കീര്‍ത്തനം നിങ്ങളുടെ ദര്ശനചക്രവാളത്തെ വികസ്വരമാക്കുകയും ബുദ്ധിക്ക് തെളിവ് നല്‍കുകയും ഉദാത്തവും ഉല്‍ക്കൃഷ്ടവുമായ ചിരന്തന ലക്ഷ്യത്തിലേക്ക് ജീവിതത്തെ നയിക്കുകയും ചെയ്യുന്നു.
നിങ്ങളെല്ലാം ദിവ്യപ്രേമത്തിന്റെ ചെറുപേടകങ്ങളാണ്. ആ പേടകങ്ങള്‍ തുറന്ന് പരസ്പരം പകരൂ. അതിന്റെ നറുമണം എമ്പാടും പരക്കട്ടെ. ഉള്ളില്‍ ഉറവ പൊട്ടുന്ന പ്രേമം ജനസേവനത്തിലൂടെ സദയഭാഷണത്തിലൂടെ സഹാനുഭൂതിയില്‍ അലിഞ്ഞ ചിന്തകളിലൂടെ ലോകമെങ്ങും പരന്നൊഴുകട്ടെ.
ഈശ്വരന് നിങ്ങളോടൊപ്പമുണ്ടെങ്കില്‍ ലോകം നിങ്ങളുടെ കൈക്കുമ്പിളിലാണെന്ന് മനസ്സിലാവും. ഉപനിഷത്തുകളിലൂടെ ഈശ്വരന് നല്കുന്ന സന്ദേശം ഇതാണ്. കര്‍മ്മത്തിന്റെ കെട്ടുകളെല്ലാം പൊട്ടിച്ച് എന്റെ കാല്ക്കല് അര്‍പ്പിക്കുക. ഞാന്‍ നിങ്ങളെ സകലപാപങ്ങളില്‍ നിന്നു വിമോചിപ്പിക്കാം. ജനനം എന്ന പ്രവേശനകവാടവും മരണമെന്ന നിഷ്ക്രമണദ്വാരവുമുള്ള ആവര്‍ത്തന വിരസമായ ജീവിതനാടക രംഗമാകുന്ന സംസ്കാരചക്രവ്യൂഹത്തില് നിന്ന് ഞാന്‍ നിങ്ങളെ പുറത്തുകൊണ്ടുവരാം. സ്വന്തം യാഥാര്‍ത്ഥ്യം മനസ്സിലാക്കി അനന്തമായ ശാന്തി നുകര്‍ന്നുകൊണ്ട് നിങ്ങള്‍ക്കെന്നെന്നും കഴിയാന്‍ ഞാന്‍ സഹായമരുളും.
പലരും സാധനകളും ആദ്ധ്യാത്മികമായ വ്രതാനുഷ്ഠാനങ്ങളും വാര്‍ദ്ധക്യകാലത്തേക്ക് നീക്കിവയ്ക്കും. ഇത് തെറ്റായ ഒരു നടപടിയാണ്. കുളിച്ച് ശരീരശുദ്ധി വരുത്തുന്നത് വാര്ദ്ധക്യകാലത്തുമതി എന്നുംപറയും പോലെയാണിത്. ശരീരശുദ്ധീകരണം പോലെ ആത്മശുദ്ധീകരണവും എത്രയും നേരത്തെ ആരംഭിക്കുന്നുവോ അത്രയും നന്ന്, പ്രവൃത്തി ചെയ്യാനുള്ള ഊര്‍ജ്ജം നിറഞ്ഞുനില്ക്കുന്ന യൗവനകാലത്തുതന്നെ ക്ലേശകരമായ ആത്മീയ സാധനകളും ആരംഭിക്കുയാണുത്തമം. നാവിനേയും കണ്ണിനേയും കൈകളെയും മനസ്സിനെയുമെല്ലാം പാപത്തില്‍നിന്നകന്ന് കഴിയാന്‍ കുട്ടിക്കാലത്തുനിന്നേ അഭ്യസിപ്പിക്കുക. ആത്മീയ സാധനകള്‍ ജീവിതം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന സുദീര്‍ഘമായ പ്രക്രിയയാക്കുകയാണഭികാമ്യം.
– സായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: