കാസര്‍കോട് : കാലവര്‍ഷാരംഭത്തില്‍ തന്നെ കടലാക്രമണം രൂക്ഷമായത് തീരദേശ മേഖലയെ ആശങ്കയിലാഴ്ത്തി. കാവുഗോളി കടപ്പുറം ഭാഗത്താണ് കടലാക്രമണം രൂക്ഷമായത്. ഫിഷറിസിണ്റ്റെ നൂറു മീറ്റര്‍ റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു. മൊഗ്രാല്‍പുത്തൂറ്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍പ്പെട്ട കാവുഗോളി കടപ്പുറം റോഡാണ് കഴിഞ്ഞ ദിവസം ഭാഗീകമായി തകര്‍ന്നത്. സമീപത്തുള്ള നാരായണന്, മാണിക്കം എന്നിവരുടെ വീടുകളും, 25 ഓളം തെങ്ങുകളും കടലാക്രമണ ഭീഷണിയിലാണ്. റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇനി ഈ ഭാഗത്തേക്ക് വാഹന ഗതാഗതത്തിനായി സി പി സി ആര് ഐ യുടെ അധീനതയിലുള്ള റോഡിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഇതുവഴി കിലോമീറ്ററുകളോളം സഞ്ചരിച്ചുവേണം കാവുഗോളി പ്രദേശ വാസികള്‍ക്ക് പുറംലോകത്തെത്താന്‍. ഈ ഭാഗത്ത് കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന തീരദേശ വാസികളുടെ ആവശ്യത്തിന് ഇതുവരെ ഫലമുണ്ടായിട്ടില്ല. എല്ലാ കാലവര്‍ഷത്തിലും ശക്തമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് കാവുഗോളി കടപ്പുറം. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് രൂക്ഷമാകുന്ന കടലാക്രമണം തടയുന്നതിന് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനായി ബന്ധപ്പെട്ടവര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിണ്റ്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലാണ് അളവെടുപ്പ് നടത്തിയത്. കാലവര്‍ഷത്തിനു മുമ്പേ കടല്‍ഭിത്തി നിര്‍മ്മിച്ച് തീരദേശത്തെ സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിട്ടില്ല. മഴക്കാല ആരംഭത്തോടെ തന്നെ കടലാക്രമണത്തിന് വിധേയമായ സ്ഥലത്ത് ഇനി മഴക്കാലം കഴിഞ്ഞാല്‍ മാത്രമേ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുകയുള്ളു. കടലാക്രമണം കാലവര്‍ഷാരംഭത്തില്‍ തന്നെ ഉണ്ടായത് അഴിമുഖത്ത് നിന്ന് വ്യാപകമായി മണലെടുപ്പിനെത്തുടര്ന്നാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ആഗസ്റ്റ് മാസത്തോടെയാണ് കടലാക്രമണം രൂക്ഷമാകാറുള്ളത്. എന്നാല്‍ ഇത്തവണ മഴക്കാല ആരംഭത്തോടു തന്നെ കടലാക്രമണമുണ്ടായത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: