ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെയുള്ള തെരഞ്ഞെടുപ്പ് കേസ് വേണ്ടെന്നുവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെ ചിദംബരം വീണ്ടും പ്രതിക്കൂട്ടില്‍തന്നെ ആയിരിക്കുകയാണ്. ടുജി കേസിലും എയര്‍സെല്‍ മാക്സിസ് ക്രമക്കേടിലും ഇപ്പോള്‍തന്നെ ആരോപണവിധേയനായ ആഭ്യന്തരമന്ത്രിക്കെതിരെ ഒരു തെരഞ്ഞെടുപ്പ് കേസുംകൂടി ഉള്‍പ്പെട്ടിട്ടും യാതൊരു സങ്കോചമോ കുറ്റബോധമോ ഇല്ലാതെ പ്രതിപക്ഷം ആവശ്യപ്പെടുന്നപോലെ താന്‍ രാജിവെക്കില്ല എന്ന് ഉറച്ച നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് ചിദംബരം. 2009 ലെ ശിവഗംഗാ ലോക്സഭാ മണ്ഡലത്തില്‍ ചിദംബരം എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആര്.എസ്. രാജ കണ്ണപ്പനെതിരെ വെറും 3354 വോട്ടിനായിരുന്നു വിജയിച്ചത്. ശിവഗംഗ തെരഞ്ഞെടുപ്പില്‍ ആദ്യം തെരഞ്ഞെടുപ്പ് ഫലം കണ്ണപ്പന് അനുകൂലമായിരുന്നു. എന്നാല്‍ രണ്ടാമത്തെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴാണ് ഫലം മാറിമറിഞ്ഞതും 3354 വോട്ടുകളുടെ ഭൂരിപക്ഷം ചിദംബരത്തിനുണ്ടെന്ന പ്രഖ്യാപനമുണ്ടായതും. ഈ വിജയത്തിന് പിന്നില്‍ ചിദംബരത്തിന്റെ അനുയായികള്‍ നടത്തിയ ക്രമക്കേടുകളുംപണസ്വാധീനവും ഭീഷണിയും ആണെന്ന് രാജ കണ്ണപ്പന് ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ മദ്രാസ് ഹൈക്കോടതി തള്ളിയെങ്കിലും ബാക്കി 27 ആരോപണങ്ങള്‍ ചിദംബരം തെരഞ്ഞെടുപ്പ് പരാതി കേസ് ഫയല്‍ ചെയ്യുന്ന വേളയില്‍ അഭിമുഖീകരിക്കേണ്ടിവരും. ചിദംബരം ആഭ്യന്തരമന്ത്രിയായി അധികാരമേറ്റശേഷം പ്രസിദ്ധ അഭിഭാഷകന് സുബ്രഹ്മണ്യന്‍സ്വാമി ചിദംബരത്തിനെതിരെ ടു ജി സ്പെക്ട്രം ഉള്‍പ്പെടെ പല കേസുകളും ഫയല്‍ ചെയ്യുകയുണ്ടായി.
ടു ജി സ്പെക്ട്രം കേസില്‍ എ. രാജ ശിക്ഷിക്കപ്പെട്ടപ്പോള്‍ 2 ജി ലേലം ചെയ്യാതെ അനുവദിച്ചതില്‍ ചിദംബരവും കുറ്റവാളിയാണെന്ന് ആരോപണം വന്നിരുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപി ചിദംബരത്തിന്റെ രാജി ആവശ്യം ശക്തമായിത്തന്നെ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ശിവഗംഗാ തെരഞ്ഞെടുപ്പ് കേസില്‍ എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയും ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷെ അഴിമതി ആരോപണവിധേയനായിട്ടും തെരഞ്ഞെടുപ്പ് ക്രമക്കേട് കേസില്‍ വിചാരണ നേരിടേണ്ടിവരുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയും യുപിഎയും ചിദംബരത്തിനെ ശക്തമായി പിന്തുണക്കുന്ന കാഴ്ചയാണ് കാണുന്നത്. ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം പ്രതിദിനം ഉയര്‍ത്തുന്നതുകൊണ്ട് ചിദംബരം രാജി എഴുതി ഇന്റര്‍നെറ്റില്‍ കൊടുക്കണമോ എന്നുവരെ നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് പരിഹസിക്കുമ്പോള്‍ അഴിമതി ആരോപിതനെ ഇപ്പോള്‍ത്തന്നെ അഴിമതിയുടെ പ്രതീകമെന്ന് കരുതപ്പെടുന്ന യുപിഎയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ് പരിഹാസ്യരാകുന്നത് എന്ന് നിയമമന്ത്രി തിരിച്ചറിയുന്നുപോലുമില്ല. ചിദംബരം തോറ്റത് ഒരു തെരഞ്ഞെടുപ്പ്കേസിലാണെന്നും ആഭ്യന്തരമന്ത്രിയുടെ ജോലിയുടെ വീഴ്ച കാരണമല്ല എന്നും കോണ്‍ഗ്രസ് വാദിക്കുന്നു. തെരഞ്ഞെടുപ്പ് കേസില്‍ തുടര്‍നടപടികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ചിദംബരത്തെ മന്ത്രിസഭയില്നിന്നൊഴിവാക്കണമെന്ന് ബിജെപിയും എഐഎഡിഎംകെയും ആവശ്യപ്പെട്ടത്. അഴിമതി ആരോപിതര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിലും ഉള്‍പ്പെട്ടതായി തെളിയുമ്പോള്‍ മേറ്റ്ന്ത് തെളിവാണ് ചിദംബരത്തെ പുറത്താക്കാന്‍ വേണ്ടതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യം.
ഹൈക്കോടതിവിധി തനിക്ക് തിരിച്ചടിയല്ലെന്നും പരാതിക്കാരനാണ് വിധി തിരിച്ചടിയായിരിക്കുന്നതെന്നുമാണ് ചിദംബരത്തിന്റെ വിചിത്ര വാദം. ഒരു തരത്തില്‍ ചിദംബരത്തിന്റെ വാദം ശരിയാകുന്നത് തെരഞ്ഞെടുപ്പ് കേസുകള്‍ അനന്തമായി നീളുന്ന സാഹചര്യത്തില്‍ ഇനി ഒരുവര്‍ഷം കൂടി മാത്രം നിലനില്‍ക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഈ കേസില്‍ ഒരു വിധി പ്രതീക്ഷിക്കേണ്ടാത്തതിനാലാണ്. തെരഞ്ഞെടുപ്പ് പരാതികള്‍ അതിവേഗം പരിഗണിക്കണമെന്ന് ജനപ്രാതിനിധ്യനിയമം അനുശാസിക്കുന്നുണ്ടെങ്കിലും സാധാരണ കണ്ടുവരുന്നത് തെരഞ്ഞെടുക്കപ്പെട്ട സഭയുടെ കാലാവധി തീരുന്നതിനുള്ളില്‍ കേസുകള്‍ തീര്പ്പാവാറില്ല എന്ന ദുഃഖസത്യമാണ്. ചിദംബരം പറയുന്നപോലെ പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങള്‍ക്കെതിരെ 111 പരാതികള്‍ ഉണ്ടത്രെ.
ചിദംബരത്തിനെതിരെ നടപടി എടുക്കുംവരെ അദ്ദേഹത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി പ്രസ്താവിച്ചുകഴിഞ്ഞു. നിരന്തരമായി അഴിമതിയും നിയമവിരുദ്ധ നടപടികളും ക്രമക്കേടുകളും നടത്തിയതായുള്ള ആരോപണങ്ങള്‍ വരുമ്പോഴും നിര്‍ലജ്ജമായാണ് ചിദംബരം താന്‍ രാജിവെക്കുകയില്ലെന്ന് ഉറച്ച് പ്രഖ്യാപിക്കുന്നത്. ഈ ഉറപ്പിന് കാരണം സമാന മനസ്ഥിതിക്കാര് അടങ്ങിയ യുപിഎ മന്ത്രിസഭയുടെ മനോഭാവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: