തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന എ.ഡി.ജി.പി വിന്‍സണ്‍ എം.പോളിന്റെ അവധി അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിന്‍സണ്‍ എം. പോള്‍ നേരത്തെ തന്നെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നതാണ്. അദ്ദേഹത്തിന്റെ അഭാവം അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.ടി.ജയകൃഷ്ണന് വധം അടക്കമുള്ള കേസുകളില്‍ പുതിയ തെളിവുകള്‍ ലഭിച്ചാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് ആരോടും സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയ മനോഭാവം സ്വീകരിക്കില്ല. കേസിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യം. അധികാരത്തിന്റെ തണലില്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നത് യു.ഡി.എഫിന്റെ രീതിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റം ചെയ്തവര്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്. കുറ്റം തെളിയിക്കാന്‍ പോലീസ് ആരുടെ മേലും പഴയ മുറകള്‍ സ്വീകരിക്കില്ല. ആധുനിക രീതികളുടെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. കസ്റ്റഡിയിലെടുത്ത ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ടി.പിയെ ക്രൂരമായി വെട്ടിക്കൊന്ന കേസ് അന്വേഷിക്കേണ്ടെന്നാണോ പറയുന്നത്? മണിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സര്‍ക്കാര്‍ മിണ്ടാതിരിക്കണമെന്നാണോ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ ഒരു വോട്ടും ചോരില്ല. കുതിരക്കച്ചവടത്തിന് വേണ്ടിയാണ് രണ്ടു സീറ്റിലും മത്സരിക്കുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: