നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്നിട്ടും എല്‍ഡിഎഫില്‍നിന്നും രാജിവെച്ച് വിവാദം സൃഷ്ടിച്ച് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ആര്. സെല്‍വരാജ് 6334 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചിരിക്കുകയാണ്. നേരിയ ഭൂരിപക്ഷത്തില്‍ ഭരണത്തിലിരിക്കുന്ന യുഡിഎഫിന് ഈ വിജയം ഭരണതുടര്‍ച്ചക്കുള്ള കൈത്താങ്ങായപ്പോള്‍ സിപിഎം നിരാശയുടെ നീര്‍ച്ചുഴിയിലായി. ഈ ഉപതെരഞ്ഞെടുപ്പിലെ വിസ്മയം ബിജെപി സ്ഥാനാര്‍ത്ഥി രാജഗോപാലിന് കിട്ടിയ 30507 വോട്ടുകളാണ്. ഇതോടെ ബിജെപി കേരളത്തില്‍ ഒരു നിര്‍ണായക ശക്തിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 6730 വോട്ടുകളായിരുന്നു ആകെ ലഭിച്ചത്. ഇക്കുറി 23 ശതമാനം വോട്ട് നേടി രാജഗോപാല്‍ അട്ടിമറി നടത്തി എന്നുതന്നെ പറയാം. റെയില്‍വെസഹമന്ത്രി എന്ന നിലയില്‍ ചെയ്ത കാര്യങ്ങളും മാന്യനായ നേതാവ് എന്ന പ്രതിഛായയും ഇതിന് പിന്നിലുണ്ട്. സെല്‍വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ലഭിച്ചത് 6702 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. എല്‍ഡിഎഫിന് പതിനായിരത്തോളം വോട്ടുകള്‍ കുറഞ്ഞപ്പോള്‍ ബിജെപി 23,000 വോട്ടുകളുടെ വര്‍ധനവാണ് കാണിച്ചത്. ശക്തമായ ത്രികോണ മത്സരത്തില്‍ ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നത് രാജഗോപാലിന്റെ വ്യക്തിപ്രഭാവവത്തിലും അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ സാമുദായിക ധ്രുവീകരണത്തിലുമായിരുന്നു.
നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് രംഗം മാറ്റിമറിച്ചത് ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകവും അതിനുശേഷം എം.എം. മണി സിപിഎമ്മില്‍ കൊലപാതക രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്ന് അടിവരയിട്ട് നടത്തിയ പ്രസംഗവുമാണ്. വോട്ടെണ്ണലില്‍ ആദ്യം രാജഗോപാലായിരുന്നു മുന്നില്‍. ആദ്യ അര മണിക്കൂറില്‍ അയ്യായിരം വോട്ടുകള്‍ ആണ് ബിജെപി നേടിയത്. ആദ്യ അഞ്ച് റൗണ്ടുകളില്‍ പിന്നില്‍നിന്ന ശെല്‍വരാജ് ലീഡ് നേടിത്തുടങ്ങി. പ്രതിപക്ഷ നേതാവിന്റെ വികാരഭരിതമായ ഒഞ്ചിയം സന്ദര്‍ശനം ഇതിനൊരു കാരണമാണ്. യുഡിഎഫിന്റെ വിജയം ഉറപ്പിച്ച പ്രധാന ഘടകം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം മാത്രമല്ല അച്യുതാനന്ദനെടുത്ത നിലപാടുകള്‍കൂടിയാണ്. കോടികള്‍ കൈപ്പറ്റി കാലുമാറി എന്ന ആരോപണത്തിന് വിധേയനായ സെല്‍വരാജിനെ സഹായിച്ചത് പ്രധാനമായും നാടാര്‍ ധ്രുവീകരണമായിരുന്നു. നാടാര്‍ പ്രാമുഖ്യമുള്ള മണ്ഡലങ്ങളിലെല്ലാം സെല്‍വരാജ് ലീഡ് നേടി. യുഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും അഞ്ചാംമന്ത്രി ദാനവും യുഡിഎഫിനെ പ്രതിരോധത്തിലാക്കി, ബിജെപിക്ക് അനുകൂല ഘടകമായി മാറിയെങ്കിലും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും എം.എം. മണിയുടെ പ്രസംഗവും വി.എസ്. അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനവുമാണ് യുഡിഎഫിനെ വിജയത്തിലേക്ക് എടുത്തെറിയുകയായിരുന്നു. യുഡിഎഫിന്റെ വിജയം അധാര്‍മ്മിക വിജയമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പറഞ്ഞത് കോടികള്‍ വാങ്ങി കാലുമാറിയ സെല്‍വരാജിനെ വിജയിപ്പിച്ചതിനാലാണ്.
ഇതില്‍ കേരളത്തിന് അഭിമാനിക്കാന്‍ ഇല്ലെന്നും മതശക്തികളുടെ ഇടപെടലും സര്‍ക്കാര്‍ സ്വാധീനവും പ്രതിഫലിച്ച നെയ്യാറ്റിന്‍കരയില്‍ കണ്ടത് ആരോഗ്യകരമായ ജനാധിപത്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം പാര്‍ട്ടിയെ ഉപേക്ഷിച്ച് മത്സരിച്ച് നേടിയ വിജയം ഒരര്‍ത്ഥത്തില്‍ അപമാനകരമായ വിജയംതന്നെ. അഞ്ചാംമന്ത്രിപദം, സെല്‍വരാജിന്റെ കൂറുമാറ്റ പ്രതിഛായ, യുഡിഎഫ് സര്‍ക്കാരിന്റെ മണ്ണെണ്ണ നയം, റേഷന്‍ നയം മുതലായവ അനുകൂലമാകുമെന്ന് പ്രതീക്ഷിച്ച എല്‍ഡിഎഫിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കടുത്ത വര്‍ഗീയതയാണ് എല്‍ഡിഎഫ് ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രകടമാക്കിയത്. ഇത് നാടാര്‍ ധ്രുവീകരണത്തിലേക്ക് നയിച്ചുവെന്നാണ് കരുതപ്പെടുന്നത്. താന്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ കൊല്ലപ്പെടുമായിരുന്നു എന്ന സെല്‍വരാജിന്റെ പ്രസ്താവനക്ക് ഒഞ്ചിയം സംഭവം വിശ്വാസ്യതയും നല്കി. തങ്ങളുടെ പരാജയത്തിന് ഇടതുപക്ഷവിരുദ്ധ മാധ്യമസമീപനവും കാരണമായി എന്ന് സിപിഎം ആരോപിക്കുന്നുണ്ട്. പിറവത്തെ പരാജയത്തില്‍നിന്ന് പാഠം പഠിക്കാതെയാണ് സിപിഎം നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിച്ചതെന്ന് മാത്രമല്ല എം.എം. മണിയുടെ പരസ്യപ്രസ്താവനക്കെതിരെ പാര്‍ട്ടി തലത്തില്‍ സത്വര നടപടി എടുക്കാതിരുന്നതും പാര്‍ട്ടിയുടെ പ്രതിഛായ തകരാന്‍ കാരണമായതായി പാര്‍ട്ടി നേതാക്കള്‍തന്നെ സമ്മതിക്കുന്നു. ഇടതുമുന്നണിയില്‍ നിന്ന് ചോര്‍ന്നത് പതിനായിരത്തോളം വോട്ടുകളാണ്. 35 ശതമാനം വോട്ടുകള്‍ മാത്രമാണ് ലോറന്‍സ് നേടിയത്.
ഒ. രാജഗോപാലിന്റെ പരാജയത്തിന് സെല്‍വരാജിന്റെ വിജയത്തിനേക്കാള്‍ തിളക്കം ലഭിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. എല്‍ഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്റെയും ബിജെപി സ്ഥാനാര്‍ത്ഥി നേടിയ 30507 വോട്ടുകളുടെയും പിന്നിലുള്ള അടിയൊഴുക്കുകള്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമാകും. സിപിഎം പൊളിറ്റ് ബ്യൂറോയും ഒഞ്ചിയം കൊല പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായി എന്നു പറഞ്ഞുകഴിഞ്ഞു. ഇത് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമാണെന്ന അവകാശവാദം വിലപ്പോകില്ല. ഈ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ നേട്ടം കൊയ്തത് 23777 വോട്ടുകള്‍ അധികം ലഭിച്ച ബിജെപിതന്നെയാണ്. യുഡിഎഫിന്റെ അധികാരദുര്‍വിനിയോഗവും ആനുകൂല്യങ്ങള്‍ നല്‍കുമെന്ന വാഗ്ദാനങ്ങളും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ മറികടന്നുള്ള പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്കുമാണ് യുഡിഎഫ് വിജയത്തിന് പിന്നിലെന്നാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നത്. നഗ്നമായ അധികാര ദുര്‍വിനിയോഗവും സാമുദായിക പ്രീണനവുമാണ് യുഡിഎഫ് വിജയത്തിന് പിന്നിലെന്നാണ് നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഭാഷ്യം. പരാജയം ബിജെപിക്ക് പരാജയമല്ലാതാകുന്നത് ഇത്ര പ്രതികൂല സാഹചര്യത്തിലും മാന്യമായി പ്രചാരണം നടത്തി ഒ. രാജഗോപാല്‍ നേടിയ വോട്ടുകളാണ്. ഒരു കൊല്ലം മുമ്പ് നെയ്യാറ്റിന്‍കരയില്‍ ബിജെപിക്ക് 6730 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്. നെയ്യാറ്റിന്‍കര മൂന്ന് പ്രധാന കക്ഷികള്‍ക്കും വൈവിധ്യമാര്‍ന്ന തെരഞ്ഞെടുപ്പ് അനുഭവം നല്കിയപ്പോള് കേരളരാഷ്ട്രീയം നെയ്യാറ്റിന്‍കരക്ക് മുമ്പും പിമ്പും എന്ന സ്ഥിതിയിലേക്കെത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: