പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ഭരണപക്ഷ അംഗവും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ കെ.കെ.ഷാജഹാന് അഴിമതി നടത്തിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കുന്നു. 2001-2002 കാലയളവില്‍ നിര്‍മ്മിച്ച കുതിരപ്പറമ്പ്-നോര്‍ത്ത് എഴിപ്രം റോഡ് നിര്‍മാണത്തില്‍ ഷാജഹാന് അഴിമതിനടത്തിയതാണ് പ്രതിഷേധത്തിന് വഴിവക്കുന്നത്. ഇതിന് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. റോഡിന് വേണ്ടി സ്ഥലം വിട്ടുനല്‍കിയവരെയും, യഥാര്‍ത്ഥ ഗുണഭോക്താക്കളേയും ബോധപൂര്‍വ്വം വികസനസമിതിയില്‍ നിന്നും ഒഴിവാക്കിയതായും ഇയാളുടെ പാര്‍ട്ടിക്കാരെയും കുടുംബാംഗങ്ങളെയും ഗുണഭോക്താക്കളാക്കി അടുത്ത കണ്വീനറുമാക്കുകയായിരുന്നു വെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. വന്‍ അഴമതി ലക്ഷ്യം വച്ചാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നതിന് ഇതിലും തെളിവ് വേണ്ടന്നാണ് ജനസംസാരം.
സാമ്പത്തിക നേട്ടത്തിനും, രാഷ്ട്രീയ ലാഭത്തിനും മാത്രമായി ഇത്തരമൊരു ഗുണഭോക്തൃ സമിതിയുണ്ടാക്കി ഭരണസ്വാധീനം ദുര്‍വിനിയോഗം ചെയ്ത ഈ ഗ്രാമപഞ്ചായത്തംഗം രാജിവയ്ക്കണമെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിക്കുന്നു. ഇയാള്‍ മോണിറ്ററിംഗ് കമ്മറ്റിയില്‍ സ്വാധീനം ചെലുത്തി കൃത്യവിലോപം നടത്തുകയും പണിപൂര്‍ത്തീകരിക്കാത്ത റോഡിന്റെ പണിപൂര്‍ത്തിയായതായി കാണിച്ച് പ്രസിഡന്റിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും, ഇതുവഴി ബില്ല് മാറിയെടുത്ത് പണം മുഴുവനും തട്ടിയെടുത്തതായും പ്രതിപക്ഷനേതാക്കള്‍ പറയുന്നു. ഇനിയും ഈ റോഡിന്റെ 200 മീറ്ററില്‍ അധികം ഭാഗം പണിപൂര്ത്തീകരിക്കാനുണ്ടെന്നും ഇക്കാര്യങ്ങളില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
സത്യപ്രതിജ്ഞാലംഘനം, സ്വജനപക്ഷപാതം, അഴിമതി എന്നിവക്ക് മാത്രമായി പഞ്ചായത്തംഗമായ മുസ്ലീംലീഗ് നേതാവ് കെ.എഫ്.ഷാജഹാന് രാജിവച്ച് ജനവിധി തേടണമെന്നും ഇതിനെതിരായ അഴിമതി വിരുദ്ധ സായാഹ്നസദസ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: