്‍ പതിവുപോലെ മലയാള മാസം ഒന്നാം തീയതി അദ്ദേഹം ശബരിമല ദര്‍ശനത്തിനെത്തി. അയ്യപ്പതിരുവിഗ്രഹത്തില് നിന്നും ഒരു പ്രഭാവലയം തന്നിലേക്ക് സന്നിവേശിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. വികാര നിര്‍ഭരനായി ഭക്തിപ്രഹര്‍ഷത്തില്‍ പരിസരം മറന്ന അദ്ദേഹം അദ്വൈതാനുഭൂതിയില്‍ നിമഗ്നമായി. അയ്യപ്പന്റെ കഥകള്‍ എഴുതുവാനുള്ള പ്രേരണയും പ്രചോദനവും അദ്ദേഹത്തിനു ശബരീശ സന്നിധിയില്‍ നിന്നാണ് ലഭിച്ചത്.
അയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള ആദ്യശ്ലോകം അതോടെ അദ്ദേഹത്തില്‍ നിന്നും ഉയര്‍ന്നു. തുടര്‍ന്ന് അദ്ദേഹം ശബരിമലയിലെ മുഖമണ്ഡപത്തില്‍ ഇരുന്ന് അയ്യപ്പഭാഗവത രചന ആരംഭിച്ചു. ഭാഷാ സ്വാധീനമോ സാഹിത്യാഭിരുചിയോ ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന്റെ തൂലിക കടലാസിലൂടെ ഒരു മഹാകാവ്യത്തിന്റെ ഗംഗാപ്രവാഹം തന്നെയാണ് സൃഷ്ടിച്ചത്. സന്നിധാനത്തെ അഞ്ചുദിനം അദ്ദേഹം അലൗകികമായ ആത്മാനുഭവലോകത്ത് ഗ്രന്ഥരചനയില്‍ മുഴുകി. അങ്ങനെയാണ് അയ്യപ്പഭാഗവതം അയ്യപ്പഭക്തരുടെ മുന്നില്‍ സമര്‍പ്പിച്ചത്. അതിനുശേഷം തിരിച്ച് നാട്ടിലെത്തിയശേഷം പലരോടും അദ്ദേഹം “ഈ ഗ്രന്ഥം എങ്ങനെ എഴുതിയെന്ന് എനിക്കറിയില്ല, അയ്യപ്പനാണിതിന്റെ രചയിതാവ്, അദ്ദേഹം പറഞ്ഞുതന്നത് ഞാന്‍ എഴുതുകയായിരുന്നു” എന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് കയ്യിലൊരു ഗാലറയും പിടിച്ചുകൊണ്ട് അയ്യപ്പഗാനങ്ങളും ഭജനകളും പാടി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചു. പോസ്റ്റല്‍ ഡിപ്പാര്ട്ടുമെന്റില് നിന്നും സ്വയംവിരമിച്ച് മുഴുവന്‍ സമയ ധര്‍മ്മപ്രചാരകനായി. ക്ഷേത്രങ്ങള്‍, സ്ഥാപനങ്ങള്‍, ഭവനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചും അയ്യപ്പബോധം ഉണര്‍ത്തുവാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. സന്യാസം സ്വീകരിച്ച് അയ്യപ്പധര്‍മ്മത്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവയ്ക്കുവാനുള്ള ആഗ്രഹം വാഴൂര്‍ ആശ്രമമഠാധിപതിയായിരുന്ന സ്വാമി ചിത്സ്വരൂപാനന്ദ തീര്‍ത്ഥപാദരെയാണ് അദ്ദേഹം അറിയിച്ചത്. സ്വാമിജിയുടെ നിര്‍ദ്ദേശാനുസരണം കുറേനാള്‍ ആശ്രമത്തില്‍ കഴിയുകയും മന്ത്രദീക്ഷ സ്വീകരിക്കകയും ചെയ്തു. അങ്ങനെയാണ് ഗോവിന്ദ വാര്യര്‍ ബ്രഹ്മചാരി ത്രൈയ്യക്ഷര ചൈതന്യയായത്.
അയ്യപ്പനെക്കുറിച്ചുള്ള പുതിയ ഗദ്യകൃതി രചിച്ചുവരവേയാണ് വളരെ പെട്ടെന്ന് ദേഹവിയോഗമുണ്ടായത്. ആ കൃതി രണ്ടു ദിവസം മുമ്പാണ് എഴുതി പൂര്‍ത്തീകരിച്ചത്. ധാരാളം കീര്‍ത്തനങ്ങളും ലഘു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഒരു തോള്‍സഞ്ചിയില്‍ അയ്യപ്പസാഹിത്യങ്ങളും മേല്മുണ്ടായി ശരണമയ്യപ്പ എന്ന മുദ്രാങ്കിതമായ നീല ഷാളുമായി ആരോടും പരിഭവമില്ലാതെ കേരളത്തിന്റെ വീഥികളിലൂടെ നടന്നു പോയ അയ്യപ്പധര്‍മ്മ പ്രചാരകനാണ് ഒരു ഓര്‍മ്മയായി മാറിയത്. എന്നുമെന്നും ഭക്തജന സമൂഹത്തില്‍ പ്രേരണയും പ്രചോദനവുമായിരുന്നു സ്വാമിജി. അയ്യപ്പഭാഗവത കഥകളെ പുസ്തക രൂപത്തില്‍ കൈരളിക്ക് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം യാത്രയായത്. ആ മഹത് വ്യക്തിത്വത്തിനു മുന്നില്‍ ശബരിമല സേവാസമാജത്തിന്റെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: