ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഉമര്‍ ഗുല്ലിന്റെ വസതിയില്‍ പാക് സൈനികര്‍ റെയ്ഡ് നടത്തി. ഭീകരര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ ഗുല്ലിന്റെ സഹോദരന് മേരജിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവും ഭീകര സംഘടനയായ ലഷ്കര്‍ ഇ ഇസ്ലാമിന്റെ സജീവ പ്രവര്‍ത്തകനുമായ ഹാജി ദിലിക്ക് സംരക്ഷണം നല്‍കിയതിന്റെ പേരിലാണ് അറസ്റ്റെന്ന് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേരജിനെ കൂടാതെ യൂനസ്, ഷക്കീല്‍ എന്നീ രണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. ഖൈബര്‍ ഗോത്രമേഖലയിലെ ബാര പ്രദേശത്ത് വച്ച് സായുധ സേനയുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഹാജി പെഷവാറിലേക്ക് പോവുകയും അവിടെ മേരജിനൊപ്പം ദിവസങ്ങളോളം താമസിക്കുകയുമായിരുന്നുവെന്ന് പോലീസ് അധികൃതര്‍ പറയുന്നു.
ഗുല്ലിന്റെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കിലെ ജീവനക്കാരാണ് പിടിയിലായ യൂസഫും ഷക്കീലും. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഗുല്ലിന്റെ കുടുംബം തയ്യാറായിട്ടില്ല. തെറ്റിദ്ധാരണയുടെ പേരിലാണ് ക്ലിനിക്കില്‍ റെയ്ഡ് നടത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്ഷമ ചോദിച്ചതായും മേരജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: