കണ്ണൂര്‍: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതിയില്‍ സിപിഎം മുന്‍ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണം നടത്താന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ജ്യോൂഡീഷ്യല് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ജൂലൈ 30നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പോലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ശശിക്കെതിരെ കോടതി തുടര്‍ നടപടികളെടുക്കുക.
ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന അജിത്തിന്റെ ഭാര്യയെ നീലേശ്വരത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വെച്ചും സി.കെ.പി.പത്മനാഭന്റെ മകളെ കണ്ണൂര്‍ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ വെച്ചും പി.ശശി ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന് വിവിധ പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നിരുന്നുവെന്ന് ഹര്‍ജിക്കാരനായ ടി.പി. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
പീഡനത്തിനിരയായവര്‍ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന സമിതി വൈക്കം വിശ്വന്റെയും എ.വിജയരാഘവന്റെയും നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിശ്ചയിക്കുകയും ചെയ്തിരുന്നു. നിരവധി തവണ ലൈംഗികമായി പിഡിപ്പിക്കുവാന് ശ്രമിച്ചുവെന്ന് ഇരയായവര്‍ അന്വേഷണ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിയെ കീഴറ ബ്രാഞ്ച് കമ്മറ്റിയിലേക്ക് സിപിഎം തരംതാഴ്ത്തിയിരുന്നു. എന്നാല്‍ സംസ്ഥാന പോലീസ് വകുപ്പ് ശശിയുടെ പേരില്‍ പ്രാഥമിക അന്വേഷണം നടത്താനോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
ഡിജിപി, കണ്ണൂര്‍ എസ്പി, കണ്ണൂര്‍ ടൗണ്‍ സിഐ, നീലേശ്വരം സിഐ തുടങ്ങിയവര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയെന്നും കേസ് രജിസ്റ്റര്‍ ചെയ്യാതെ ആരോപണ വിധേയനെ സംശയിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കോടതിയില്‍ പരാതി നല്‍കുന്നതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പരാതിയോടൊപ്പം ബന്ധപ്പെട്ട രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സദാചാര വിരുദ്ധ ആരോപണങ്ങളെ തുടര്‍ന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമെടുത്ത ദിവസം തന്നെ ശശിക്കെതിരെയുള്ള അന്വേഷണത്തിന് ഉത്തരവിട്ടത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: