പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കാവ്യം അഞ്ചു ഖണ്ഡങ്ങളിലായി ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നു. അനീതികളെ കാവ്യത്തില്‍ അക്കമിട്ട് നിരത്തി ഭഗവാന് കൃഷ്ണനോടും അര്‍ജ്ജുനനോടും കുരുക്ഷേത്ര യുദ്ധക്കളത്തില്‍ നേരിടേണ്ടി വന്ന നീതികേടിന്റെ അവസ്ഥാന്തരങ്ങളെ ചോദ്യം ചെയ്യുന്നു. പല ധീരരും യോദ്ധാക്കളും അധര്‍മ്മത്താലും അനീതിയാലും മൃത്യുവിന് ഇരയാകുമ്പോഴും യുദ്ധക്കളത്തില്‍ അതെന്തുകൊണ്ട് സംഭവിച്ചു എന്നതിലുപരി, അധര്‍മ്മത്തിനും അനീതിക്കും ആരു കൂട്ടുനിന്നു- ആരുടെ വാക്കുകളും പ്രവൃത്തികളുമാണ് ധര്‍മ്മം വിട്ട് പിഴച്ചുപോയതെന്ന് കവി പറയാതെ, യുദ്ധക്കളത്തിലെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തുകയാണ് ‘ശ്യാമമാധവ’ത്തിലൂടെ. പ്രഭാവര്‍മ്മയെന്ന കവി പ്രബുദ്ധകേരളത്തിനു നേരെ ചൂണ്ടുന്ന ബാലിശമായ കര്‍മ്മം മാത്രമാണിത്. നീതിമാനായ യേശുക്രിസ്തു അനീതിയും അക്രമവും അധര്‍മ്മവും കണ്ടാണ് ‘വാളെടുത്തുവന്‍ വാളാലെന്ന്’ പറഞ്ഞത്. അധര്‍മ്മങ്ങളും അനീതികളും കണ്ടുകൊണ്ടാണ് നീതിമാന്മാരും ധര്‍മ്മിഷ്ഠരും അവയെ ഇല്ലാതാക്കണമെന്ന് ഇച്ഛിക്കുന്നത്. അധര്‍മ്മമെന്നത് കാലം എത്ര മാറ്റുരച്ചാലും അധര്‍മ്മം തന്നെയാണ്. അത് മനുഷ്യകുലത്തിന്റെ ഏതു വേരില്‍ നിന്നും പൊട്ടിപ്പുറപ്പെടുന്നുവോ, അവിടെ നിന്നു തന്നെ അതിനെതിരെയുള്ള അന്വേഷണവും, ധര്‍മ്മം സംരക്ഷിക്കുവാനുള്ള ത്വരയും ആരംഭിക്കണം. തന്റെ കാവ്യത്തില്‍ പ്രഭാവര്‍മ്മ ഏകപക്ഷീയമായ ചില കണ്ടെത്തലുകള്‍ നടത്തുന്നു. പക്ഷെ, ഒരു കാര്യം ഉറപ്പിക്കാം. ഈ കാവ്യം ഏറ്റവും കൂടുതല്‍ നന്നായി മനസ്സിലാക്കേണ്ടത് സിപിഎം എന്ന പാര്‍ട്ടിയും പാര്‍ട്ടിയുടെ സഖാക്കളുമാണ്. അത്രയേറെ അവരുടെ നിഷ്ഠൂരമായ പ്രവൃത്തികളുമായി കാവ്യത്തിലെ വരികള്‍ ബന്ധപ്പെട്ടുകിടക്കുന്നു.
വ്യത്യസ്ത രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രത്യയശാസ്ത്രപരമായ ആശയദുര്ഗതി കണ്ട് വെറുപ്പോടെ ഇറങ്ങിപ്പോയ ആദര്‍ശധീരനായ ഒരു സഖാവായിരുന്നു ടി.പി. ചന്ദ്രശേഖരന്. അദ്ദേഹത്തിന്റെ അതിദാരുണമായ കൊലപാതകം, രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സിപിഎം. നടത്തിയതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ കേരളജനത മനസ്സിലാക്കിക്കഴിഞ്ഞു. അതിലൂടെ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തു. വിവാദങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നും കൊഴുക്കുമ്പോള്‍ അവര്‍ വീണ്ടും വീണ്ടും തെറ്റുകളിലേക്ക് പ്രയാണം തുടരുന്നു. അനേകം വര്‍ഷം പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനം വഹിച്ചവര്‍ തന്നെ ചെയ്തതും, ചെയ്യിച്ചതുമായ തെറ്റുകളെക്കുറിച്ച് ധാര്‍ഷ്ട്യത്തോടെ വിളിച്ചുപറയുകയും, ഇനിയും ഇത്തരം പ്രവണതകള്‍ വേണ്ടി വന്നാല്‍ ആവര്‍ത്തിക്കുകയും ചെയ്യുമെന്ന് കൊലവിളിനടത്തുകയും ചെയ്യുമ്പോള്‍, സിപിഎം നേതൃത്വം മൗനം പാലിക്കുന്നു. ധര്‍മ്മം വെടിഞ്ഞ,് കൊലപാതക രാഷ്ട്രീയത്തിന് കൂട്ടുനിന്നുവെന്നുള്ള വെളിപ്പെടുത്തലുകള്‍ ആ പാര്‍ട്ടിയെ ഒന്നടങ്കം കളങ്കപ്പെടുത്തുന്നു. മൗനിയാക്കുന്നു. ഒരു കൊടുങ്കാറ്റ് ആഞ്ഞടിച്ച പ്രതീതി. ടി.പിയുടെ കൊലപാതക ചുഴിയില്‍ ഇടതുപക്ഷ രാഷ്ട്രീയ അനുഭാവികളും, സാംസ്ക്കാരിക നേതാക്കളും, ഇടതുപക്ഷ സഹയാത്രിയകരായ എഴുത്തുകാരും, ബുദ്ധിജീവികളും എല്ലാം ഇപ്പോള്‍ പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കവിത സമകാലീന മലയാളം വാരിക ഇടയ്ക്കുവെച്ച് പ്രസിദ്ധീകരണം നിറുത്തിയപ്പോഴാണ് ശൗര്യം പുറത്തെടുത്തത്.
ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ജീനുകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് വന്നത് കെ.ഇ.എന്‍, കേന്ദ്രകമ്മറ്റിയില്‍ ചേക്കേറിയ എം.എ. ബേബി, പ്രൊ. മധു, കഥാകൃത്തും ഇടതുപക്ഷസഹയാത്രികനുമായ അശോകന് ചരുവില്‍ എന്നിവരാണ്. അടയിരിക്കുന്ന സര്‍പ്പത്തിന്റെ അടുത്തുചെന്നാല്‍, ചീറിയടുക്കും പോലെ അവര്‍ ചീറിയടുത്തു. ശ്യാമമാധവത്തിന്റെ പ്രസിദ്ധീകരണം നിറുത്തിയത് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും, സമകാലിക മലയാളം വാരികയുടെ എഡിറ്റര്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചുവെന്നുമുള്ള വ്യാഖ്യാനങ്ങള്‍ നിരത്തി. ചുവന്നക്ഷരങ്ങളില് അടയിരിക്കുന്ന പ്രഭാവര്‍മ്മയെന്ന കവിയ്ക്കെതിരെ ഇത്തരമൊരു സാഹചര്യം ഉണ്ടായപ്പോഴാണ് ഈ മഹാരഥന്മാര് രാജവെമ്പാലകളായും, കരിമൂര്ഖന്മാരായും, അണലികളായും ചീറ്റയടുത്തത്! എല്ലാം ഉഗ്രപ്രതാപികളായ വിഷവര്ഗ്ഗത്തില്പ്പെടുന്നവര്ത്തന്നെ!
ഇവിടെ ചവിട്ടേറ്റത് സിപിഎമ്മിന്റെ കവിയ്ക്കാണ്. അടിയേറ്റത് ദേശാഭിമാനി എഡിറ്റര്‍ക്കാണ്. ടി.പിയുടെ കൊലപാതകത്തിനുശേഷം, വിവാദങ്ങളാല്‍ ആഞ്ഞടിച്ച രാഷ്ട്രീയ ചുഴലിയില്‍ അകപ്പെട്ട്, നിരാശരും നിശ്ശബ്ദരുമായവര് കവിതാ നിരോധനത്തോടെ സടകുടഞ്ഞെഴുന്നേറ്റു. ചീറ്റാതെ തരമില്ല. വല്ലഭന് പുല്ലും ആയുധം എന്നതുപോലെ ചീറ്റിക്കൊണ്ട് വന്നവര്‍ ‘ശ്യാമമാധവം’ കയ്യില്‍ വെച്ച് മലയാളത്തിനെതിരെ ആഞ്ഞടിച്ചു. അക്ഷരത്തിന്റെ ഉറവവറ്റി, സ്വന്തം മാളത്തില്‍ ഒതുങ്ങിക്കൂടിയവരും അതില്‍ പങ്കാളികളായി. ഇതെല്ലാം എന്തിന്?
ഒരു പച്ചയായ മനുഷ്യന് അമ്പത്തിയൊന്ന് വേട്ടേറ്റ് നിര്‍ദ്ദയം മരിച്ചപ്പോള്‍ മനുഷ്യത്വത്തിന്റെ ഭാഗത്തുനിന്ന് രോഷം കൊള്ളുവാനും ചീറിയടുക്കുവാനും ഈ മേല്പറഞ്ഞവരെയൊന്നും കണ്ടില്ല. പ്രത്യയശാസ്ത്രങ്ങളും, ആദര്‍ശവും മറ്റു ചിന്താഗതികളും എന്തോ ആകട്ടെ. അതിനെ വടിവാളുകൊണ്ട് പകതീര്ക്കലല്ല, രാഷ്ട്രീയ സംസ്ക്കാരം! സ്വന്തം തോളില്‍ സ്നേഹം നടിച്ച് കയ്യിട്ടുനടക്കുന്നവരും, വീട്ടില്‍ വരുമ്പോള്‍ തങ്ങള്‍ക്കായി ഉണ്ടാക്കിയ ഭക്ഷണത്തില്‍ നിന്നും പങ്കുപറ്റിയവരും, സഹായാഭ്യര്‍ത്ഥനയുമായി ചെല്ലുന്നവരെ വീടുപണിയുവാനായി നീക്കിവെച്ച പണത്തില്‍ നിന്നെടുത്തു സഹായിക്കുന്നവനുമായ ടി.പി. ചന്ദ്രശേഖരന് നേരിടേണ്ടിവന്ന ദുര്‍ഗതി അപാരം! ഇതേക്കുറിച്ച് പ്രഭാവര്‍മ്മയെന്ന കവിക്ക് ഒന്നും ചെയ്യാനില്ലേ? രാഷ്ട്രീയ ഇതിവൃത്തങ്ങളാല്‍ കഥയെഴുതുന്ന
അശോകന് ചരുവില്‍ എന്ന കഥാകൃത്തിന് ഒന്നും എഴുതാനില്ലേ? നിങ്ങളെപ്പോലെത്തന്നെ വീട്ടുകാരോട് പതിവുപോലെ രാവിലെ പോയി രാത്രി തിരിച്ചുവരുമെന്ന് യാത്രപറഞ്ഞുപോയ ഒരു മനുഷ്യനെയല്ലേ ഇത്തരത്തില്‍ വാഴപ്പിണ്ടി കൊത്തിയരിയുന്നതുപോലെ അരിഞ്ഞത്?
ഈ അനീതിയ്ക്കെതിരെ എന്തുകൊണ്ട് നിങ്ങള്‍ ചീറ്റിയില്ല. എന്താ വരും നാളുകളില്‍ നിങ്ങളുടേയും തലയറുക്കുമെന്ന ഭീഷണി, തോന്നലായി നിങ്ങളിലും ഉണ്ടോ?സത്യത്തെ സത്യമായി വിളിച്ചുപറയാനുള്ള ധൈര്യവും, അതിനുള്ള ആര്‍ജ്ജവവും ബുദ്ധിജീവികളും എഴുത്തുകാരുമായ നിങ്ങള്‍ യഥാസമയം കാണിക്കണം. അതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ ധ്രുവീകരണം എന്തുമായിക്കൊള്ളട്ടെ; നല്ലതാണെന്ന് സ്വയം ബോധ്യപ്പെട്ടാല്‍ ഇന്നത്തെ രാഷ്ട്രീയ അരാജകത്വത്തില്‍, ഏറ്റെടുക്കുന്നവര്‍ക്ക് ഏറ്റെടുക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യാം.
ഇവിടെ ടി.പി. മാത്രമല്ല ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ജയകൃഷ്ണന് മാസ്റ്ററും ഉള്‍പ്പെടെ അനവധിപേര്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ പേരില്‍ വാളിനിരയായി.
അന്നൊന്നും കാണിക്കാത്ത ഈ ആര്‍ജ്ജവവും ആവേശവും രാഷ്ട്രീയ ഇച്ഛയോടെന്നപോലെ ഇപ്പോള്‍ കാണിച്ചത് എന്തിനാണ്? ഒരു മനുഷ്യനേക്കാള്‍ വലുതാണോ ഒരു കവിത? മനുഷ്യന് നന്നായാല്‍ കവിതയും നന്നാകും. കവിത നന്നായാല്‍ മനുഷ്യന് നന്നാകണമെന്നില്ല.
പക്ഷേ മനുഷ്യന് നന്നാകാന്‍ വേണ്ടിത്തന്നെയാണ് പ്രൊഫ. കെ.ജി.ശങ്കരപ്പിള്ള എന്ന കവി ടി.പി. ചന്ദ്രശേഖരനെക്കുറിച്ച് ‘വെട്ടുവഴി’ കവിതയെഴുതിയത്. ഒരു മനുഷ്യനാണ് അറുംകൊലക്ക് വിധേയനായത് എന്ന തിരിച്ചറിവിനുവേണ്ടി. അമ്പത്തിഒന്ന് വെട്ടെന്തിന,് ഒറ്റവെട്ടില്‍ തീര്‍ക്കാമായിരുന്നില്ലേ എന്ന് കവി ചോദിച്ചത്. ഇതുപോലൊരു വാളോങ്ങല്‍ നിങ്ങളുടെ നേര്‍ക്കും ഉണ്ടാകില്ലേ എന്ന് രോഷം കടിച്ചമര്‍ത്തിക്കൊണ്ട് പറഞ്ഞത്. ഇനിയും നന്നാകാത്തവര്‍ നന്നാകട്ടെ, മനസ്സിലാക്കാത്തവര്‍ മനസ്സിലാക്കട്ടെ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്…..
ഒരു കൃതി പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്നും, പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നവ നിറുത്തുന്നതിനും ഒരു മാധ്യമസ്ഥാപനത്തിന് അവരുടേതായ ന്യായീകരണങ്ങളും നിലപാടുകളും അധികാരവും ഉണ്ടാകാം.
പാര്‍ട്ടിക്കും സഖാക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രഭാവര്‍മ്മക്ക് തന്റെ ഈ കവിത ദേശാഭിമാനിയില്‍ തന്നെ കൊടുക്കുകയും പ്രസീദ്ധികരിക്കുകയും ചെയ്യാമായിരുന്നില്ലേ? ശ്യാമമാധവം കൃഷ്ണനെക്കുറിച്ച് എഴുതിയതാണ്. ആ കഥാ സന്ദര്‍ഭം കവിതയിലൂടെ അറിയേണ്ടത് ആദ്യം പാര്‍ട്ടി സഖാക്കള്‍തന്നെയാണ്. കാരണം ഇന്ന് ഇടതുപക്ഷപാര്ട്ടിക്കും അതിന്റെ സഖാക്കള്‍ക്കും ശ്യാമമാധവന്റെതായ സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. അമ്പത്തിയൊന്ന് വെട്ടേറ്റ മുഖത്തിനേക്കാളും വികൃതമാണ് സിപിഎമ്മിന്റെ പ്രതിഛായ! തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക,് അതിലൂടെ ഒരു അപരിഷ്കൃത സംസ്ക്കാരത്തിലേക്കും ഇടതുപക്ഷ പാര്‍ട്ടി മാറിയിരിക്കുന്നു. മുസോളിനിയേയും ഹിറ്റ്ലറേയും അനുസ്മരിപ്പിക്കും വിധം പാര്‍ട്ടി നേതാക്കള്‍ അണികളെ നിയന്ത്രിക്കുന്നു. എത്രത്തോളം സാംസ്ക്കാരികച്യുതി അനുഭവിക്കേണ്ടിവന്നിട്ടും, തെറ്റുമനസ്സിലാക്കാതെ ജനങ്ങളില്‍ നിന്നും അകന്നതാണ് സിപിഎം നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി. ഉീി?േ രീാാമിറ, ഛയല്യ വേല ീൃറലൃ! എന്ന ധാര്‍ഷ്ട്യത്തിന്റെ വാക്കുകള്‍ ആണ് വിവരമുള്ള പലരേയും വഴുതിമാറുവാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെ വഴുതിമാറുന്നവരെ, യാതൊരു വകതിരിവുപോലും ഇല്ലാതെ വകവരുത്തുന്ന ഒരു ഫാസിസ്റ്റ് സൈദ്ധാന്തിക സമീപനമാണ് സിപിഎം എന്ന പാര്‍ട്ടി ഇക്കാലയളവിനുള്ളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഞങ്ങള്‍ പട്ടിക തയ്യാറാക്കി പലരേയും കൊന്നു. ഒരുത്തനെ വെടിവെച്ചുകൊന്നു. ഒരുത്തനെ തല്ലിക്കൊന്നു. ഒരുത്തനെ കുത്തികൊന്നു എന്ന് വര്‍ഷങ്ങളായി ഒരു ജില്ലയുടെ പാര്‍ട്ടി സെക്രട്ടറിയായി വിഹരിക്കുന്നയാളുടെ വാക്കുകള്‍ കേട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്പോലും, അത് പാര്‍ട്ടി നയവ്യതിയാനമായിട്ടാണ് ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നത്. ചെയ്തതും പറഞ്ഞതും തെറ്റാണെന്നു പറയുവാനുള്ള കേവലവിവേകം, ഒരു പാര്‍ട്ടിയെ ഒന്നടങ്കം ഒരു ചൂണ്ടുവിരലില്‍ നിറുത്തുവാന്‍ കഴിയുന്ന സെക്രട്ടറിക്കുപോലും ഇല്ലാത്തത്, ആ പാര്‍ട്ടിയുടെ ജീര്‍ണ്ണതയെയാണ് വരച്ചുകാണിക്കുന്നത്.
പാര്‍ട്ടിയുടെ ‘ഇസ’ വ്യതിയാനങ്ങളില്‍ അഭിപ്രായസമന്വയമുണ്ടാകാതെ തെറ്റിപിരിഞ്ഞ് റവല്യൂഷണറി മാക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മാനുഷിക പരിഗണനവെച്ച് ഒന്ന് ചീറ്റുകപോലും ചെയ്യാത്ത അക്ഷരസര്പ്പങ്ങളാണ്, ഇന്ന് പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കവിത ഒരു പ്രസിദ്ധീകരണം ഇടയ്ക്കുവെച്ച് നിറുത്തിയപ്പോള്‍ ചീറ്റിയടുത്തത്. ടി.പി.യുടെ അതിദാരുണമായ കൊലപാതകത്തിലൂടെ, കേരളത്തിലെ സാസ്ക്കാരിക നായകന്മാര്ക്കും, എഴുത്തുകാര്‍ക്കും ഇത്തരത്തിലുള്ള നെറികേടിനെക്കുറിച്ചൊന്നും പറയുവാനില്ലേ എന്ന് പ്രബുദ്ധ കേരളം ചോദിച്ചപ്പോള്‍ ഒരു ഇടതുപക്ഷ ബുദ്ധിജീവിയായ കെ.ഇ.എന്‍. ദൃശ്യമാധ്യമങ്ങളുടെ നേര്‍ക്ക് എഴുന്നെള്ളി.. ‘മൗനം ഒരു പ്രതിഷേധ’മാണെന്ന് പറഞ്ഞ്. വകതിരിവില്ലാത്ത ഒരു ഉത്തരം കേട്ട കേരളീയ ജനതയ്ക്ക്, പ്രഭാവര്‍മ്മയുടെ ശ്യാമമാധവത്തിനു നേരിട്ട ‘ദുര്‍ഘട’ത്തെക്കുറിച്ചോര്ത്ത് അദ്ദേഹം ഖാനനനാകുന്നതുകണ്ട് ലജ്ജ തോന്നുകയാണിപ്പോള്‍.
സത്യന് കുറ്റുമുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: