മാവോയിസ്റ്റ് ഭീഷണിയെ ശക്തമായ നേരിടുവാന്‍ പലപ്പോഴും സംസ്ഥാന ഗവണ്മെന്റുകള്ക്ക് സാധിക്കുന്നില്ല എന്നുള്ള വസ്തുത വളരെ പ്രകടനമാണ്. മാവോയിസ്റ്റ് തുടങ്ങിയ അക്രമി സംഘങ്ങളെ അമര്‍ച്ച ചെയ്ത് സംസ്ഥാനത്ത് നിയമ സമാധാനം സ്ഥാപിക്കാനുള്ള പ്രധാന ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ കാര്യത്തില്‍ ആവശ്യം എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ കേന്ദ്രത്തിന്റെ സഹായം തേടാവുന്നതാണ് എന്നതല്ലാതെ, ഒരു സംസ്ഥാനത്തിന്റെ നിയമസമാധാനനില സംരക്ഷിക്കാനുള്ള ചുമതല എല്ലായ്പ്പോഴും സംസ്ഥാനങ്ങള്‍ക്കുതന്നെയാണ്. ആന്ധ്രപ്രദേശ്, ഝാര്‍ഖണ്ഡ്, ഒറീസ്സ, ബീഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരുകാലത്ത് അമര്‍ച്ച ചെയ്യപ്പെട്ട മാവോയിസ്റ്റുകള്‍ എങ്ങനെ വീണ്ടും പ്രബലരായി എന്നുള്ള വസ്തുത വളരെ ഗൗരവമേറിയതാണ്. സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നു എന്ന് പറയാതെ വയ്യ. മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീലിന്റെ നടപടികള്‍ ഇക്കാര്യത്തില്‍ വളരെ ദുര്‍ബലമായിരുന്നു എന്ന ആക്ഷേപം വന്നപ്പോള്‍ അദ്ദേഹത്തെ മാറ്റി പുതിയ ആഭ്യന്തരമന്ത്രിയായി ചിദംബരത്തെ നിയമിച്ചു. ഇതിനിടയിലാണ് ഖണ്ഡമാല്‍ പ്രവിശ്യയില്‍ മാവോയിസ്റ്റുകള്‍ 75 സിആര്‍പിഎഫ് ഭടന്മാരെ തോക്കിനിരയാക്കിയത്. യാതൊരു മുന്‍കരുതലും കൂടാതെ നടന്നുപോയ ഇവരെ മാവോയിസ്റ്റുകള്‍ നിഷ്കരുണം തോക്കിനും ബോംബിനുമിരയാക്കി. ഈ സംഭവം ഇന്ത്യയിലാകെ തന്നെ വലിയ കോളിളക്കം ഉണ്ടാക്കി. ഇതേത്തുടര്‍ന്ന് പ്രത്യേക സേനയെ രൂപീകരിക്കുവാനും മാവോയിസ്റ്റുകളെ നേരിടാനായി പ്രത്യേകം നിയമം തന്നെ പാസ്സാക്കുവാനും കേന്ദ്ര ഗവണ്മെന്റ് തയ്യാറായി മുന്നോട്ട് വന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത് മാവോയിസ്റ്റ് ഭീഷണിയല്ല നേരെ മറിച്ച് സംസ്ഥാനങ്ങള്‍ക്ക് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഭീഷണിയായി ഈ നിയമനിര്‍മാണം മാറിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയതുകൊണ്ടായിരിക്കാം, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ പുതിയ കേന്ദ്ര നിയമത്തിനെതിരെ ആക്ഷേപം പറയാത്തത്, മമതാ ബാനര്‍ജിയും ജയലളിതയും മറ്റ് കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളും ഈ പ്രശ്നത്തില്‍ വലിയ എതിര്‍പ്പുമായാണ് മുന്നോട്ട് വന്നിരിക്കുന്നത്.
നിയമസമാധാനം എന്ന വിഷയം സംസ്ഥാനങ്ങളുടെ അധികാരത്തിലായിരിക്കുമ്പോള്‍ പുതിയ കേന്ദ്രനിയമം ആ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ഈ സര്‍ക്കാരുകള്‍ വ്യാഖ്യാനിക്കുന്നു. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റ് ഭീഷണി ഒരു വലിയ പ്രശ്നമല്ല. എന്നാല്‍ പശ്ചിമബംഗാളും ആന്ധ്രയും ഒറീസ്സയും ബീഹാറുമൊക്കെ ഈ ഭീഷണി ഗുരുതരമായി നേരിടുന്ന സംസ്ഥാനങ്ങളാണ്. ആന്ധ്ര ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങള്‍ പുതിയ നിയമത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നു.
മാവോയിസ്റ്റ് ആക്രമണങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പല സംസ്ഥാന സര്‍ക്കാരുകളും ഇതുവരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടില്ലായെന്നത് ഒരു സത്യമാണ്. 2012 ലെ തെരഞ്ഞെടുപ്പുകാലത്ത് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും തമ്മില്‍ സഖ്യത്തിലാണെന്ന അപവാദ കഥ പോലും പരന്നിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനം ഒരു ഇടതുപക്ഷ പ്രസ്ഥാനം ആയതുകൊണ്ട് സാധാരണ ഗതിയില്‍ ഇടതുപക്ഷ ഗവണ്മെന്റുകള് അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയില്ലായെന്ന ധാരണ പൊതുവെയുണ്ട്. എന്നാല്‍ വലതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അവരുടെ കടമ നിറവേറ്റിയിട്ടുണ്ടോ? പല സ്ഥലങ്ങളിലും സംസ്ഥാന സര്‍ക്കാരും മാവോയിസ്റ്റുകളും തമ്മില്‍ ഒളിച്ചുകളി നടത്തുകയാണെന്നും പല സംസ്ഥാന നേതാക്കള്‍ക്കും മാവോയിസ്റ്റുകളെ നേരിടാന്‍ ഭയമാണെന്നുമുള്ള വാര്‍ത്തകളും വന്നിരുന്നു. ചില സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളെ കൈകാര്യം ചെയ്ത രീതി തന്നെ അവരെ അമര്‍ച്ച ചെയ്യുവാന്‍ തീരെ പറ്റിയതായിരുന്നില്ല. തട്ടിക്കൊണ്ടു പോകല്‍, ജാമ്യതുക പിരിച്ചെടുക്കല്‍ തുടങ്ങിയ അട്ടിമറി സംഭവങ്ങളില്‍ പലപ്പോഴും സംസ്ഥാന സര്‍ക്കാരുകള്‍ മാവോയിസ്റ്റുകളുടെ ആവശ്യത്തിന് കീഴടങ്ങിയതായിട്ടാണ് കണ്ടിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയ ഒരു കഥ വായിക്കാന്‍ ഇടയായി. കൂടിയാലോചനയില്‍ മദ്ധ്യസ്ഥരായി വര്‍ത്തിക്കുന്നത് ചില പോലീസുകാര്‍ ആണത്രെ. മദ്ധ്യസ്ഥന്മാര് തീരുമാനിക്കുന്ന തുക സര്‍ക്കാര്‍ രഹസ്യമായി പോലീസിന് കൈമാറും, പോലീസ് അത് മാവോയിസ്റ്റുകള്‍ക്ക് കൊടുക്കും, അതില്‍നിന്ന് ഒരു കമ്മീഷന് പോലീസിന്, മാവോയിസ്റ്റുകളില്‍നിന്ന് തിരിച്ചുകിട്ടുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍, മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ പറഞ്ഞയക്കുന്ന പോലീസുകാരന് കമ്മീഷന്-ഏജന്റാകുന്ന കാഴ്ചയാണ് നാട്ടുകാര്‍ കാണുന്നത്. അതായത് പല സ്റ്റേറ്റ് ഗവണ്മെന്റുകളും മാവോയിസ്റ്റ് ആക്രമം അമര്‍ച്ച ചെയ്യുന്നതില്‍ വളരെ അനാസ്ഥ കാട്ടി എന്നുള്ള കാര്യം ഇന്ന് ഏറെ കുറെ പരസ്യമാണ്. കേന്ദ്രം പുതിയ നിയമംകൊണ്ടുവരുന്നതിന് അതിശക്തമായി എതിര്‍ക്കുന്ന ഈ ഉത്സാഹം, തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എന്തുകൊണ്ട് കാട്ടുന്നില്ല? ഏതായാലും സംസ്ഥാന സര്‍ക്കാരുകളുടെ ഇക്കാര്യത്തിലുള്ള ഒളിച്ചുകളിയെ പരസ്യമായി ചോദ്യം ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ മുതിരുന്നില്ല എന്ന കാരണത്താല്‍ മാത്രം ഇതിനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനാണ് എന്ന് വരുന്നില്ല. സംസ്ഥാനം പരാജയപ്പെടുമ്പോള്‍ സഹായിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ചുമതല, നേരത്തെ പറഞ്ഞതുപോലെ നിയമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ അക്കാര്യത്തില്‍ അലംഭാവം കാട്ടിയാല്‍ അത് അങ്ങനെ തന്നെ ഇരിക്കട്ടെന്ന് പറയുവാന്‍ കേന്ദ്രത്തിന് ആവുകയില്ലല്ലോ. അവിടെ രാജ്യത്തിന്റെ സ്വൈര ജീവിതമാണ് തകരുന്നത്. നമ്മുടെ ഫെഡറല്‍ സംവിധാനം കൂടുതല്‍ കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രത്തിന് നല്കുന്ന രീതിയിലുള്ളതാണ്.
അമേരിക്കന്‍ ഭരണഘടനപോലെ, കേന്ദ്രനിയമം സംസ്ഥാന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെങ്കില്‍ അതിന് എളുപ്പവഴിയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ മാവോയിസ്റ്റുകളെ നന്നായി അമര്‍ച്ച ചെയ്താല്‍ മതിയല്ലോ. സംസ്ഥാനത്തിന്റെ സായുധശേഷി മുഴുവനും ഉപയോഗിച്ചിട്ടും മാവോ ഭീകരരെ അമര്‍ച്ച ചെയ്യുവാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രമാണ് കേന്ദ്രത്തിന്റെ സഹായം തേടേണ്ടത്. പലയിടങ്ങളിലും “വോട്ടുപേടി” മൂലം മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യുവാന്‍ മടിക്കുന്ന ഭരണാധികാരികള്‍ ഉണ്ടത്രെ. എന്നാല്‍ രാജ്യം ഒരു അപകടത്തെ നേരിടുമ്പോള്‍, അത് രാജ്യത്തിന് ആകെയുള്ള ഭീഷണിയായി തന്നെ വളരുമ്പോള്‍, കേന്ദ്രസര്‍ക്കാരിന് കണ്ണും അടച്ച് നോക്കിയിരിക്കാന്‍ സാധ്യമല്ല. ഈ വിഷയം സംസ്ഥാന സര്‍ക്കാരിന്റേതാണോ കേന്ദ്രസര്ക്കാരിന്റേതാണോയെന്ന തര്‍ക്കത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ രക്ഷപ്പെടുകയാണ്. ചില സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം കണ്ടാല്‍ മാവോയിസ്റ്റ് ഭീഷണിയേക്കാള്‍ വലുതാണ് കേന്ദ്ര ഭീഷണിയെന്ന് തോന്നിപ്പോകും. സംസ്ഥാനങ്ങള്‍ അവരുടെ കടമ വിജയകരമായി നിര്‍വഹിച്ചശേഷം ഇത്തരമൊരു അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കില്‍ ആ വാദത്തിന് പ്രസക്തി ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ കേന്ദ്ര-സംസ്ഥാന പിണക്കത്തിന്റെ മറവില്‍ മാവോയിസ്റ്റ് ഭീകരര്‍ ആടിത്തിമിര്‍ക്കുകയാണ്.
മാവോയിസ്റ്റുകള്‍ക്ക് ഇപ്പോള്‍ വനമേഖലയും ഗിരിമേഖലയുമൊക്കെയാണ് ചേക്കേറുവാന്‍ അവസരം കിട്ടുന്നത്. അവരുടെ ആവശ്യം ഏതായാലും ഒരു ജനാധിപത്യ ഭരണമല്ല. അവര്‍ അധികാരത്തില്‍ വന്നാല്‍ അവിടെ ജനാധിപത്യം പുലരുവാന്‍ അനുവദിക്കുകയുമില്ല. ആയുധബലവും കൂട്ടുകുരുതിയുംകൊണ്ട് ഭരണം പിടിച്ചെടുക്കുവാനും ഭരണം തുടരുവാനുമാണ് അവരുടെ കറകളഞ്ഞ പദ്ധതി. ഏത് ഭരണവ്യവസ്ഥയിലും ജനകീയ പ്രശ്നങ്ങള്‍ എല്ലാ ദിവസവും പുതിയതായി വന്നുകൊണ്ടേയിരിക്കും. എന്നാല്‍ ജനാധിപത്യ വ്യവസ്ഥതിയില്‍ മാത്രമാണ് ജനങ്ങള്‍ക്ക് പരാതി പറയുവാനെങ്കിലുമുള്ള അവസരവും അവകാശമുള്ളത്. ആദിവാസി മേഖലകളില്‍ ഭരണകൂടത്തിന് എളുപ്പം കടന്നുചെല്ലുവാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഭീഷണിയിലൂടെ ജനങ്ങളെയും സര്‍ക്കാരിനെയും വശത്താക്കുന്ന ഒരു പദ്ധതിയാണ് മാവോയിസ്റ്റുകള്‍ സ്വീകരിച്ചു കാണുന്നത്. ആന്ധ്രയിലും ബംഗാളിലും ഝാര്‍ഖണ്ഡിലും മറ്റും വിസ്തൃതമായ കാട്ടുപ്രദേശങ്ങളാണ് മാവോയിസ്റ്റുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. മാവോയിസ്റ്റുകളുടെ അക്രമ പ്രവൃത്തിയെ ന്യായീകരിക്കുവാനും അതിന് പ്രത്യയശാസ്ത്ര പരിവേഷം നല്കുവാനും കിണഞ്ഞ് പരിശ്രമിക്കുന്ന ഒരു കൂട്ടം ബുദ്ധിജീവികളും മാവോയിസ്റ്റുകളുടെ കൂടെയുണ്ട്. അതേസമയം മാവോയിസ്റ്റുകള്‍ക്ക് അധികാരം കിട്ടിയാല്‍ അവിടെയെങ്ങും പിന്നെ ബുദ്ധിജീവികളെ കണികാണുവാന്‍ പോലും സാധ്യമാവില്ലയെന്ന വസ്തുത ഈ ബുദ്ധിജീവികള്‍ മറക്കുന്നു. മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യുന്ന യുദ്ധത്തില്‍ കേന്ദ്രത്തിന്റെ സഹായം അത്യാവശ്യമാണെങ്കില്‍ അതിനുള്ള നിയമനിര്‍മാണത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണ നല്‍കണം. ഇവിടെ അധികാരത്തില്‍ തര്‍ക്കിച്ച്, ഇരുകൂട്ടരും നില്ക്കുമ്പോള് മാവോയിസ്റ്റുകള്‍ നിഷ്പ്രയാസം വളര്‍ന്ന് പന്തലിക്കുകയാണ്.
എന്‍.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: