മഴ മാറിയാല്‍ വരള്‍ച്ച. മഴ വന്നാല്‍ പകര്‍ച്ച പനി വെള്ളക്കെട്ട് എന്നതാണ് കുറെയേറെ വര്‍ഷമായി സംസ്ഥാനത്തെ സ്ഥിതി. ഉദ്ദേശം പ്രതിവര്‍ഷം മൂന്ന് മീറ്റര്‍ മഴ ലഭിക്കുന്ന കേരളത്തില്‍ മഴവെള്ളം മാനേജ് ചെയ്യാത്തതിനാല്‍ മഴ മാറിയാല്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കാണ് നയിക്കുന്നത്. വൈപ്പിന്‍ കരയിലെ കുടിവെള്ളത്തിനായുള്ള സമരം മഴ മാറിയാല്‍ സംസ്ഥാനത്തെ തീരപ്രദേശ ഗ്രാമങ്ങളിലാകെ പടരുകയാണ്. ആവശ്യത്തിലേറെ മഴവെള്ളം ലഭിക്കുന്ന ഒരു സംസ്ഥാനത്തിന്റെ അശാസ്ത്രീയമായ നടപടികളുടെ ആകെ തുകയായിട്ട് മാത്രമേ ഇതിനെ കാണാനാകൂ. മഴക്കാലത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങല്‍ ഉറക്കം നടിക്കുകയും മഴ മാറിയാല്‍ കുടിവെള്ള വിതരണവുമായി അഴിമതിയിലേക്ക് കൂപ്പുകുത്തുന്നതുമാണ് നമുക്ക് കാണാനാവുക.
2020 ആകുമ്പോള്‍ ലോകത്തെ 52 രാജ്യങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമെന്നാണ് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. മഴവെള്ള മാനേജ്മെന്റിന്റെ കാര്യത്തില്‍ മുന്നറിയിപ്പുകള്‍ തൃണവല്ക്കരിച്ച് കേരളസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പ്രകൃതിയുടെ ജലസംഭരണികളായ പാടശേഖരങ്ങള്‍ നികത്തി സര്‍വകലാശാലകളും വിമാനത്താവളങ്ങളും നിര്‍മിക്കുവാനും കായലും ചതുപ്പും നികത്തി കുന്നുകള്‍ ഇടിക്കുകയും കുളങ്ങളും തടാകങ്ങളും നികത്തി സാറ്റലൈറ്റ് ടൗണ്‍ഷിപ്പുകളും വനമേഖലയിലെ നഗരവല്‍ക്കരണത്തിന് മുന്‍തൂക്കം നല്‍കുകയും ചെയ്യുമ്പോള്‍ സംസ്ഥാനം രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേയ്ക്ക് കൂപ്പുകുത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ. കേരളമൊഴികെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കുന്നില്ലെന്നതാണ് അവരുടെ പ്രശ്നം. എന്നാല്‍ കേരളത്തില്‍ ലഭ്യമായ മഴവെള്ളം സംഭരിക്കാതിരിക്കുകയും പാഴാക്കികളയുകയും ചെയ്യുന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നം.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടായി വര്‍ഷത്തില്‍ സംസ്ഥാനത്ത് ലഭിക്കുന്ന മഴയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സമയം തെറ്റിയാണെങ്കിലും നമുക്ക് വേണ്ട ജലം മഴയിലൂടെ ലഭ്യമാണ്. പിന്നെ എന്തുകൊണ്ടാണ് മഴ മാറിയാല്‍ നാം രൂക്ഷമായ വെള്ളക്ഷാമം അനുഭവിക്കുന്നത്. പരിഹാരം കാണേണ്ട വസ്തുതയാണിത്. സംസ്ഥാനത്ത് 33 വന്‍കിട ജലസംഭരണികള്‍ക്കായി 39,000 ഹെക്ടര്വന ഭൂമിയെങ്കിലും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പകരം വനം വച്ചുപിടിപ്പിക്കാമെന്ന വ്യവസ്ഥ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വാഗ്ദാനം മാത്രമായി അവശേഷിച്ചു. പശ്ചിഘട്ട മലമടക്കുകളില്‍നിന്നും ഉത്ഭവിക്കുന്ന കേരളത്തിലെ 44 നദികളിലൂടെയും വേനല്‍ക്കാലത്ത് ഒഴുകുന്നത് ഭൂഗര്‍ഭ ജലമാണ്. സംസ്ഥാനത്തെ കുന്നുകളിലും മലകളിലും പെയ്യുന്ന മഴവെള്ളം വനമേഖലയുടെ സഹായത്താല്‍ മണ്ണിലൂടെ അരിച്ചിറങ്ങി ഭൂമിയുടെ ചരിവനുസരിച്ച് വിവിധ ഭാഗങ്ങളില്‍ അരുവികള്‍ക്ക് രൂപം നല്കി. ഈ അരുവികളാണ് നമ്മുടെ പുഴകള്‍ക്ക് വേനലില്‍ ജലം നല്‍കുന്നത്.
മലകള്‍ അപ്രത്യക്ഷമാകുമ്പോഴും മലയിലെ കാട് നഷ്ടമാകുമ്പോഴും മഴക്കാലത്തെ ഭൂമിയിലോട്ടുള്ള പ്രകൃത്യാ ഉള്ള മഴവെള്ളം അരിച്ചിറങ്ങല്‍ നടക്കാതെ വരികയും വേനല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അരുവികളും പുഴകളും വറ്റിവരളുവാന് തുടങ്ങുകയും ചെയ്യുന്നു. വനനാശവും പുഴ മണല്‍ഖനനവും മണ്ണെടുപ്പും മറ്റും ഭൂഗര്‍ഭജലത്തിന്റെ ബാഷ്പീകരണത്തിന് ആക്കം കൂട്ടും. ഇത് വരള്‍ച്ചയിലേക്കും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേയ്ക്കും സംസ്ഥാനത്തെ നയിക്കുന്നു. നിയമങ്ങളില്‍ അയവു വരുത്തി പരിസ്ഥിതിയെ അവഗണിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ ഒത്താശയോടെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നേരിടുന്ന വേനല്‍ക്കാല ജലക്ഷാമത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. മലകളും കാടുകളും നശിപ്പിച്ചതിന്റെ ഫലമായി പ്രതിവര്‍ഷം 11.5 മീറ്റര്‍ മഴ ലഭിച്ചിരുന്ന മേഘാലയത്തിലെ ചിറാപുഞ്ചി ജലദൗര്‍ലഭ്യം മൂലം വീര്‍പ്പുമുട്ടുന്ന കഥ ചരിത്രമായി നമ്മുടെ മുന്നിലുണ്ട്.
ഇന്ത്യയില്‍ 60,000 ഗ്രാമങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ടത്രെ! 1972 ല്‍ മഹാരാഷ്ട്രയില്‍ കൃഷിയ്ക്ക് നല്‍കുന്നതിനും മുന്‍ഗണന ജലവിതരണത്തില്‍ കുടിവെള്ളത്തിന് ലഭിക്കണമെന്ന ആഹ്വാനവുമായി പാനിപഞ്ചായത്ത് രൂപം കൊണ്ടിരുന്നു. ജല സംരക്ഷണത്തിന്റെ ആവശ്യകത വേണ്ടതുപോലെ മനസ്സിലാക്കി സിംലയില്‍ രാജ്ഭവന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് താഴെ വലിയ ജലസംഭരണിയാണ് പണിതീര്‍ത്തിട്ടുള്ളത്. രാജസ്ഥാനിലെ ജയ്പൂര്‍ കോട്ടയിലെ കൂറ്റന്‍ മഴവെള്ള സംഭരണിയും ജലദൗര്‍ലഭ്യം നേരിടുവാന്‍ പണിതീര്ത്തിട്ടുള്ളതാണ്. എന്നാല്‍ രാജ്യത്തെ 1.42 ദശലക്ഷം ഗ്രാമങ്ങളിലെ 195813 ഗ്രാമങ്ങളിലും മലിനീകരിക്കപ്പെട്ട ജലമാണ് ലഭിക്കുന്നത് എന്ന സത്യം നാം മനസ്സിലാക്കണം.
പത്താം പഞ്ചവത്സര പദ്ധതിയില്‍ 110500 കോടി രൂപയാണ് ഭാരതസര്‍ക്കാര്‍ കുടിവെള്ള വിതരണത്തിനായുള്ള വിവിധ സ്കീമുകള്‍ക്കായി നീക്കിവെച്ചത്. 11-ാം പഞ്ചവത്സര പദ്ധതിയിലും 12-ാം പഞ്ചവത്സര പദ്ധതിയിലുമുള്ള തുക ഏറിവരികയാണ്. കേരളത്തിലെ കടലോരത്തെ ചെല്ലാനം പഞ്ചായത്തില്‍ പുരപുറത്തു പെയ്യുന്ന മഴവെള്ളം കിണറിന്റെ അടുത്തുള്ള കുഴിയിലാണെത്തുന്നത്. ഇത് മഴവെള്ളം കിണറ്റിലെത്തുന്നതിന് ഏറെ സഹായിക്കുന്നുണ്ട്. ബക്കറ്റ് കൊണ്ട് കോരിയെടുക്കുയാണെങ്കില് ചെല്ലാനം മോഡല്‍ കിണറുകളില്‍നിന്ന് വര്‍ഷം മുഴുവന്‍ ജലം ലഭിക്കുവാന്‍ ഒരു പ്രയാസവുമില്ല. അന്നാഹസാരെ റെലഗണ് സിദ്ധിയില്‍ ജലസംരക്ഷണത്തിനായി ചെയ്ത പ്രവൃത്തികള്‍ രാജ്യത്തിന് മാതൃകയാണ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ റെലഗണ് സിദ്ധിയില്‍ 1500 ആളുകള്‍ 234 വീടുകളിലായി വ്യാപിച്ചു കിടക്കുകയായിരുന്നു. 1975 ല്‍ ഫലപുഷ്ടമായ 2200 ഏക്കര്‍ പാടശേഖരത്തില്‍ 70 ഏക്കര്‍ സ്ഥലത്തുമാത്രമാണ് രൂക്ഷമായ ജലദൗര്‍ലഭ്യം മൂലം കൃഷി നടത്താനായിരുന്നത്. അവിടെനിന്നുള്ള ഉല്‍പ്പാദനം റെലഗണ് സിദ്ധിയിലെ 30 ശതമാനം ആളുകളുടെപോലും വിശപ്പടക്കിയില്ല. ഗ്രാമത്തില്‍ ലഭിക്കുന്ന മഴവെള്ളത്തില്‍ ഒരു തുള്ളിപോലും പാഴാക്കിക്കളയരുതെന്ന അന്നാഹസാരെയുടെ ആഹ്വാനം ജനങ്ങള്‍ ഏറ്റുപിടിച്ചു. റെലഗണ് സിദ്ധിയിലെ 30-40 മീറ്റര്‍ ഉയരത്തിലെ കുന്നുകള്‍ക്കു താഴെ മഴവെള്ള സംഭരണികളും ബണ്ടുകളും നിര്‍മിച്ച് ഗ്രാമത്തിലെ മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി.
ജല മാനേജ്മെന്റിന്റെ അടിസ്ഥാന തത്വമായ ഒഴുകിപ്പോകുന്ന മഴവെള്ളത്തെ നടത്തി, ഇരുത്തി, കിടത്തി കൊണ്ടുപോകണമെന്ന ശാസ്ത്രീയ രീതിയാണ് അന്നാഹസാരെ റെലഗണ് സിദ്ധിയില്‍ പരീക്ഷിച്ചത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രാമത്തിലെ ഭൂഗര്‍ഭജലവിതാനം ഉയര്‍ന്നു. കിണറുകളില്‍ ജലലഭ്യത ഉറപ്പാക്കി. കൃഷിയ്ക്കാവശ്യമായ ജലം ലഭിച്ചു. ജലസേചനം മൂലം 464 ഹെക്ടര്‍ സ്ഥലത്തേയ്ക്ക് കൂടി കൃഷി വ്യാപിപ്പിച്ചു. 1994 ല്‍ ഒരു ഹെക്ടറില്‍ ഉണ്ടായിരുന്ന ഉല്‍പ്പാദനം മൂന്നുമടങ്ങായി വര്‍ധിപ്പിക്കാനായി. തൊഴില്‍ രഹിതരായ ജനങ്ങള്‍ക്ക് തൊഴിലായി. കുടിവെള്ളമായി. ഗ്രാമത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിച്ചു.
കൃഷിയില്‍നിന്നുള്ള ആദായം 6.72 ലക്ഷത്തില്‍നിന്നും 128.15 ലക്ഷമായി ഉയര്‍ന്നു. ഇതോടൊപ്പം പഴങ്ങളുടേയും ഫലവൃക്ഷങ്ങളുടേയും കൃഷിയും വ്യാപിപ്പിച്ചു. പയറുവര്‍ഗ്ഗങ്ങള്‍ ഭക്ഷ്യ എണ്ണക്കുരുക്കള്‍, ഉള്ളി എന്നീ കൃഷികളും റെഗണ് സിദ്ധി പരീക്ഷിച്ച് വിജയിച്ചു. 2000ത്തില്‍ ഗ്രാമത്തില്‍ ഭക്ഷ്യസുരക്ഷയും തൊഴില്‍സുരക്ഷയും കുടിവെള്ള സുരക്ഷയും നേടാനായി. എല്ലാ പ്രവര്‍ത്തനങ്ങളിലേയും വനിതാശാക്തീകരണം വിപുലമായിരുന്നു. ബയോഗ്യാസ് പ്ലാന്റുകളും പരിസ്ഥിതി സൗഹൃദവികസനവും നാടിന്റെ വളര്‍ച്ചയ്ക്ക് കാരണമായി.
റെലഗണ് സിദ്ധിയിലെ പരീക്ഷണം പിന്നീട് മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. ജലസംഭരണത്തിലും ജലമാനേജ്മെന്റ് പ്രവര്‍ത്തനങ്ങളിലും ആശാവഹമായ വിജയം കൈവരിക്കുന്നത് രാജ്യം കണ്ടു. രാജസ്ഥാനിലെ അല്‍വര്‍ സംസ്ഥാനത്തെ അരാവരി പ്രദേശം 40 വര്‍ഷത്തെ കഠിനമായ വരള്‍ച്ചയ്ക്ക് ശേഷം സാമൂഹ്യ ജലമാനേജ്മെന്റ് പദ്ധതിയിലൂടെ വീണ്ടെടുത്തത് രാജ്യത്തെ ജലമാനേജ്മെന്റിന്റെ വിജയത്തിന്റെ മറ്റൊരു ഉദാഹരണമാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കേരളത്തിലെ വിവിധ പഞ്ചായത്തുകളിലും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും നടപ്പാക്കാവുന്ന പദ്ധതികളാണ് മുകളില്‍ വിവരിച്ചവ. എറണാകുളം പട്ടണത്തിലെ ജല ആവശ്യത്തിന്റെ 50 ശതമാനംപോലും ഇന്നും നിറവേറ്റപ്പെടുന്നില്ലെന്നത് ഭരണകൂടത്തിന്റെ പരാജയമായി മാത്രമേ കണക്കാക്കാനാകൂ. കൊച്ചി നഗരത്തില്‍ എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രമേ ലഭിക്കൂ എന്നതിനാല്‍ പെരിയാറിനെയാണ് നഗരം ജല ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നത്. നഗരത്തില്‍ ലഭിക്കുന്ന മഴവെള്ളം പൂര്‍ണമായും കാനകളിലൂടെയും തോടുകളിലൂടെയും ഓടകളിലൂടെയും ഒലിച്ചിറങ്ങി കൊച്ചി കായലിലെ ഉപ്പുവെള്ളവുമായി ചേരുകയാണ്. ഏറ്റവും ശുദ്ധമായ ജലം മഴവെള്ളമായി ലഭ്യമായിട്ടും നഗരം മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ ജലക്ഷാമം അനുഭവിച്ചുവരികയാണ്.
100 സ്ക്വയര്‍ മീറ്ററില്‍ അധികമുള്ള കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും മഴവെള്ള സംഭരണികള്‍ നിയമം മൂലം ബാധകമാക്കിയിട്ടുണ്ടെങ്കിലും കൊച്ചി കോര്പ്പറേഷന് ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം മഴവെള്ള സംഭരണികള്‍ ഇല്ലെങ്കിലും കെട്ടിടം പണിതീര്‍ന്നാല്‍ താമസത്തിന് പെര്മിഷന് ലഭ്യമാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ലഭിക്കുന്ന ജലം സംഭരിക്കുവാനുള്ള ഒരു താല്‍പ്പര്യവും നഗരവാസികള്‍ക്കില്ല. കൊച്ചി നഗരത്തിലെ ഫ്ലാറ്റുകളിലും കെട്ടിടങ്ങളിലും മഴവെള്ള സംഭരണികള്‍ സ്ഥാപിതമായാല്പ്പോലും നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടില്‍നിന്നും പരിഹാരം നേടാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
ദല്‍ഹിയിലെ പല താഴ്ന്ന സ്ഥലങ്ങളിലും മഴവെള്ള സംഭരണികള്‍ നിര്ബന്ധമാക്കിയിരിക്കുന്നതിനാല് മഴക്കാലത്ത് ജലത്തിനടിയിലായിരുന്ന പ്രദേശങ്ങള്‍ ഇന്ന് മഴക്കാലത്ത് സുരക്ഷിതമാണെന്ന വാര്‍ത്തയുണ്ടായിരുന്നു. കേരളത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന കായല്‍-കടലോര മേഖലയില്‍ ചെല്ലാനം മോഡല്‍ കിണറുകളും നഗരങ്ങളില്‍ മഴവെള്ള സംഭരണികളും ഉണ്ടാക്കണമെന്ന നിയമം നടപ്പിലാക്കുവാന്‍ അധികാരികള്‍ തയ്യാറാകണം.
വേനല്‍ക്കാലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ മഴക്കാലത്ത് ജലമാനേജ്മെന്റ് നടത്താതെ രാഷ്ട്രീയ നേതാക്കളും ഭരണനേതൃത്വങ്ങളും ഒഴുക്കുന്ന മുതലക്കണ്ണീര് ഇനിയെങ്കിലും നിര്‍ത്തണം. യാഥാര്‍ത്ഥ്യബോധത്തോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള ഭരണസംവിധാനങ്ങള്‍ക്ക് മാത്രമേ പാഴായിപ്പോകുന്ന മഴവെള്ളം സംരക്ഷിക്കാനും ജനങ്ങള്‍ക്ക് ദാഹജലം നല്‍കാനുമാകൂ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: