പള്ളുരുത്തി: പള്ളുരുത്തി നമ്പ്യാപുരം റോഡിനേയും എസ്ഡിപിവൈ റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിനുസമീപം കാനയില്‍ കഴിഞ്ഞ ദിവസം മനുഷ്യന്റെ അസ്ഥികളും തലയോട്ടികളും കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. വര്‍ഷങ്ങളായി ശുചീകരിക്കാത്ത കാനയില്‍ കഴിഞ്ഞ ദിവസമാണ് ശുചീകരണം നടന്നത്. തലയോട്ടിയുടെയും, കാലുകളുടേയും അസ്ഥിയുടെഭാഗങ്ങളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. തലയോട്ടി ശ്മശാനങ്ങളില്‍നിന്നും മാനിസികരോഗികളായ ആരെങ്കിലും എടുത്തുകൊണ്ടുവന്നിട്ടതാണെന്നാണ് പോലീസ് ഭാക്ഷ്യം. എന്നാല്‍ കാലുകളുടെ അസ്ഥികളും, എല്ലുകളുടെ ഭാഗങ്ങളും ഒരു മനുഷ്യശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ ചിലതാണെന്നാണ് അനുമാനിക്കേണ്ടത്. ഒരു മാനസികരോഗിയുടെ വിഭ്രാന്തിയില്‍ തോന്നാവുന്ന കാര്യങ്ങളല്ല ഇവിടെനടന്നിരിക്കുന്നതെന്നും നിലവിലെ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്. വളരെ ആഴമുള്ളകാനയില് അടിഭാഗം ചെളി നിറഞ്ഞുകിടക്കുകയാണ്. ഒരാള്‍ ശക്തിയായിവീണു പോയാല്‍ ചെളിയില്പുതഞ്ഞു പോകാനും സാദ്ധ്യതയുണ്ട്. എന്നാല്‍ ഈവഴിക്കൊന്നും അന്വേഷണം നീക്കാതെ സാധാരണസംഭവമായി ഇതിനെ മാറ്റാനാണ് പോലീസ് നീക്കം. സംഭവത്തിനുപിന്നിലെ ദുരൂഹതകള്‍ പുറത്തുവരണമെന്ന് പൊതുജനവും ആഗ്രഹിക്കുന്നുണ്ട്. തലയോട്ടിയും, അസ്ഥിയുടെ ഭാഗങ്ങളും പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക്ക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. അസ്ഥിയുടെ ഭാഗങ്ങള്‍ സ്ത്രീയുടേതോ, പുരുഷന്റേതോ എന്ന് തെളിയേണ്ടതായിട്ടുണ്ട്. തലയോട്ടിയുടെ പഴക്കം കൃത്യമായി കണക്കാക്കണം. ഇതെല്ലാം ഫോറന്‍സിക്ക് ലാബിലെ പരിശോധനയ്ക്കുശേഷം മാത്രമേ തീരുമാനത്തിലെത്താനാവൂ. സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ നടന്നിട്ടുള്ള മാന്‍മിസ്സിംഗ് കേസുകളെപ്പറ്റിയും വിശദമായ അന്വേഷണം ആവശ്യമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. സമീപത്തെ ബാറില്‍ നിന്നും വരുന്ന മദ്യപന്മാര് കാനയില്‍ വീണതാവാമെന്ന വാദവും നാട്ടുകാര്‍ ഉയര്‍ത്തുന്നു. എന്തൊക്കെയായാലും സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: