കൊച്ചി: മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലേയും കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്കൂള്‍ ആരോഗ്യ സുരക്ഷാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. വിദ്യാര്‍ഥികളുടെ ആരോഗ്യം സംരംക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടവും ദേശീയ ആരോഗ്യ ദൗത്ത്യവും ചേര്‍ന്ന് പ്രത്യേക ആരോഗ്യ പരിപാലന ക്രമം രൂപീകരിച്ചതായി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു.
വിശദ പഠനത്തിനു ശേഷം ജില്ലയിലെ വിദ്യാര്‍ഥികളില്‍ കൂടുതലായി കാണപ്പെടുന്ന പല്ലുസംബന്ധമായ രോഗത്തിനാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധയൂന്നുക. ഇതിന്റെ ഭാഗമായി അമൃത സ്കൂള്‍ ഓഫ് ഡെന്റല്‍ കോളേജുമായി സഹകരിച്ച് കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. മുഴുവന്‍ സ്കൂളുകളിലും നടത്തിയ പരിശോധനയ്ക്കു ശേഷം തെരഞ്ഞെടുത്ത 180 കുട്ടികള്‍ക്ക് ആദ്യം ചികിത്സ സൗജന്യമായി നല്‍കും. രണ്ടാം ഘട്ടത്തില്‍ കുട്ടികളുടെ കണ്ണുസംബന്ധമായ രോഗത്തിനും മാനസികമായ പിരിമുറുക്കം ഒഴിവാക്കുന്നതിനുമാണ് പ്രാധാന്യം നല്‍കുക. കുട്ടികളുടെ ആരോഗ്യ, ഭക്ഷണ കാര്യങ്ങളില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ ഒന്നു മുതല്‍ സ്കൂള്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ജില്ലാ ഭരണകൂടം നല്കുന്ന പ്രത്യേക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണെന്ന് കളക്ടര്‍ പറഞ്ഞു. തിരിച്ചറിയല്‍ രേഖയില്ലാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും. കഴിഞ്ഞ ആറുമാസമായി സ്കൂള്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. 1200 ഡ്രൈവര്‍മാര്‍ക്ക് ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ നല്‍കുന്നതിന് തയാറായിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ്, ഐഎംഎ, എന്‍ആര്‍എച്ച്എം എന്നിവരുടെ സഹകരണത്തോടെ എല്ലാ ഞായറാഴ്ചകളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ബുധന്‍, ശനി ദിവസങ്ങളില്‍ കാക്കനാട് റീജന്‍സിയിലും 200 രൂപ സ്റ്റൈപ്പന്റോടെ പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്കൂളിലേക്ക് ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികള്‍ക്ക് ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു.
എറണാകുളം ഗവ.ഗേള്‍സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ജുനൈദ് റഹ്മാന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ഡി.മുരളി, അമൃത സ്കൂള്‍ ഓഫ് ഡെന്റല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ബാലഗോപാല്‍ വര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: