ഇസ്ലാമാബാദ്: വസിറിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ക്വയ്ദ തലവന്‍ അയമന്‍ അല്‍ സവാഹിരിയുടെ വലംകൈയും സംഘടനയുടെ നയരൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്യുന്ന മുതിര്‍ന്ന നേതാവ് അബു യഹിയ അല്‍ ലിബി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇന്നലെ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ലിബി കൊല്ലപ്പെട്ടതായി പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചത്. ലിബിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലിബി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഒസാമ ബിന്‍ലാദന്റെ മരണത്തിന് ശേഷം അല്‍-ക്വയ്ദയ്ക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാകും ലിബിയുടെ മരണം. രസതന്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട് ലിബി.
ഇന്നലെ നടന്ന ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ അല്‍-ക്വയ്ദയിലെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ടാണു തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണം നടത്തുന്നതെന്ന് അമേരിക്ക വിശദീകരിച്ചു. മേയ് 21നു ചിക്കാഗോയില്‍ ബരാക് ഒബാമയും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പങ്കെടുത്ത നാറ്റോ ഉച്ചകോടിക്കു ശേഷം എട്ട് ഡ്രോണ്‍ ആക്രമണമാണു യു.എസ് പാക്, അഫ്ഗാന് അതിര്‍ത്തികളില്‍ നടത്തിയത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മാത്രം നടത്തിയ ആക്രമണങ്ങളില്‍ 30 പേര് കൊല്ലപ്പെട്ടു. ഇവര്‍ സാധാരണക്കാരെന്നു പാക് ഭരണകൂടം. എന്നാല്‍ ഭീകരരാണു കൊല്ലപ്പെട്ടതെന്നു യുഎസ്. ഇവരില്‍ അല്‍ക്വയ്ദയിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും യു.എസ് വാദിക്കുന്നു.
ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പാക് ആവശ്യം ശക്തമായ സാഹചര്യത്തിലാണു യുഎസ് നടപടി. ഇത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വീണ്ടും വഷളാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു യു.എസ് പുതിയ വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: