കാബൂള്‍: അഫ്ഗാനിലെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന് പാക് സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ ഏകീകൃത സമീപനം ആവശ്യമാണെന്നും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര് പറഞ്ഞു. കാബൂളില്‍ നടന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഖര് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. അഫ്ഗാനുമായുള്ള പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിനും 2014 ല്‍ നാറ്റോ സൈന്യം പിന്വാങ്ങിയതിനുശേഷമുള്ള പദ്ധതികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
രാജ്യത്തെ ഭീകരവാദ ശൃംഖലയെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി സഹകരിക്കണമെന്നും രാജ്യത്തെ സമാധാന പ്രക്രിയകളെ പാക് സര്‍ക്കാര്‍ സഹായിക്കണമെന്നും അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി പറഞ്ഞു. ഭീകരവാദത്തിനെതിരെ പാക് സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യുമെന്ന് ഖര് പറഞ്ഞു.
തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ വിജയം നേടുമെന്നും ഇതിനുവേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസം കാബൂള്‍ സന്ദര്‍ശിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത് പാക് സര്‍ക്കാര്‍ തന്നെയാണെന്നും ഇക്കാര്യത്തില്‍ യുഎസിന്റെ ക്ഷമക്ക് അതിരുണ്ടെന്നും പനേറ്റ പറഞ്ഞിരുന്നു.
അതേസമയം, ആരുടേയും കാര്യത്തില്‍ തങ്ങള്‍ക്ക് ക്ഷമ നഷ്ടപ്പെട്ടിട്ടില്ലെന്ന് പനേറ്റയുടെ പ്രസ്താവനയോട് ഹിന പ്രതികരിച്ചിരുന്നു. നവംബറില്‍ നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷവും പാക് സര്‍ക്കാരിന്റെ ക്ഷമ നഷ്ടപ്പെട്ടിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. പാക് സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷം അഫ്ഗാനിലെ നാറ്റോ പാത അടച്ചിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ യുഎസ്-പാക് സര്‍ക്കാരുകള്‍ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല.
നവംബറിലുണ്ടായ സംഭവം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. ഇത് പരിഹരിച്ച് ബന്ധം ശക്തിപ്പെടുത്തുവാനും ഇരു രാഷ്ട്രങ്ങള്‍ക്കും ആയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: