കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുളള വിവിധ തരം പനികളും സാംക്രമികരോഗങ്ങളും സംസ്ഥാനത്തെ ഗ്രസിക്കുന്ന സാഹചര്യത്തില്‍പ്പോലും മരുന്ന്ലോബി ജീവന്‍രക്ഷാമരുന്നുകള്‍ ആന്റിബയോട്ടിക്കുകള്‍ മുതല്‍ വേദനസംഹാരികളുടെ വിലവരെ പത്തിരട്ടിയോളം വര്‍ധിപ്പിച്ച മനുഷ്യത്വരഹിതമായ നടപടി ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പെട്രോള്‍ വില നിയന്ത്രണം പെട്രോള്‍ കമ്പനികള്‍ക്ക് വിട്ടുനല്‍കി പെട്രോള്‍വില കുതിക്കുന്നതുപോലെ ഇപ്പോള്‍ മരുന്നുമാഫിയയും മരുന്നുവിലകള്‍ യഥേഷ്ടം വര്‍ധിപ്പിക്കുന്നു. ഇതിനെതിരെ ഒരു പ്രതിഷേധവും ഉയരുന്നില്ല എന്നതും ജനങ്ങളുടെ ദയനീയ പരാജയമാണ് വിളിച്ചറിയിക്കുന്നത്. കേരളം രോഗഗ്രസ്തമായത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയും മുനിസിപ്പാലിറ്റി-പഞ്ചായത്ത് വകുപ്പുമന്ത്രിയുടെ കഴിവുകേടുമാണ് തെളിയിക്കുന്നത്. മാലിന്യസംസ്കരണം എന്ന സങ്കല്‍പ്പം പോലും ബന്ധപ്പെട്ടവര്‍ക്കില്ല. മാലിന്യം വ്യാപകമാകുകയും കൊതുകുകളും എലികളും വര്‍ധിക്കുകയും കുടിവെള്ളം പോലും മലിനമാകുകയും ചെയ്യുന്നു. മാലിന്യശേഖരണത്തിന് ഇന്ന് ഗ്രാമ-നഗരഭേദമില്ല എങ്കിലും മാലിന്യനിര്മാര്ജനമോ സംസ്കരണമോ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയായി പോലും അവര്‍ കരുതുന്നില്ല. സര്‍ക്കാര്‍ ഇതിനായി ഫണ്ട് അനുവദിക്കുമ്പോഴും അത് ഫലപ്രദമായോ ജനോപകാരപ്രദമായോ ചെലവഴിക്കാന്‍ കഴിവില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ ബധ്ധപ്പെട്ട മന്ത്രിയോ വകുപ്പധികൃതരോ തയ്യാറാകാതെയാണ് കേരളം ജലജന്യരോഗങ്ങളുടെ പിടിയില്‍ അമരുന്നത്.
മാലിന്യസംസ്ക്കരണവും നിര്‍മാര്‍ജനവും ഇന്ന് കോര്‍പ്പറേഷനുകളും കളക്ടര്‍മാരും തമ്മിലുള്ള വാഗ്യുദ്ധത്തില് കലാശിക്കുമ്പോഴും ഈ മാലിന്യജന്യദുരന്തം അനുഭവിക്കുന്നത് നിസ്സഹായരായ ജനങ്ങളാണ്. കൊതുകുനിര്‍മാര്‍ജന പരിപാടി പോലും നിശ്ചലമാണ്. കേരളത്തില്‍ പണ്ടെങ്ങും കണ്ടിട്ടില്ലാത്തവിധം രോഗങ്ങളുടെ കടന്നുകയറ്റം അരങ്ങേറുമ്പോഴും തലസ്ഥാനത്ത് മേയറും കളക്ടറും തമ്മില്‍ വടംവലി മാത്രമാണ് നടക്കുന്നത്. പകര്‍ച്ചപ്പനി നിയന്ത്രണത്തിന് പണം പ്രശ്നമാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും പകര്‍ച്ചവ്യാധിയെ നേരിടാന്‍ സുസജ്ജമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാരുടെ ലഭ്യതയോ മരുന്ന് ലഭ്യതയോ ഇല്ലാത്ത സര്‍ക്കാര്‍ ആശുപത്രികളെപ്പറ്റി വിവരമില്ല എന്ന് വ്യക്തം. സാംക്രമികരോഗങ്ങള്‍ക്ക് പുറമെ ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുന്ന കേരളത്തില്‍ ആസ്ത്മ, ഹൃദ്രോഗം, പ്രമേഹം, ശിശുരോഗങ്ങള്‍ മുതലായവ വ്യാപകമാണ്. ഇപ്പോള്‍ മരുന്ന് ലോബി ഇവരെയും പനി രോഗബാധിതരെയും ഒരുപോലെ ദ്രോഹിക്കുന്ന വിധത്തിലാണ് ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ആന്റിബയോട്ടിക്കുകള്‍ക്കും വില കൂട്ടിയിരിക്കുന്നത്. ഡ്രഗ്സ് കണ്ട്രോള് ആക്ട് അനുസരിച്ചുള്ള വിലനിയന്ത്രണ പട്ടിക തിരസ്ക്കരിച്ചാണ് മരുന്ന് ലോബി മരുന്ന്വില വര്‍ധിപ്പിച്ചിരിക്കുന്നത്.
ഔഷധ ചേരുവകള്‍ മാറ്റി ക്രമീകരിച്ചാണ് ഡ്രഗ്സ് കണ്ട്രോള് ആക്ടിനെ ഇവര്‍ മറികടന്നിരിക്കുന്നത്. ഔഷധ നിര്‍മാണ-വിപണനരംഗത്ത് ശക്തമായ മാനദണ്ഡങ്ങളുടെ അഭാവവും ആരോഗ്യവകുപ്പിന്റെ ജാഗ്രതക്കുറവുമാണ് രോഗികള്‍ക്ക് ദുരിതക്കയം ഒരുക്കുന്നത്. വ്യാജന്മാരും ഈ രംഗത്ത് സുലഭമാണ്. ശരിയായ നിലവാരമുള്ള ഔഷധങ്ങളുടെ പേരില്‍ വ്യത്യസ്ത ചേരുവകള്‍ ചേര്‍ത്തും മരുന്ന് ലോബി രോഗികളെ ചതിക്കുന്നു. രോഗികളുടെ സംരക്ഷണത്തിന് ഡോക്ടര്‍മാര്‍ പോലും ഇതെല്ലാം ചൂണ്ടിക്കാണിച്ച് രംഗത്തുവരുന്നില്ല. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കരുത് എന്ന ജാഗ്രത അവര്‍ പുലര്‍ത്തുന്നില്ല. ഇപ്പോഴത്തെ വിലവര്‍ധനയിലും ഔഷധങ്ങളുടെ ചേരുവകളിലെ ജാലവിദ്യയാണത്രെ വിലവര്‍ധനക്ക് കളമൊരുക്കുന്നത്. മരുന്ന്വില എത്ര ഉയര്‍ന്നാലും രോഗഗ്രസ്തര്‍ക്ക് ചികിത്സ ലഭിക്കാന്‍ എന്ത് വിലകൊടുത്തും മരുന്നുകള്‍ വാങ്ങുമ്പോള്‍ അതിന് ഗുണനിലവാരമില്ലാതെയാകുന്നത് രോഗികളെ പ്രതിസന്ധിയിലാക്കുന്നു. മരുന്നുവിലയിലെ കുതിപ്പും ഇതിലെ നിലവാരചോര്ച്ചയും നാളുകളായി ചര്‍ച്ചാവിഷയമായിട്ടും സര്‍ക്കാര്‍ ഈ വിഷയത്തില്‍ തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: