പള്ളുരുത്തി: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി ആഴ്ചകള്‍ക്കുള്ളില്‍ കുമ്പളങ്ങിയില്‍ റോഡുകള്‍ തകര്‍ന്നു. ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണിനടത്തിയ റോഡ് മഴക്കുമുമ്പേ വേഗത്തിലാണ് പണിപൂര്‍ത്തിയാക്കിയത്. തകര്‍ന്ന റോഡ് നന്നാക്കുന്നതിന്വേണ്ടി രാഷ്ട്രീയ സാമൂഹ്യസംഘടനകള്‍ പ്രത്യക്ഷസമരവും ഹാര്‍ത്താലുമായി രംഗത്തുവന്നതിനെത്തുടര്‍ന്നാണ് റോഡു പണി ആരംഭിച്ചത്. വടക്കേഅറ്റത്തുനിന്നുമാണ് പണി ആരംഭിച്ചത്. തെക്കുഭാഗത്തെ നിര്‍മാണം നടന്നുകൊണ്ടിരിക്കേയാണ് നിര്‍മ്മിച്ച ഭാഗം പൊളിഞ്ഞു തുടങ്ങിയത്. 30 ലക്ഷം രൂപയാണ് പുനര്‍നിര്‍മാണത്തിനായി അനുവദിച്ചത്. അറ്റകുറ്റപ്പണിയല്ല റോഡിന്റെ മുഴുവന്‍ നിര്‍മാണവും നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റോഡിലെ കുഴികള്‍ മൂടി കരാറുകാരന് പണവുമായി മുങ്ങിയെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
മഴതുടങ്ങുന്നതിനുമുമ്പായി ദ്രുതഗതിയില്‍ പണിപൂര്‍ത്തിയാക്കിയ റോഡ് തകര്‍ന്നുതരിപ്പണമായതോടെ നാട്ടുകാര്‍ കടുത്ത ദുരിതത്തിലുമായി. ഇന്ത്യയിലെ ആദ്യ ടൂറിസം വില്ലേജായ കുമ്പളങ്ങിയില്‍ മണ്‍സൂണ്‍ ടൂറിസം വളരെയേറെ പ്രതീക്ഷയോടെയാണ് സഞ്ചാരികള്‍ കാണുന്നത്. കുമ്പളങ്ങിയിലേക്ക് ഓട്ടോറിക്ഷകള്‍ ട്രിപ്പുവിളിച്ചാല് പോലും വരാത്ത അവസ്ഥയാണ് നിലവിലുള്ളത്. നൂറുകണക്കിനാളുകളാണ് ദിനംപ്രതി റോഡിലൂടെ യാത്രചെയ്യുന്നത്. സ്ഥലം എംഎല്‍എ ഡോമിനിക്ക് പ്രസന്റേഷനും കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ ഗ്രൂപ്പുകാരിയായ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപുമായുള്ള ശീതസമരം റോഡുനിര്‍മാണത്തിന്റെ ആദ്യഘട്ടത്തെബാധിച്ചിരുന്നു. ഗ്രാമത്തില്‍ താമസിക്കുന്നവര്‍ക്ക് സമീപത്തെ ഫാത്തിമ ആശുപത്രിയിലും സ്കൂളുകളിലും എത്തിച്ചേരാന്‍ ഈ റോഡല്ലാതെ മറ്റുമാര്ഗ്ഗങ്ങള് ഒന്നും തന്നെയില്ല. റോഡ് റിപ്പയര്‍ ചെയ്ത കരാറുകാരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിക്കാനുള്ള നീക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: