സമ്പത്ത്, ഐശ്വര്യം എന്നിത്യാദികള്‍ക്കായി ഒരു ഭവനത്തില്വെച്ച്ആരാധിക്കാവുന്ന ഏറ്റവും വിശിഷ്ടമായ യന്ത്രമാണ് ശ്രീചക്രം. ആദിപരാശക്തിയായ ദേവിയെ ലളിതാംബിക എന്ന ഭാവത്തില്‍ ശ്രീചക്രം ഉള്‍ക്കൊള്ളുന്നു. യന്ത്രങ്ങളുടെ അഥവാ ചക്രങ്ങളുടെ രാജാവായാണ് ശ്രീചക്രം അറിയപ്പെടുന്നത്. സകലദേവീദേവന്മാരുടെയും ഉത്ഭവകാരണവും രക്ഷാകര്‍ത്രിയുമാണ് ലളിതാംബിക. അതുകൊണ്ടുതന്നെ ലളിതാംബികയുടെ വാസസ്ഥാനമായ ശ്രീചക്രത്തില്‍ സകലദേവതാചൈതന്യങ്ങളും സകലയന്ത്രങ്ങളും അന്തര്‍ഭവിക്കുന്നു എന്നാണ് വിശ്വാസം.
മധ്യത്തിലുള്ള ബിന്ദുവിനെക്കൂടി ചക്രമായി കണക്കാക്കുമ്പോള്‍ ഒന്പതുചക്രങ്ങള് ശ്രീചക്രത്തിലുണ്ട്. ഇവയുടെ പേരുകള്‍തന്നെ ശ്രീചക്രമഹത്വവും അതിന്റെ ഫലശ്രുതിയും വെളിവാക്കുന്നു. ത്രൈലോക്യമോഹനം,സര്വാശാപരിപൂരകം, സര്‍വസംക്ഷോഭണം, സര്‍വസൗഭാഗ്യദായകം, സര്‍വാര്‍ത്ഥസാധകം,സര്‍വരക്ഷാകരം, സര്‍വരോഗഹരം, സര്‍വസിദ്ധിപ്രദം,സര്‍വാനന്ദമയം എന്നിങ്ങനെയാണ് ചക്രങ്ങളുടെ പേരുകള്‍. ശ്രീചക്രത്തിന് പൂജ നടത്തുവാന്‍ ഗുരുവില്‍ നിന്നുള്ള ഉപദേശം ആവശ്യമാണ്. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ച് ആര്‍ക്കും ശ്രീചക്രത്തെ ആരാധിക്കാം. ലളിതസഹസ്രനാമാവലികള് ഭക്തിപൂര്‍വം ജപിച്ച് ചുവന്ന സുഗന്ധപുഷ്പങ്ങള്‍ കൊണ്ടോ കുങ്കുമം കൊണ്ടോ ശ്രീചക്രത്തില്‍ അര്‍ച്ചന നടത്തുന്നത് ശ്രേയസ്കരമാണ്. വിധിപ്രകാരം കൃത്യമായി തയ്യാറാക്കിയ ശ്രീചക്രം ഭവനത്തില്‍ സൂക്ഷിക്കുന്നതുമൂലം സകല ഐശ്വര്യങ്ങളും സിദ്ധിക്കും. ചെമ്പ്, വെള്ളി, സ്വര്‍ണം തുടങ്ങിയ തകിടുകളില്‍ ആലേഖനം ചെയ്താണ് ശ്രീചക്രം തയ്യാറാകുന്നത്. സ്വര്‍ണതകിടില്‍ എഴുതുന്ന യന്ത്രത്തിന് കൂടുതല്‍ വൈശിഷ്ട്യം കല്പിക്കുന്നുണ്ട്. ദീര്‍ഘകാലം അതിന്റെ ശക്തി നിലനില്‍ക്കുന്നമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: