നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴും ശെല്‍വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോഴും യുഡിഎഫ് തോറ്റു നില്‍ക്കുകയായിരുന്നു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോലും പറ്റാത്ത വിധം ഒറ്റപ്പെട്ട സ്ഥിതി. അഞ്ചാം മന്ത്രി പ്രശ്നത്തില്‍ കെട്ടുനാറി നിന്ന കോണ്‍ഗ്രസിനെതിരെ ശക്തമായ കുന്തമെറിഞ്ഞു കൊണ്ടു നിന്നവര്‍ കോണ്‍ഗ്രസുകാര്‍ തന്നെ. ഇതിങ്ങനെ പോകാന്‍ പറ്റില്ല. ലീഗിനു മുന്നില്‍ മുട്ടുമടക്കി നാവടക്കി പണിയെടുക്കാന്‍ ആളെ കിട്ടില്ല എന്ന അണികളുടെ പ്രഖ്യാപനം. പരമ്പരാഗത കോണ്‍ഗ്രസുകാരെ അവഗണിച്ച് വിരുന്നു വന്നവനെ ഭരണമേല്പിക്കുന്നതിന് തിരിച്ചടി നല്‍കുമെന്ന ഭീഷണി. അബദ്ധമായല്ലോ എന്ന് ശെല്വരാജന് പോലും താടിക്കു കയ്യും കൊടുത്ത് തരിച്ചിരിക്കുന്ന നിമിഷം. അപ്പോഴാണ് സിപിഎമ്മിന്റെ ഒരു വടക്കന്‍ വീര ദൗത്യം.
സിപിഎം വിട്ട് പ്രത്യേക പാര്‍ട്ടിയുണ്ടാക്കിയ ടി.പി.ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിനുറുക്കിയത്. കേരളം കണ്ട അപൂര്‍വമായ അരുംകൊലകളില്‍ ഒന്ന്. മുഖത്തു മാത്രം 51 വെട്ട്. ഒരു തെരഞ്ഞെടുപ്പിന്റെ പൂമുഖത്ത് നില്ക്കുമ്പോള് സ്വാഭാവികമായും അതിന് പ്രാധാന്യം ലഭിക്കുമെന്നതില്‍ സംശയമില്ല. കൊലപാതകം ഒരു ഉത്സവമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഒരുങ്ങി. മാധ്യമങ്ങളും അതിനൊപ്പം ചേര്‍ന്നപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു.
കൊലപാതകത്തിന്റെ ഞെട്ടല്‍ മാറിയില്ല. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും തേങ്ങല്‍ കെട്ടടങ്ങിയില്ല. മൃതദേഹത്തെ ബഹുമാനിക്കുക എന്നത് ഭാരതീയ പാരമ്പര്യമാണ്. അതുപോലും വിസ്മരിച്ച് ‘മരിച്ചയാളെ കുലംകുത്തി’ എന്നാക്ഷേപിക്കുമ്പോള്‍ പറയുന്നയാള്‍ക്ക് അതൊരു സുഖമായിരിക്കാം. പക്ഷേ കേള്ക്കുന്നയാള്ക്കത് അസുഖകരമാണ്. അതിന്റെ പ്രതിഫലനമാണ് നെയ്യാറ്റിന്‍കരയില്‍ കണ്ടത്. അങ്ങനെ കുമിഞ്ഞു കൂടിയ പ്രശ്നങ്ങളുടെ നടുവില്‍ നിരായുധനായി “വീണിതല്ലോ കിടക്കുന്ന ധരണിയില്‍ കോണകം പോലുമില്ലാതെ” എന്ന അവസ്ഥയില്‍ നിന്നും യുഡിഎഫിനു കിട്ടിയ പിടിവള്ളിയായി ചന്ദ്രശേഖരന് വധം.
ചന്ദ്രശേഖരന്റെ കൊലപാതകം പ്രചരണായുധമാക്കി യുഡിഎഫ് വോട്ടിംഗ് തങ്ങള്‍ക്കനുകൂലമാക്കി. മറ്റു പ്രശ്നങ്ങളെല്ലാം പാര്‍ശ്വവത്കരിക്കപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ യുഡിഎഫിന്റെ വിജയം സിപിഎമ്മിന്റെ സംഭാവനയാണെന്ന് പറയാവുന്നതാണ്. പ്രചരണായുധങ്ങളില്ലാതെ പ്രതിരോധത്തിലായ യുഡിഎഫിന് നല്ലൊരു ആയുധം നല്കി. വെള്ളിത്തളികയില്‍ വിജയം സമ്മാനിക്കുകയും ചെയ്തു. കൊലപാതകം അനുകൂലമാക്കാന്‍ ശ്രമിച്ചതു പോലെ വോട്ടര്‍മാരുടെ ആവശ്യങ്ങളും ആവലാതികളും വോട്ടാക്കി മാറ്റാന്‍ ആവശ്യമായ അഭ്യാസങ്ങളെല്ലാം നടത്തി. പണവും മദ്യവും ആവശ്യാനുസരണം നല്കി എന്ന ആക്ഷേപം വോട്ടെടുപ്പിനു മുമ്പു തന്നെ ഉയര്‍ന്നതാണ്. ഓരോ പഞ്ചായത്തിന്റെയും ചുമതല ഓരോ മന്ത്രിമാര്‍ക്കു നല്കിയതു തന്നെ അധികാരദുര്‍വിനിയോഗത്തിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു. എട്ടു മന്ത്രിമാര്‍ ആഴ്ചകളോളം നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ തങ്ങി വോട്ടര്‍മാരെ നേരിട്ടു കണ്ട് വോട്ടു തേടുമ്പോള്‍ അവര്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെ എന്ന് ഇനി അറിയാനിരിക്കുന്നേ ഉള്ളൂ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും എംപിമാരും എംഎല്‍എമാരും എല്ലാം ഒരു നിയോജകമണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പിനു വേണ്ടി ഇത്രമാത്രം ഊണും ഉറക്കവും ഉപേക്ഷിച്ച് അധ്വാനിച്ചിരിക്കില്ല. എന്നിട്ടും ജയിച്ചെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജനപിന്തുണ കൂടുകയല്ല, കുറയുകയാണ് ചെയ്തതെന്ന വസ്തുത കാണാതിരുന്നു കൂടാ. കഴിഞ്ഞ തവണ യുഡിഎഫിന് 43 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ ഇക്കുറി 3 ശതമാനം കുറഞ്ഞ് 40 ശതമാനമായി.
സാമുദായിക ഘടകങ്ങള്‍ അനുകൂലമാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അത് ആരംഭിച്ചു. അവരെ കടത്തിവെട്ടാന്‍ പ്രതിപക്ഷവും വഴിവിട്ട നിലയിലായിരുന്നു സഞ്ചരിച്ചത്. മാത്രമല്ല സാമുദായിക നേതാക്കളെ പ്രലോഭനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനും ഇരുകൂട്ടരും ശ്രദ്ധിച്ചു. മുസ്ലീം ലീഗടക്കമുള്ള സംഘടനകളെ സമ്മര്‍ദമുണ്ടാക്കാന്‍ പാകത്തില്‍ വളര്‍ത്തിയത് സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് ആര്‍ക്കാണറിയാത്തത്. ഇതിനെതിരെ മറ്റു സാമുദായിക സംഘടനകള്‍ രംഗത്തു വരുന്നത് സ്വാഭാവികമാണ്.
മതതീവ്രവാദികളെ സംരക്ഷിക്കുകയും മുസ്ലീം ലീഗിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടിന് തിരിച്ചടിയും ശക്തമായ താക്കീതുമാണ് ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനു ലഭിച്ച വോട്ടു വര്‍ധന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 6730 വോട്ടു കിട്ടിയ സ്ഥാനത്താണ് ഇത്തവണ 30507 വോട്ടായി ഉയര്‍ന്നത്. 23777 വോട്ടു കൂടി. ഇത് 23.02 ശതമാനമാണ്. വര്‍ധന അഞ്ചിരട്ടി. എല്‍ഡിഎഫിന് 35.02 ശതമാനം വോട്ടു മാത്രമാണ് കിട്ടിയത്. കഴിഞ്ഞ തവണ കിട്ടിയതില്‍ നിന്നും 8517 വോട്ട് അവര്‍ക്കു കുറഞ്ഞു. ഇത്തവണ 46194 വോട്ടാണ് ഇടതു സ്ഥാനാര്‍ഥിക്കു കിട്ടിയത്.
യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഇടതിനെക്കാള്‍ 5 ശതമാനം വോട്ടുമാത്രമാണ് കൂടുതലുള്ളത്. രണ്ടു മുന്നണികളിലും പാര്‍ട്ടികളുടെ ബാഹുല്യമുണ്ട്. കോണ്‍ഗ്രസിന് നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ എത്ര വോട്ടു കിട്ടുമെന്ന് അവര്‍ക്ക് പറയാന്‍ കഴിയില്ല. സിപിഎമ്മിന്റെ അവസ്ഥയും അതു തന്നെ. അരനൂറ്റാണ്ടായി ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കാത്ത കക്ഷികളാണ് ബിജെപി ഒഴിച്ചുള്ളവരെല്ലാം. ഒറ്റയ്ക്കൊറ്റയ്ക്കു മത്സരിച്ചിരുന്നു എങ്കില്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ വിജയം ബിജെപി സ്ഥാനാര്‍ഥിക്കായിരിക്കുമെന്ന് ഒരു സംശയവുമില്ല. ശെല്‍വരാജിന് കിട്ടിയ വോട്ടും ലോറന്‍സിന് കിട്ടിയ വോട്ടും ആറും ഏഴുമായി പങ്കിടുമ്പോള്‍ നെയ്യാറ്റിന്‍കരയില്‍ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടി ഒന്നാംസ്ഥാനത്തെത്തുന്നത് ഒ.രാജഗോപാല്‍ തന്നെയായിരിക്കും. പക്ഷേ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ദുരന്തം അതാണ്. ശക്തിയുള്ളവനല്ല അംഗീകാരം. മുക്കൂട്ടും മുന്നണിയുമില്ലാതെ മത്സരിച്ച് ഇത്തവണ 25 ബൂത്തുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തി. 22 ബൂത്തുകളില്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ 50ല്‍ താഴെ വോട്ടുകളാണ് ചില ബൂത്തുകളില്‍ ബിജെപിക്കു ലഭിച്ചത്. തിരുപുറം, കാരോട് പഞ്ചായത്തുകളിലെ ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകളുടെ ഏകീകരണം ബിജെപിക്ക് പ്രതികൂലമായി. എന്നാല്‍ ചെങ്കല്‍, അതിയന്നൂര്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ മുന്നേറ്റം ബിജെപി നിലപാട് ശരിവയ്ക്കുന്നതായി.
മെയ് 2ന് ഉച്ചവരെ ജയിച്ചു നിന്നത് ഒ.രാജഗോപാലായിരുന്നു. ഈ സത്യം തിരിച്ചറിഞ്ഞ ഇടതുവലതു മുന്നണികളാണ് പോളിംഗ് ശതമാനം വര്‍ധിപ്പിക്കാനുള്ള സംഘടിത നീക്കം നടത്തിയത്. അത് തന്ത്രപൂര്‍വം അനുകൂലമാക്കാന്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സാധിച്ചു. ഉച്ചവരെ പോളിംഗ് ബൂത്തിലേക്കു ചെല്ലാതെ പള്ളിയുറക്കത്തിലായിരുന്നവര്ക്ക് വെള്ളിത്തേര് ഒരുക്കി കൊടുത്തത് വിവിധ പള്ളികള്‍ തന്നെയാണ്. മുഖ്യമന്ത്രി നേരിട്ടു വിളിച്ച് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഏതാണ്ട് 30 ശതമാനത്തോളം വോട്ടര്‍മാരെ ഉച്ചയ്ക്കു ശേഷം പോളിംഗ് ബൂത്തിലെത്തിക്കാന്‍ ചില കേന്ദ്രങ്ങള്‍ സംഘടിത ശ്രമം നടത്തിയത്. അന്നു തന്നെ കൂട്ടമായി ഇത്രയും വോട്ടര്‍മാര്‍ പെട്ടെന്ന് ബൂത്തിലെത്തിയതിന്റെ പിന്നിലെ ദുരൂഹത ചര്‍ച്ചാ വിഷയമായതാണ്. ഇന്നലെ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ആ സംശയം അസ്ഥാനത്തായില്ല. 30 ശതമാനത്തോളം അധികം ചെയ്ത വോട്ടുകളില്‍ കൂടുതല്‍ കിട്ടിയത് യുഡിഎഫിനായിരുന്നെങ്കിലും കുറേയധികം എല്‍ഡിഎഫിനും ലഭിച്ചു. അല്ലായിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇടതിനു വേണ്ടി മുന്മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും വീടുകളിലും പള്ളികളിലും കയറിയിറങ്ങി കനിയണമേ എന്ന് താണു കേണപേക്ഷിച്ചു.
യുഡിഎഫ് ഭരണത്തില്‍ ഉപതെരഞ്ഞെടുപ്പു വന്നാല്‍ തോറ്റു കൊടുക്കുകയെന്നതാണ് പതിവു രീതി. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി മറിച്ചായി. ഒരു വര്‍ഷത്തിനിടയില്‍ വന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടും യുഡിഎഫ് നേടി. പിറവം സീറ്റു നിലനിര്‍ത്തിയെങ്കില്‍ നെയ്യാറ്റിന്‍കര തിരിച്ചു പിടിക്കുകയായിരുന്നു. നിലനിര്‍ത്തിയ സീറ്റില്‍ വോട്ടും ഭൂരിപക്ഷവും കൂടിയെങ്കില്‍ രണ്ടാമത്തേത് അഭിമാനിക്കത്തക്ക വിജയമെന്ന് ജയിച്ചവര്‍ പോലും പറയില്ല. അധാര്‍മികത മേല്‍ക്കൈ നേടിയതു തന്നെ കാരണം. എന്നിരുന്നാലും ജനാധിപത്യം അംഗീകരിക്കുന്നവര്‍ക്ക് വിജയം അംഗീകരിച്ചു കൊടുക്കുന്നതില്‍ ലുബ്ധിക്കേണ്ടതില്ല. തോല്‍വിക്ക് അപ്പനുണ്ടാകാറില്ല. വിജയത്തിനാകട്ടെ അപ്പന്മാര് ഏറെയാണു താനും. ഇപ്പോള്‍ പലരും നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് വിജയത്തിന്റെ അപ്പന്മാരാകാന് മത്സരിക്കുകയാണ്. അല്പന്മാരങ്ങനെയാണ്. മുതുകത്തൊരു ആലു മുളച്ചാല്‍ അതും തണലെന്ന് ആശ്വസിക്കും.
അരിവാള്‍ ചുറ്റിക നക്ഷത്രചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച് ഒരു വര്‍ഷം തികയും മുമ്പാണ് ശെല്വരാജന് സിപിഎം വിട്ടത്. അതിന്റെ പിന്നില്‍ കുതികാല്‍വെട്ടും കുതിരക്കച്ചവടവും നടന്നെന്ന് അന്നു തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. രാജി വച്ച ശേഷം എങ്ങോട്ട് എന്ന ചോദ്യത്തിന് യുഡിഎഫിലേക്ക് ഇല്ലേയില്ലെന്നായിരുന്നായിരുന്നല്ലോ ശെല്‍വന്റെ മറുപടി. മാത്രമല്ല അങ്ങോട്ടു ചെല്ലുന്നത് ആത്മഹത്യക്കു സമമെന്നും പ്രസ്താവിച്ചതാണ്. ആ പ്രസ്താവനയുടെ മാറ്റൊലി തീരും മുമ്പ് അച്ചടിച്ച മഷി ഉണങ്ങും മുമ്പ് കോണ്‍ഗ്രസില്‍ കുടിയേറി. സ്ഥാനാര്‍ഥിത്വം ഉറപ്പാക്കി. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുകയും ചെയ്തു. ഇതാണ് അധാര്‍മികമെന്നു പറയേണ്ടി വന്നത്.
പാര്‍ട്ടി വിട്ടവരും വെട്ടേറ്റു പിടഞ്ഞു മരിച്ച ചന്ദ്രശേഖരനും പാര്‍ട്ടി സെക്രട്ടറിക്ക് കുലംകുത്തിയാണ്. കുലംകുത്തിക്ക് വിശദീകരണവും വന്നു, ‘വര്ഗവഞ്ചകന്’. വര്‍ഗവഞ്ചകനെ എന്തു ചെയ്യണമെന്ന് പാര്‍ട്ടി പരിപാടിയില്‍ വരച്ചു വച്ചിട്ടുണ്ട്. പാര്‍ട്ടി വിട്ടവരും പുറത്താക്കപ്പെട്ടവരും വെറും ‘കീടങ്ങള്‍’ എന്നാണ് സംസ്ഥാനകമ്മിറ്റി അംഗമായ കണ്ണൂര്‍ സെക്രട്ടറി പി.ജയരാജന് പറഞ്ഞത്. സംസ്ഥാന സെക്രട്ടറിയെ പോലെ തന്നെ എരിവും പുളിയും ചൂരും ചുണയും കണ്ണൂര്‍ സെക്രട്ടറിക്കും വേണം. ഇന്ത്യയില്‍ തന്നെ ഏറ്റവും ശക്തിയുള്ള സിപിഎമ്മിന്റെ രണ്ടു ജില്ലകളില്‍ ഒന്നാണല്ലോ കണ്ണൂര്‍. കീടങ്ങളെ കണ്ടെത്തിയാല്‍ പിന്നെ അടുത്ത നടപടി തുടച്ചു നീക്കലാണ്. പക്ഷേ ഇപ്പോള്‍ കീടങ്ങള്ക്കാണ് കിരീടം ലഭിക്കുന്നത്. അബ്ദുള്ളക്കുട്ടി മുതല്‍ ശെല്വന് വരെ അത് അടിവരയിടുന്നു.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: