മരട്: മരട് നഗസഭ, കുമ്പളം പഞ്ചായത്ത് എന്നിവിടങ്ങളില്‍ പട്ടികജാതി വികസന ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി പരാതി. ബാബാ സഹേബ് ഡോ.ബി.ആര്.അംബേദ്കര്‍ കള്‍ച്ചറല്‍ സൊസൈറ്റി നാഷണല്‍ കമ്മീഷന് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റിന് സമിര്‍പ്പിച്ച പരാതിയിലാണ് ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചിരിക്കുന്നത്. കുമ്പളം പഞ്ചായത്തില്‍ പട്ടികജാതിക്കാരുടെ ഉപയോഗത്തിനായുള്ള സ്ഥലം പട്ടികജാതി വികസന ഓഫീസര്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുവാന്‍ വിട്ടുകൊടുത്തു. വിവിധ പട്ടികജാതി വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട തുകയില്‍ നിന്നും 30 ലക്ഷത്തോളം രൂപ മുടക്കി ഇവിടെ ഹാള്‍ നിര്‍മാണവും പൂര്‍ത്തിയാക്കി.
മരടിലും പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം വകമാറ്റി കമ്മ്യൂണിറ്റിഹാള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്ട്ടികള്ക്കുള്ളതിന്റെ ഇരട്ടിതുകയാണ് പട്ടികജാതിക്കാര്‍ക്ക് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. പിന്നോക്കക്കാരുടെ വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹാളുകള്‍ക്കും മറ്റും അമിത വാടക ഈടാക്കുന്നത് വിവേചനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കുമ്പളം ഗ്രാമപഞ്ചായത്ത് മരട് നഗരസഭ എന്നിവിടങ്ങളില്‍ പട്ടികജാതിഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള കമ്മ്യൂണിറ്റി ഹാളുകളുടെ നടത്തിപ്പിനായി പഞ്ചായത്ത് നഗരസഭാ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു കമ്മറ്റി രൂപീകരിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാര്‍ക്ക് വാടക ഇല്ലാതെ ഹാളുകള്‍ നല്‍കണം, പട്ടികജാതിവിഭാഗക്കാര ല്ലാത്തവര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് അനുവദിക്കരുത് എന്നും കഴിഞ്ഞ നവംബര്‍ 14ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഹാളുകള്‍ മുന്‍ഗണനാ ക്രമത്തില്‍ അനുവദിക്കുന്നതിനാല്‍ പട്ടികജാതിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കില്ല. ആയതിനാല്‍ ഈ വിഭാഗങ്ങള്‍ക്കായി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഹാള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. കമ്മ്യൂണിറ്റിഹാളിന്റെ ഉപയോഗം പട്ടിക വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
പട്ടികജാതി വികസന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നാളിതുവരെയായി നടപ്പിലാക്കിയിട്ടില്ലെന്നാണ് ബാബാസാഹേബ് അംബേദ്കര്‍ കള്‍ച്ചറല്‍ സൊസൈറ്റി ഉള്‍പ്പടെ വിവിധ സംഘടനകള്‍ ആക്ഷേപം ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: