ന്യൂദല്‍ഹി: ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് സിപിഎം ഔദ്യോഗികപക്ഷവുമായി ഇടഞ്ഞ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് വെല്ലുവിളി തുടരുന്നു. ഇന്ന് നടക്കുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെത്തിയ വി.എസ് ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എകെജി ഭവനില്‍ നേതാക്കളെ കണ്ട് തിരിച്ചിറങ്ങിയ വി.എസ് വെല്ലുവിളിയുടെ സ്വരത്തിലാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
തനിക്ക് ഒപ്പമുള്ളവര്‍ക്കെതിരെ നടപടിയെടുക്കുന്നെങ്കില്‍ എടുക്കട്ടെയെന്ന് വിഎസ് പറഞ്ഞു. പ്രസ് സെക്രട്ടറി ബാലകൃഷ്ണന്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്, പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ പോകുന്നതായ റിപ്പോര്‍ട്ടുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് എടുക്കുകയാണെങ്കില്‍ എടുക്കട്ടെ, അപ്പോള്‍ നോക്കാം എന്ന് അദ്ദേഹം പറഞ്ഞത്.
ആര്‍എംപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോര്‍ അത് പറയുന്നവര്‍ തെളിയിക്കട്ടെയെന്നായിരുന്നു വി.എസിന്റെ മറുപടി. ആര്‍എംപി നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായ പി. ജയരാജന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വി.എസ് ഇങ്ങനെ പ്രതികരിച്ചത്.
തനിക്കെതിരെ സംസ്ഥാന നേതൃത്വം പ്രതികാര നടപടിക്കൊരുങ്ങുന്നുവെന്ന് കാണിച്ച് വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനും പിബി അംഗം സീതാറാ യെച്ചൂരിക്കും കത്ത് നല്കി. തന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നതായും ഇത് തടയണമെന്നും കത്തില്‍ പറയുന്നതായി അറിയുന്നു. ഒപ്പം ടി.പി. ചന്ദ്രശേഖരന് വധത്തില്‍ തന്റെ നിലപാട് ഒരിക്കല്‍ക്കൂടി വിഎസ് കത്തില്‍ വിശദീകരിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് കാണിച്ച് വിഎസ് നേരത്തെ നല്കിയ കത്ത് ശനിയാഴ്ച മുതല്‍ നടക്കുന്ന കേന്ദ്രകമ്മറ്റി യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹം വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്.
ഇതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കേന്ദ്രനേതാക്കളെ കണ്ടു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ മിനിറ്റ്സ് സഹിതമുള്ള റിപ്പോര്‍ട്ട് പിണറായി കൈമാറിയതായാണ് സൂചന. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന അച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടാണ് സെക്രട്ടേറിയേറ്റ് യോഗം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: