കോഴിക്കോട്: കടലോരത്ത് വറുതിയുടെ കാലം തീര്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ഇനിയുള്ള 47 നാളുകളില്‍ ഓരോ ദിനവും വരാനിരിക്കുന്ന ചാകര മുന്നില്‍ക്കണ്ട് കടലമ്മയുടെ മക്കള്‍ തള്ളിനീക്കും. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍. സാധാരണ ജൂണ്‍ ആദ്യം നല്ല കോളു കിട്ടാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം. കാലാവസ്ഥ മാറിമറിഞ്ഞതാണ് ഇതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മത്സ്യങ്ങളുടെ പ്രജനനകാലമായതിനാലാണ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മത്സ്യബന്ധനം നടത്താം. അടിത്തട്ട് മത്സ്യബന്ധനം മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെ മത്സ്യമേഖയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടുകിടക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുരിതത്തിലാകും. നിരോധനകാലയളവില്‍ മറ്റ് ജോലികള്‍ കണ്ടെത്തി ജീവിതം തള്ളിനീക്കാനാണ് മത്സ്യത്തൊഴിലാളികള്‍ ശ്രമിക്കുക. നിരോധന കാലയളവില്‍ സര്‍ക്കാര്‍ സൗജന്യറേഷന് അനുവദിക്കാറുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചില്ലെന്ന പരാതി പോയവര്‍ഷവും ഉയര്‍ന്നിരുന്നു.
1987ല്‍ ജസ്റ്റിസ് ബാലകൃഷ്ണന് കമ്മിറ്റി നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 1988 മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. ആദ്യം 90 ദിവസമായിരുന്നു നിരോധനമെങ്കിലും 1995ന് ശേഷം 47 ദിവസമാക്കി ചുരുക്കുകയായിരുന്നു.
മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെങ്കിലും ഈ കാലത്ത് വിദേശ കപ്പലുകള്‍ വന്ന് മത്സ്യബന്ധനം നടത്താനുള്ള സാധ്യതയിലേക്കാണ് മത്സ്യത്തൊഴിലാളികള്‍ വിരല്‍ചൂണ്ടുന്നത്. ഉണ്ടാകുന്ന മത്സ്യസമ്പത്ത് വിദേശ കപ്പലുകള്‍ കൊണ്ടുപോകുന്നതോടെ ട്രോളിംഗ് നിരോധനം നീങ്ങിയതിനു ശേഷവും തങ്ങള്‍ക്ക് ലഭിക്കുന്ന മത്സ്യസമ്പത്തിന്റെ അളവ് വര്‍ദ്ധിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നുണ്ട്. നിരോധനം മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
മത്സ്യസമ്പത്ത് സംരക്ഷിക്കാനെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് സംസ്ഥാനം ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതെങ്കിലും ഈ ഉദ്ദേശ്യത്തെ തകിടംമറിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നയങ്ങളെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം സംസ്ഥാനപ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് പറഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെ വിദേശ കപ്പലുകള്‍ക്ക് മത്സ്യബന്ധനം നടത്താനുള്ള സൗകര്യമൊരുക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
ട്രോളിംഗ് നിരോധന കാലയളവില്‍ വിദേശ കപ്പലുകള്‍ മത്സ്യബന്ധനം നടത്തരുതെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇത് നിയന്ത്രിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുന്നില്ല. ട്രോളിംഗ് രീതിയില്‍ മത്സ്യംപിടിക്കാനായിരുന്നു വിദേശ കപ്പലുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നതെങ്കിലും ഇപ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അവലംബിക്കുന്ന രീതികളിലും മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. 1400 ഓളം വരുന്ന കപ്പലുകളാണ് ഇത്തരത്തില്‍ ഇന്ത്യന്‍ കടല്‍ കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തുന്നത്. ഇത്തരം മത്സ്യബന്ധനത്തിലൂടെ നമ്മുടെ മത്സ്യസമ്പത്ത് നശിപ്പിക്കുകയാണ്. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇവിടെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ മറുഭാഗത്ത് മത്സ്യസമ്പത്ത് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പ്രധാന ഹാര്‍ബറുകളിലെല്ലാം ബോട്ടുകള്‍ അറ്റകുറ്റപണിക്കായി പ്രവേശിപ്പിച്ചു കഴിഞ്ഞു. ഹാര്‍ബറില്‍ നിന്ന് കടലിലേക്ക് ചങ്ങല വലിച്ചുകെട്ടുന്നതോടെ മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളുടെ അറ്റകുറ്റപണിയിലേക്ക് നീങ്ങും. ബോട്ടുകളും വലകളും അറ്റകുറ്റപണികള്‍ നടത്തി നിരോധനം തീരുംവരെ കാത്തിരിക്കും. വരാനിരിക്കുന്ന നല്ല നാളെ മാത്രം പ്രതീക്ഷിച്ചുകൊണ്ട് ഇനിയുള്ള 47 നാളുകള്‍ അവര്‍ തള്ളിനീക്കും. നല്ല ചാകര മാത്രം മുന്നില്‍ കണ്ട്.
പി.ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: