പാരിസ്: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയ്‌ക്ക് വന്‍ ഭൂരിപക്ഷം. ആകെയുള്ള 577 സീറ്റില്‍ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകളാണു ലഭിക്കേണ്ടത്. അന്തിമഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മികച്ച മുന്നേറ്റം കാഴ്ചവച്ച സോഷ്യലിസ്റ്റ് പാര്‍ട്ടി 313 മുതല്‍ 315 വരെ സീറ്റ് പിടിച്ചതായാണ് റിപ്പോര്‍ട്ട്.
മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ യാഥാസ്ഥിതിക പാര്‍ട്ടിയ്‌ക്കു 214 സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ അധോസഭയിലേയ്‌ക്കു നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സോഷ്യലിസ്റ്റുകളും ഗ്രീന്‍ പാര്‍ട്ടിയുമടങ്ങുന്ന ഇടതുചേരി 46 ശതമാനം വോട്ട് നേടിയിരുന്നു. സര്‍ക്കോസിയുടെ യു.എം.പി പാര്‍ട്ടിയ്‌ക്ക് 34 ശതമാനം വോട്ടാണ് നേടാനായത്. ഇതോടെ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഒളാന്ദിന്റെ സഖ്യം കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പാക്കിയിരുന്നു.
യൂറോസോണിനെ മൊത്തം ബാധിച്ചിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഫ്രാന്‍സില്‍ ഒളാന്ദ് നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയതോടെ ഫ്രാന്‍സില്‍ ഒലാന്ദ് ഭരണകൂടത്തിനു സ്വതന്ത്രമായി സാമ്പത്തിക പരിഷ്കരണങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയും. എന്നാല്‍ പൂര്‍ണമായും സോഷ്യലിസ്റ്റുകളുടെ പിന്തുണയോടെ ഭരിക്കാമെന്ന ഫ്രാന്‍സ്വ ഒലാദിന്റെ ആഗ്രഹം നിറവേറാനിടയില്ല.
ജര്‍മനിയുടെ നേതൃത്വത്തില്‍ യൂറോസോണില്‍ നടക്കുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍ വരുംനാളുകളില്‍ ഒലാന്ദിന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. നികുതി ഉയര്‍ത്തല്‍, ബജറ്റ് വെട്ടിച്ചുരുക്കല്‍, സാമ്പത്തിക അച്ചടക്കം തുടങ്ങിയവയാണ് പ്രസിഡന്റിനു തീരുമാനമെടുക്കാനുള്ള അടിയന്തര വിഷയങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: