അഴിമതി ആരോപണങ്ങളാല്‍ മുങ്ങിക്കുളിച്ചു നില്‍ക്കവെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൊട്ടും അദ്ഭുതവും ആശ്ചര്യവുമില്ല. അഴിമതി നയവും പരിപാടിയുമായി അംഗീകരിച്ച കക്ഷിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. ഇത്രയും കാലം കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും ഘടകകക്ഷിക്കാരുമൊക്കെയാണ് ആരോപണങ്ങളില്‍ പെട്ട് അഴിക്കുള്ളിലായെങ്കില് ഇപ്പോഴിതാ പ്രധാനമന്ത്രി തന്നെ ആരോപണ ശരവലയത്തിലായിരിക്കുന്നു. ആ പ്രധാനമന്ത്രിയെ സംരക്ഷിക്കാനാണ് അടിയന്തരമായി പ്രവര്‍ത്തക സമിതി യോഗം കൂടിയത്. പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ നല്‍കാനും ആരോപണങ്ങള്‍ക്കെതിരായി പൊതുരംഗത്തിറങ്ങാനുമാണ് കോണ്‍ഗ്രസ് അധ്യക്ഷ നേതാക്കളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും ചക്കിക്കൊത്ത ചങ്കരന്മാരായി തീര്‍ന്ന സാഹചര്യത്തില്‍ മറിച്ചൊരു അഭിപ്രായം ഉയരില്ല. ഇത് 126 വര്‍ഷം പിന്നിട്ട ഒരു പാര്‍ട്ടിയുടെ അത്യന്തം ദയനീയമായ ഗതികേടാണ് കാണിക്കുന്നത്.
കല്‍ക്കരിപ്പാടങ്ങള്‍ നിയമാനുസൃതം ലേലംചെയ്യാതെ ഖാനത്തിനു വിട്ടുകൊടുത്തതു വഴി കേന്ദ്ര ഖജനാവിന് 10.7 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തി എന്നാണ് ആരോപണം. ഈ അഴിമതി സംബന്ധിച്ച അന്വേഷണത്തിന്റെ പരിധിയില്‍നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കിയുള്ള തീരുമാനം വന്ന പാടെയാണ് കോണ്‍ഗ്രസിന്റെ പിന്തുണ വാഗ്ദാനവും. ലേലം വിളിക്കാതെയും മാനദണ്ഡം പാലിക്കാതെയും കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതിലൂടെ നേട്ടമുണ്ടാക്കിയ സ്വകാര്യ സ്ഥാപനങ്ങളെമാത്രം കേന്ദ്രീകരിച്ചാകും അന്വേഷണമെന്നാണ് സിബിഐ നിലപാട്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ കേന്ദ്ര വിജിലന്‍സ് കമീഷന് നല്കിയ പരാതി പരിഗണിച്ചാണ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന 2004-09 കാലഘട്ടത്തില്‍ അനുവദിച്ച 155 കല്‍ക്കരി ബ്ലോക്കുകളുടെ ലേലമാണ് വിവാദമായത്. കമ്പ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്കണക്കാക്കിയിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2ജി സ്പെക്ട്രം ഇടപാടിലെ അഴിമതി 1.76 ലക്ഷം കോടി രൂപയുടേതാണ്. ടെലികോം മന്ത്രിയായിരുന്ന എ രാജയെ ഇതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തു. എന്നാല്‍, 10.67 ലക്ഷം കോടിയുടെ അഴിമതിയില്‍ ബന്ധപ്പെട്ട വകുപ്പ് കൈകാര്യംചെയ്തിരുന്ന പ്രധാനമന്ത്രിക്കെതിരെ അന്വേഷണംപോലും നടത്താന്‍ തയ്യാറാകുന്നില്ല. അണ്ണാ ഹസാരെ സംഘം ആവശ്യപ്പെട്ടത് സത്യസന്ധരും ജനങ്ങള്‍ക്ക് വിശ്വാസമുള്ളവരുമായ റിട്ടയേഡ് ജഡ്ജിമാരടങ്ങുന്ന മൂന്നംഗ സംഘം കല്‍ക്കരി അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ്. എന്നാല്‍ സിബിഐ അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതും പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ട്.
‘പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫ് കോള്‍ ബ്ലോക്ക് അലോക്കേഷന്‍സ്’ എന്ന പേരില്‍ സിഎജി പുറത്തിറക്കിയ കരട് റിപ്പോര്‍ട്ടിലാണ് കേന്ദ്രഖജനാവിന് 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ വിവരം പുറത്തുവന്നത്. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചുകിട്ടിയ 155 സ്ഥാപനങ്ങളില്‍ നൂറെണ്ണവും സ്വകാര്യ സ്ഥാപനങ്ങളാണ്. കുറെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബ്ലോക്കുകള്‍ കിട്ടി. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലംവിളിക്കുന്നവര്‍ക്ക് ബ്ലോക്കുകള്‍ അനുവദിക്കുന്നതിനു പകരം നിസ്സാര തുക നിശ്ചയിച്ച് ഏകപക്ഷീയമായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുകയായിരുന്നു. അമ്പതുവര്‍ഷം ഒന്നര ലക്ഷം മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മതിയാകുന്ന 3316.9 കോടി ടണ്‍ കല്‍ക്കരിയാണ് നിസ്സാര വിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ടാറ്റ, ആദിത്യ ബിര്‍ള, ജിന്‍ഡാല്‍, അനില്‍ അഗര്‍വാള്‍ ഗ്രൂപ്പ്, ഭൂഷണ് പവര്‍ ആന്‍ഡ് സ്റ്റീല്‍, ജയ്സ്വാള്‍ നിക്കോ, നാഗ്പുരിലെ അഭിജിത് ഗ്രൂപ്പ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളാണ് ഏറ്റവും സാമ്പത്തിക നേട്ടം ഉണ്ടാക്കിയത്. കോള്‍ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന കല്‍ക്കരി ഖാനനം ഉപ കരാറുകളിലൂടെ സ്വകാര്യ മേഖലയ്ക്ക് നേട്ടമുണ്ടാക്കാന്‍ പാകത്തിലാണ് നടത്തുന്നത്. ഒരു ടണ്‍ കല്‍ക്കരി ഖാനനംചെയ്തെന്ന് കണക്കില്‍ കാണിക്കുകയും അതിന്റെ ഇരട്ടിയിലധികം ഖാനനം ചെയ്ത് പുറത്ത് വില്‍ക്കുകയുംചെയ്യുന്ന ഉപ കരാറുകാരുടെ അഴിമതിയും യുപിഎ സര്‍ക്കാരിനു കീഴില്‍ തഴച്ചുവളരുകയാണ്. അതിന് ജയജയ പാടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചെയ്തിരിക്കുന്നത്.
ബിജെപി മാത്രമല്ല അഴിമതി നിര്‍മാര്‍ജനത്തിനായി ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രത്യക്ഷ സമരത്തിനിറങ്ങിയ സാമൂഹ്യ സംഘടനകളും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് മുറവിളി കൂട്ടുന്നുണ്ട്. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കാമെന്ന് മന്‍മോഹന്‍സിംഗ് അവകാശപ്പെട്ടെങ്കിലും അന്വേഷണമില്ലാതെ മന്മോഹന് ക്ലീന്‍ചിറ്റ് നല്‍കാനാവില്ലെന്ന് ഹസാരെ സംഘം വ്യക്തമാക്കി. കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍നിന്നും സിബിഐക്ക് കേസന്വേഷണം വിട്ടുകൊടുക്കാനുള്ള തീരുമാനം പ്രധാനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്കുന്നതിനുവേണ്ടിയാണ്. ഒരു പ്രധാനമന്ത്രിക്കെതിരെ കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കുന്നതെങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്.
കല്‍ക്കരിപ്പാടങ്ങള്‍ പൊതു, സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതിലെ അഴിമതി സംബന്ധിച്ച് അന്വേഷിക്കാനാണ് സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചതില്‍ പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹസാരെ സംഘം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കാനില്ലെന്നു പറയാറുണ്ട്. മടിയില്‍ കനമുള്ളതു കൊണ്ടാണ് ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്ന വാശി കോണ്‍ഗ്രസ് വച്ചു പുലര്‍ത്തുന്നത്. സിഎജിയുടെ അനുമതി കൂടാതെ കല്‍ക്കരിപ്പാടങ്ങള്‍ ഖാനനത്തിന് അനുവദിച്ചുകൊടുക്കരുതെന്നും സ്വകാര്യ വ്യക്തികള്‍ അനധികൃത ലാഭത്തിന് വേണ്ടി ഇത് ഉപയോഗിക്കുമെന്നും കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഇതുസംബന്ധിച്ച വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. കല്‍ക്കരിക്കുണ്ടായ വന്‍ ഡിമാന്റാണ് കല്‍ക്കരി ഖാനനം കൂടുതലായി അനുവദിക്കേണ്ടിവന്നതെന്ന കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേസില്‍ പ്രധാനമന്ത്രി കുറ്റവിമുക്തനാണെങ്കില്‍ സ്വതന്ത്ര അന്വേഷണത്തെ അദ്ദേഹം ഭയപ്പെടുമായിരുന്നില്ല. 12 വര്‍ഷത്തിനുള്ളില്‍ 75 ഖാനനാനുമതികള് നല്കിയ സ്ഥാനത്ത് മൂന്ന് വര്‍ഷ കാലയളവില്‍ 145 കല്‍ക്കരിപ്പാടങ്ങളാണ് അനധികൃതമായി അനുവദിക്കപ്പെട്ടതിനു പിന്നില്‍ തീവെട്ടിക്കൊള്ളയാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനെ വെള്ള പൂശാന്‍ ഇപ്പോള്‍ വിയര്‍പ്പൊഴുക്കുന്ന കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: