മടിക്കൈ: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മോഷണക്കുറ്റം ചുമത്തി യുവാവിനെ തലക്കടിച്ച് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അടുക്കത്ത്പറമ്പിലെ കാഞ്ഞിരവളപ്പ് വേണു(4൦)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിച്ചു കൊന്നത് രണ്ടംഗസംഘമാണെന്ന് പോലീസ് വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഒമ്പതര മണിയോടെ അടുക്കത്ത്പറമ്പ് റോഡ് ജംഗ്ഷനിലാണ് വേണു കൊല്ലപ്പെട്ടത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ വേണു നീലേശ്വരം പോലീസ് സ്റ്റേഷനിലെ കേഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. തിങ്കളാഴ്ച സന്ധ്യയോടെ കഞ്ചാവ് കേസിലെ പ്രതിയായ പള്ളിക്കരയിലെ അബ്ദുള്ളയോടൊപ്പം വേണു അടുക്കത്ത്പറമ്പില്‍ എത്തിയിരുന്നു. അടുക്കത്ത്പറമ്പ് ബസ് ഷെല്‍ട്ടറില്‍ വെച്ച് ഒരുസംഘം ആളുകളും വേണുവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി പറയുന്നു. അടുക്കത്ത്പറമ്പിലെ ഒരു ക്ഷേത്രത്തിണ്റ്റെ ഭണ്ഡാരം മോഷണം പോയിരുന്നു. അതില്‍ വേണുവിനെ നാട്ടുകാര്‍ സംശയിച്ചിരുന്നു. അതാണ് തര്‍ക്കത്തിനും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. തര്‍ക്കത്തിന് ശേഷം വേണുവും അബ്ദുള്ളയും സ്ഥലം വിട്ടിരുന്നു. അല്‍പ്പം കഴിഞ്ഞ് രണ്ടുപേര്‍ അന്വേഷിച്ച് വേണുവിണ്റ്റെ വീട്ടിലേക്ക് പോയിരുന്നു. വേണു വീട്ടില്‍ ഇല്ലെന്ന് അറിഞ്ഞതോടെ ഇരുവരും റോഡ് ജംഗ്ഷനിലേക്ക് മടങ്ങുന്നതിനിടയില്‍ വഴിവക്കില്‍ വേണുവിനെ കണ്ടുമുട്ടുകയും തടഞ്ഞുനിര്‍ത്തി വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. റോഡില്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്ന വേണുവിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ആദ്യം മെനക്കെട്ടില്ല. പോലീസ് എത്തിയാണ് വേണുവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവ സ്ഥലത്ത് മൊബൈല്‍ ഫോണിണ്റ്റെ ബാറ്ററിയും രണ്ട് വാച്ചുകളും കിടന്നിരുന്നു. ഈ വാച്ചുകള്‍ വില പിടിപ്പുള്ളതാണെന്ന് പോലീസ് പറഞ്ഞു. ഇവ മോഷ്ടിച്ചതാകാമെന്നാണ് പോലീസിണ്റ്റെ സംശയം. വേണുവിനെ തലക്കടിച്ച് വീഴ്ത്തിയ രണ്ടംഗസംഘത്തെ പോലീസ് അന്വേഷിച്ചുവരുന്നു. നീലേശ്വരം സിഐ സി കെ സുനില്‍കുമാര്‍, എസ്ഐ സനില്‍കുമാര്‍, അഡി.എസ്ഐ ഇ വി രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: