കേരള രാഷ്ട്രീയത്തിലും നിയമരംഗത്തും ടി.പി. ചന്ദ്രശേഖരന് വധക്കേസ് ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഈ കേസിനേക്കാളും നിഷ്ഠൂരമാംവിധം നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ട്. എന്നാല്‍ പൊതുസമൂഹം ഗൗരവപൂര്‍വ്വം ചന്ദ്രശേഖരന്‍വധം നെഞ്ചിലേറ്റുകയും സിപിഎം എന്ന കേഡര്‍പാര്‍ട്ടി പ്രതിരോധിക്കാനാവാതെ ഓരോ കാല്‍വെയ്പിലും പതറി തളരുന്നു എന്നതുമാണ് ഇപ്പോഴത്തെ സവിശേഷത. ഏറ്റവുമൊടുവിലായി കേസിലെ മുഖ്യ കൊലയാളിയായ ടി.കെ.രജീഷിന്റെ വെളിപ്പെടുത്തല്‍കൂടി പുറത്തുവന്നതോടെ നമ്മുടെ കുറ്റാന്വേഷണ സംവിധാനം രക്ഷപ്പെടുത്താനാവാത്തവിധം പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇന്ത്യാരാജ്യത്ത് ക്രിമിനല്‍ കേസുകള്‍ അട്ടിമറിക്കപ്പെടുകവഴി നീതി കുഴിച്ചുമൂടപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇപ്പോള്‍ നാണംകെട്ട് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ജനങ്ങളുടെ ജാഗ്രതയും ആത്മനിഷ്ഠാപരമായ ഇടപെടലും ഗുണം ചെയ്യുമെന്ന് ടി.പി. വധക്കേസ് തെളിയിച്ചിരിക്കുന്നു.
1999ല്‍ യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍മാസ്റ്റര്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് സിപിഎമ്മുകാരാല്‍ വെട്ടിനുറുക്കപ്പെട്ട സംഭവത്തില്‍ രജീഷിന്റെ പങ്ക് വെളിവായിരിക്കയാണ്. സിപിഎം ഭരണത്തിന്‍കീഴില്‍ കുറ്റാന്വേഷണ സംവിധാനം ഇത്തരം പ്രതികളെ ബോധപൂര്‍വ്വം ഒഴിവാക്കി കേസ് അട്ടിമറിച്ചു എന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ഇതുകൂടാതെ സൂരജ് വധക്കേസ്, സുരേഷ്ബാബു വധക്കേസ്, മാഹിക്കേസ്, വിനയന് കൊലക്കേസ് തുടങ്ങിയ കേസുകളിലും രജീഷിന് പങ്കുണ്ടായിരുന്നുവെന്നും പോലീസ് അതും തമസ്ക്കരിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ മാധ്യമങ്ങള്റിപ്പോര്ട്ട് ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ നാടിനെ ഞെട്ടിച്ച പൈശാചികമായ ഈ രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം നിയമപാലകന്മാര് സത്യത്തിന്റെയും തെളിവിന്റെയും അന്തകന്മാര്‍ ആകുകയായിരുന്നു എന്നതാണ് വന്ദുര്യോഗം. കൊല്ലപ്പെട്ട സംഘ-ബിജെപി പ്രവര്ത്തകന്മാരുടെ കുടുംബത്തോടും സമൂഹത്തോടും കടുത്ത നീതി നിഷേധവും; കൊടുംപാതകവും, നിയമവാഴ്ചയുടെ അട്ടിമറിയുമാണ് ഭരണകൂടവും ചെയ്തിട്ടുള്ളത്.
1996ല്‍ പന്ന്യന്നൂര്‍ ചന്ദ്രന് എന്ന ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ സിപിഎമ്മുകാര്‍ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊന്നത് നാടിനെ നടുക്കിയതും ചരിത്രം മാപ്പുനല്കാത്തതുമായ കൊടുംക്രൂരതയായിരുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രി പദമേറ്റ് ഒരാഴ്ചക്കുള്ളില്‍ സിപിഎമ്മുകാരനായ പോലീസ് ഓഫീസറെ പ്രാദേശിക സ്റ്റേഷനില്‍ നിയമിച്ച് നിലവിലുള്ള പോലീസ് പിക്കറ്റ് പിന്‍വലിച്ച ശേഷം ആസൂത്രിതമായി സിപിഎം കാപാലികന്മാര് അറുകൊല നടത്തുകയായിരുന്നു. ഈകേസിന്റെ അന്വേഷണത്തിലും സിപിഎം ഭരണകൂടവും പോലീസും ചേര്‍ന്ന് ചില അട്ടിമറിപ്പണികളൊക്കെ നടത്തിയിരുന്നു. സാക്ഷര കേരളത്തില്‍ മാധ്യമശൈലിയും പ്രതികരണശേഷിയുമൊക്കെ താല്‍ക്കാലിക വയറ്റുപ്പിഴപ്പിനപ്പുറം പോകാത്ത പരിതാപകരമായ അവസ്ഥയില്‍ ഗൗരവപൂര്‍വ്വം ഇത്തരം അപകടകരങ്ങളായ തലങ്ങള്‍ വേണ്ടവിധം ജനങ്ങളിലെത്തിക്കപ്പെട്ടില്ല എന്നതാണ് വസ്തുത. ജയകൃഷ്ണന്മാസ്റ്ററുടെ ഗണ്മാന്പോലും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കാത്തവിധം അന്ന് അപചയത്തിലായിരുന്നു. കേസ്സട്ടിമറിക്കാന്‍ കുറ്റാന്വേഷകര്‍ തീരുമാനിച്ചാല്‍ ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിയമത്തിലില്ലെന്നാണ് സത്യം.
ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസ്, പന്ന്യന്നൂര്‍ ചന്ദ്രന് കൊലക്കേസും വിചാരണ ചെയ്ത തലശ്ശേരി സെഷന്‍സ് കോടതിയില്‍ പോലീസിന്റെ വീഴ്ചയിലും കേസില്‍ തമസ്ക്കരിക്കപ്പെട്ട കുറ്റതലങ്ങളും ഉന്നതരുടെ പങ്കാളിത്തങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. വിധിയുടെ കോപ്പി സര്‍ക്കാരിന് അയച്ചുകൊടുത്ത ഇത്തരംകാര്യങ്ങള്‍ വീണ്ടും അന്വേഷണവിധേയമാക്കാനും ഈ രണ്ടു കേസുകളിലും നിഷ്ക്കര്ഷിച്ചിരുന്നു. എന്നാല്‍ മാറിമാറി വന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കുറ്റകരമായ മൗനവും വീഴ്ചയുമാണ് വരുത്തിയത്. അവര്‍ യാതൊരുവിധ അന്വേഷണത്തിനും തയ്യാറായില്ല. ബിജെപി-സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നിയമപരമായും പ്രക്ഷോഭപരമായും നീതിക്കുവേണ്ടി പരമാവധി പോരാട്ടം നടത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസും-സിപിഎമ്മും ഇക്കാര്യത്തില്‍ പരസ്പരപൂരകങ്ങളായി അന്യോന്യം സഹായിക്കുകയായിരുന്നു. ഒന്നു വീണാല്‍ മറ്റേത് ഓടി എത്തി താങ്ങിനിര്‍ത്തുമെന്ന രീതിയാണ് ഈ പ്രശ്നത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് ബന്ധത്തിലൂടെ എപ്പോഴും ദൃശ്യമായിട്ടുള്ളത്.
തലശ്ശേരിയില്‍ അട്ടിമറിക്കപ്പെട്ട അഞ്ചുകേസുകളിലേയും വ്രണിത ഹൃദയര്‍ സംഘപരിവാര്‍-ബിജെപി പ്രസ്ഥാനങ്ങളാണ്. അര്‍ഹമായ നീതി നിഷേധിക്കപ്പെട്ട കുറ്റത്തിലെ ഇരകളാണവര്‍. നീതിയുടെ അടിവേരുകള്‍ ചീയുംവിധം നിയമപാലകര്‍ അപചയത്തിന്റെയും അവസരവാദത്തിന്റെയും അഴിമതിയുടെയും അധ്യായങ്ങളാണ് എഴുതിച്ചേര്‍ത്തിട്ടുള്ളത്. സിപിഎം ഭരണകൂടത്തിന്റെ അംഗുലീ ചലനങ്ങള്‍ക്കനുസരിച്ച് നീതിയുടെ പെന്‍ഡുലം വഴിതെറ്റിച്ച ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെയുള്ളവര്‍ വിട്ടയക്കപ്പെട്ടുകൂടാ. ജയകൃഷ്ണന്-പന്ന്യന്നൂര്‍ കേസുകളിലെ പുതിയ വെളിപ്പെടുത്തലുകളും കോടതി നിര്‍ദ്ദേശിച്ച തലങ്ങളും അന്വേഷണവിധേയമാക്കാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാവണം. സിപിഎം ഭരണത്തില്‍ അട്ടിമറിക്കപ്പെട്ട കേസുകള്‍ പുനരന്വേഷണ വിധേയമാക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥന്മാരെ സസ്പെന്റ് ചെയ്ത് ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കണം.
സംഘ-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ അട്ടിമറിപോലെതന്നെ നിരപരാധികളായ സ്വയം സേവകരെ കള്ളക്കേസില്‍ കുടുക്കിയ സംഭവങ്ങളും കുറവല്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പ്രതികളാക്കപ്പെട്ട് ഭരണസ്വാധീനംവഴി കൃത്രിമ തെളിവുണ്ടാക്കി കല്തുറുങ്കിലടയ്ക്കാനിടയായ കേസുകളും പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. ക്വട്ടേഷന്‍ സംഘങ്ങളും പോലീസും സിപിഎമ്മും ചേര്‍ന്ന് കേരളത്തില്‍ നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ദുരുപയോഗം ചെയ്ത കറുത്ത അധ്യായങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ഉണ്ടാവണം. ഇതിനായി ജാഗ്രതയുള്ള ഒരു സമൂഹ രചനയ്ക്ക് മികച്ച സംഭാവനകളാണ് ഒഞ്ചിയം കേസ് നല്കിക്കൊണ്ടിരിക്കുന്നത്.
ഇനിയൊരു രാഷ്ട്രീയ കൊലപാതകത്തിന് കേരളത്തില്‍ ഇടയുണ്ടായിക്കൂടാ. രാഷ്ട്രീയ സംഘട്ടനം ഒഴിവാക്കാന്‍ സിപിഎം അതിന്റെ സ്റ്റാലിനിസ്റ്റ് നിലപാട് ഉപേക്ഷിച്ച് ജനാധിപത്യ പാതയെ ആത്മാര്‍ത്ഥമായി സ്വാംശീകരിക്കയാണ് വേണ്ടത്. കൊന്നതിന് പകരം കൊന്നു എന്ന നിലയിലല്ല ജയകൃഷ്ണന് മാസ്റ്റര്‍ വധം. പന്ന്യന്ന്യൂര്‍ ചന്ദ്രന് വധം, ടി.പി. ചന്ദ്രശേഖരന് വധം, ഫസല്‍വധം തുടങ്ങിയ സിപിഎം കൊലകള്‍ നടന്നിട്ടുള്ളത്. പാര്‍ട്ടി നേതൃത്വം മുന്‍കൂട്ടി നിശ്ചയിച്ച് ഉന്മൂലനം ചെയ്യപ്പെട്ട ദാരുണകൊലകളായിരുന്നു അവ. സ്റ്റാലിനിസം നെഞ്ചിലേറ്റി നടക്കുന്ന ഒരു പാര്‍ട്ടിക്ക് മാത്രമേ സൂക്ഷ്മമായി ഇത്തരം ആസൂത്രിത ഇല്ലാതാക്കല്നടത്താന് കഴിയുകയുള്ളൂ. സോവിയറ്റ് യൂണിയനില്‍ ലെനിനും, സ്റ്റാലിനും നടത്തിയ ഉന്മൂലന കൊലകളൊന്നും പാര്‍ട്ടി മിനിറ്റ്സില്‍ ഉള്പ്പെടുത്തിയിട്ടുള്ളവയല്ലായിരുന്നു. എന്നാല്‍ ടെക്നിക്കല്‍കമ്മറ്റി എന്ന പേരിലുള്ള മൂന്നംഗ സമിതിയാണ് ഇത്തരം പാതകങ്ങള്‍ നിശ്ചയിച്ചു നടപ്പാക്കി വന്നിരുന്നത്. സോവിയറ്റ് പതനത്തിന്ശേഷം ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ലോകത്തിപ്പോള്‍ സ്റ്റാലിനിസം അംഗീകരിച്ച് പിന്തുടരുന്ന ഏക കമ്യൂണിസ്റ്റ്പാര്‍ട്ടി ഇന്ത്യയിലെ സിപിഎം മാത്രമാണ്. കേരള ഘടകത്തിലും ടെക്നിക്കല്‍ കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് ന്യായമായും കരുതുന്നതില്‍ തെറ്റില്ല. ചന്ദ്രശേഖരന് വധത്തില്‍ സംസ്ഥാന നേതാവ് അരങ്ങുതകര്‍ത്തപ്പോള്‍ ഇടുക്കി ജില്ലാസെക്രട്ടറി മണിയെ രംഗത്തിറക്കിയത് അച്യുതാനന്ദന് എന്ന സംസ്ഥാന സെക്രട്ടറിയും പണ്ടത്തെ ലിസ്റ്റ് കൊലകളുടെ പേരില്‍ കുടുങ്ങുമെന്ന മുന്നറിയിപ്പ് നല്‍കുക എന്ന ഉന്നത്തോടെയായിരുന്നു. എന്നാല്‍ സിപിഎം ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന ഓരോ ചുവടിലും വീഴ്ച പറ്റുന്ന അപശകുന സ്ഥിതിയാണുള്ളത്. എം.എം. മണിക്കും അടിതെറ്റി വീഴുകയെന്ന ഗതിയാണുണ്ടായത്. സിപിഎം കേരള ഘടകത്തില്‍ ടെക്നിക്കല്‍ കമ്മറ്റിയോ അഥവാ തുല്യമായ മറ്റേതെങ്കിലും പ്രത്യേക കമ്മിറ്റിയോ ഉണ്ടോ എന്ന കാര്യം ഗൗരവപൂര്‍വ്വം അന്വേഷിക്കേണ്ടിയിരിക്കുന്നു. ഉദ്ബുദ്ധ സമൂഹത്തിന്റെ കരുത്തായ ആശയപോരാട്ടശൈലിയും എതിരാളിയെ മാനിക്കുന്ന ജനാധിപത്യ മാര്‍ഗ്ഗവും സ്വീകരിക്കാന്‍ സിപിഎം തയ്യാറായാല്‍ രാഷ്ട്രീയ സംഘട്ടനങ്ങളുടെ അന്തരീക്ഷം ഇല്ലാതാകുക എന്നതായിരിക്കും ഗുണഫലം.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: