പുഴകള്‍ വറ്റുമ്പോഴും ചോരപ്പുഴകള്‍ ഒഴുകുന്ന കേരളത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല നിയമസഭ സമ്മേളിക്കുന്നത്. മറിച്ച് പരസ്പരം ആരോപണം ഉന്നയിച്ച് സഭാനടപടികള്‍ തടയാനും ബഹിഷ്ക്കരിക്കാനുമാണ്. കേരളത്തില്‍ വിവിധ സാമൂഹിക-ആരോഗ്യപ്രശ്നങ്ങള്‍ ഉയരുമ്പോള്‍, വിലക്കയറ്റം കൊണ്ട് ജനം വീര്‍പ്പുമുട്ടുമ്പോള്‍ സഭയില്‍ ഉയരുന്നത് ആരോപണ പ്രത്യാരോപണങ്ങള്‍ മാത്രം. ഇത്തരം ജനപ്രതിനിധികളെ എന്തിന് തെരഞ്ഞെടുക്കണം? കൊലപാതക രാഷ്ട്രീയമാണ് കേരളത്തില്‍ കൊഴുക്കുന്നത്. ടി.പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ ഒഞ്ചിയം കൊലപാതകം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുകയും പ്രതിപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തിരിക്കെയാണ് മലപ്പുറത്തെ ഇരട്ട കൊലപാതകം ഭരണപക്ഷത്തെ പ്രതിരോധിക്കാന്‍ വീണുകിട്ടിയ വജ്രായുധവുമായി പ്രതിപക്ഷം ഏറ്റെടുത്ത് സഭാ ബഹിഷ്കരണം തുടരുന്നത്. ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ അഭാവം വെളിപ്പെടുന്നത് ജനങ്ങള്‍ രോഗാതുരതയില്‍ വലയുമ്പോഴും കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാകുമ്പോഴും ഭരണ-പ്രതിപക്ഷകക്ഷികള്‍ ആര്‍ക്കാണ് കൊലപാതകത്തില്‍ മേല്‍ക്കൈ എന്ന് ചര്‍ച്ചകളില്‍ മുഴുകുകയാണ്. പ്രതിപക്ഷ എംഎല്‍എ കുറ്റാരോപിതനായി സഭയില്‍ സന്നിഹിതനായിട്ടും കുറ്റാരോപിതനായ ലീഗ് എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് പ്രതിഷേധിച്ചാണ് സഭാ ബഹിഷ്ക്കരണം.
മൊഴിയുടെ അടിസ്ഥാനത്തിലല്ല അറസ്റ്റ് ചെയ്യേണ്ടത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എം.എം. മണിയുടെ നേരെ നടപടി വരുന്നത് പട്ടിക തയ്യാറാക്കി രാഷ്ട്രീയപ്രതിയോഗികളെ കൊലപ്പെടുത്തി എന്ന് വെളിപ്പെടുത്തിയതിനാലാണ്. മണിയുടെ വെളിപ്പെടുത്തലിന് വിശ്വാസ്യത പകര്‍ന്നാണ് അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന് എന്നീ വധക്കേസിലെ ദൃക്സാക്ഷികളുടെ മൊഴികള്‍. രാഷ്ട്രീയ കൊലപാതകശൈലി രാഷ്ട്രീയപാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ഏകകണ്ഠമാകുമ്പോഴും അതുമാത്രം ചര്‍ച്ചാ വിധേയമായി ജനകീയ പ്രശ്നങ്ങള്‍ അവഗണിക്കുന്നത് ജനപ്രതിനിധികളുടെ പ്രതിബദ്ധതയില്ലായ്മയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഹീനമായ കൊലപാതക ശൈലിയെ ന്യായീകരിക്കാന്‍ കുലംകുത്തി പ്രയോഗം നടത്തുന്നതിനെതിരെ പ്രതിഷേധിക്കുന്ന രാഷ്ട്രീയകക്ഷികള്‍ സ്വയം കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാതിരിക്കേണ്ടതാണ്. കൊലപാതകങ്ങളും അണിയറയിലെ ഒത്തുതീര്‍പ്പുകളും വ്യാജ പ്രതിപ്പട്ടിക ചമക്കലും കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ സുപരിചിതമാണ്. അവര്‍ക്ക് വേണ്ടത് ഈ വിധം കൊലപാതക പൈശാചികതയല്ല മറിച്ച് പ്രവര്‍ത്തനശൈലി ജനക്ഷേമ കേന്ദ്രീകൃതമാകലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: